ADVERTISEMENT

കൊച്ചി∙ മരടിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്ലാറ്റുകൾ പൊളിക്കാനുള്ള കരാർ രണ്ടു കമ്പനികൾക്കായി നൽകുമെന്നു മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്. സമയക്രമം അനുസരിച്ചു തന്നെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർക്കുന്നതിനായി ആറുമണിക്കൂർ നേരത്തേക്കു പരിസരത്തുള്ളവരെ ഒഴിപ്പിക്കും. സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുമ്പോൾ 50 മീറ്റർ ചുറ്റളവിലേയ്ക്കു മാത്രമേ പൊടി വ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള കരാർ ഏറ്റെടുക്കാൻ തയാറായി മുന്നോട്ടു വന്നിട്ടുള്ള ആറു കമ്പനികളുമായി ഇതിനകം ചർച്ച നടത്തി. ഒമ്പതാം തീയതിക്കുള്ളിൽ പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിച്ച് നോട്ടിസ് നൽകും. ബന്ധപ്പെട്ട എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഈ ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിനു കൈമാറും. കമ്മിറ്റിയുടെ സാങ്കേതിക പഠന റിപ്പോർട്ടു കൂടി പരിഗണിച്ച ശേഷം സെലക്ഷൻ കമ്മിറ്റിയുടെ കൂടെ തീരുമാനം അനുസരിച്ചായിരിക്കും ഫ്ലാറ്റ് പൊളിക്കുക്കുന്നതിനുള്ള കമ്പനികളെ തീരുമാനിക്കുകയെന്നും സ്നേഹിൽ കുമാർ പറഞ്ഞു.

ഫ്ലാറ്റുകളിൽ നിന്നുള്ള പുനരുപയോഗിക്കാവുന്ന സാധനങ്ങളുടെ കണക്കെടുപ്പ് മൂന്നു ദിവസത്തിനകം പൂർത്തിയാക്കുന്നതിനും പ്രദേശവാസികൾക്കു പൊളിക്കൽ സംബന്ധിച്ച മുന്നറിയിപ്പു നോട്ടിസ് നൽകാനും റവന്യു ഉദ്യോഗസ്ഥർക്കു ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. കെട്ടിടം തകർക്കുമ്പോൾ ചുറ്റുമുള്ള കെട്ടിടങ്ങളുടെ സുരക്ഷയും എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ പരിഹരിക്കുന്നതു സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭയെ സമീപിച്ചിരുന്നു.

അതിനിടെ ഫ്ലാറ്റുകളിൽ നിന്ന് ഉടമകൾ സാധനങ്ങൾ മാറ്റുന്നത് തുടരുകയാണ്. അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായി 140 ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ കണ്ടെത്താനായിട്ടില്ല. ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ളവർക്കു മാത്രമെ സുപ്രീം കോടതി നിർദേശിച്ച നഷ്ടപരിഹാര തുക നൽകുന്നതിനുള്ള പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ. കൈമാറിയിട്ടില്ലാത്ത ഫ്ലാറ്റുകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു സുപ്രീം കോടതി നിയോഗിച്ച സമിതി തീരുമാനം എടുക്കട്ടെ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com