ADVERTISEMENT

കൊച്ചി∙ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് ഫെഫ്ക. ഇരുവരും തമ്മിലുണ്ടായ തർക്കം പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ബിനീഷ് ബാസ്റ്റിനെയും അനിൽ രാധാകൃഷ്ണ മേനോനെയും ഒരുമിച്ചിരുത്തിയായിരുന്നു ഫെഫ്കയുടെ വാർത്താ സമ്മേളനം. 

ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണ മേനോൻ പ്രശ്നത്തിൽ ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇരുവരുമായും ഫെഫ്ക പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യം അറിയിച്ചത്. ജാതീയമായ ഒരു രാഷ്ട്രീയവും അതിവായനയും ഈ വിഷയത്തിൽ ആരോപിക്കപ്പെടുകയായിരുന്നു. അത്തരത്തിലൊരു തലം ഇതിൽ ഉണ്ടായിട്ടില്ലെന്ന് ഇന്നു നടന്ന ചർച്ചയിലും സംഘടനയ്ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ചു. ജൂനിയർ, സീനിയർ പ്രശ്നത്തെ ജാതീയമായി വ്യാഖ്യാനിച്ചതാണ് ഇവിടെ സംഭവിച്ചതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

നാലു ദിവസം മുമ്പ് പാലക്കാട് ഗവൺമെന്റ് കോളജിൽ നടന്ന പരിപാടിയിലേക്കു ക്ഷണിക്കപ്പെട്ട ബിനീഷിന് അപമാനം നേരിട്ട സംഭവത്തിൽ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക മുൻകൈ എടുത്താണ് ഇരുവരെയും ചർച്ചയ്ക്കു വിളിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്നം സംസാരിച്ച് പരിഹരിക്കുകയായിരുന്നു. അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷിനെ ജാതീയമായ അപമാനത്തിന് ഇരയാക്കി എന്ന വ്യാഖ്യാനത്തിൽ കഴമ്പില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രണ്ടുപേർക്കും  അത് ബോധ്യപ്പെട്ടതായി ഫെഫ്ക പ്രതിനിധികൾ വ്യക്തമാക്കി.

എന്നാൽ അനിലിന്റെ ഭാഗത്തുനിന്നുണ്ടായെന്നു പറയുന്ന പരാമർശം വ്യക്തമല്ലാത്തതിനാൽ 15 മിനിറ്റു നീണ്ട ചർച്ചയിൽ അക്കാര്യം ചർച്ച ചെയ്തില്ല.  അതുപോലെ അനിൽ രാധാകൃഷ്ണൻ മാപ്പു പറയണമെന്ന ആവശ്യം ബിനീഷ് ചർച്ചയിൽ ഉയർത്തിയില്ല എന്നാണ് അറിയുന്നത്. ഇരുവരും മുമ്പുണ്ടായിരുന്ന സൗഹൃദം തുടരുമെന്നു ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അനിലിന്റെ സിനിമകളിൽ അഭിനയിക്കില്ല എന്ന എന്ന നിലപാടിൽ മാറ്റമില്ല എന്ന് ബിനീഷ് വ്യക്തമാക്കി. മാനസികമായി ഏറെ വേദനിപ്പിച്ച സംഭവമായതിനാലാണ് തീരുമാനമെന്നും ബിനീഷ് ആവർത്തിച്ചു. പോകും മുമ്പ് അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷിനെ ആലിംഗനം ചെയ്തു. അതേ സമയം തന്റെ സിനിമികളിൽ ബിനിഷിനെ അഭിനയിപ്പിക്കുന്നതിൽ തടസ്സമില്ല എന്ന് അനിൽ രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.  

കോളജിലെ സംഭവം ഏറെ ദുഃഖിപ്പിച്ചെന്നും വിഷയം പോസ്റ്റ് മോർട്ടം  ചെയ്യാനില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് അംഗങ്ങളെ താക്കീത് ചെയ്തിട്ടുണ്ട്. കമ്മറ്റിയുടെ പരിഗണനയിലിരുന്ന വിഷയം അംഗങ്ങൾ സ്വയം കൈകാര്യം ചെയ്തതു ശരിയായില്ലെന്നും ഫെഫ്ക നിരീക്ഷിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com