ADVERTISEMENT

ചണ്ഡിഗഡ് ∙ ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ ഹര്‍സിംഗ്പുരയില്‍  50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരി മരിച്ചു. 16 മണിക്കൂറിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. എന്‍ഡിആര്‍എഫ് സംഘം പത്തു മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം നടത്തി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പുറത്തെത്തിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഞായറാഴ്ച വൈകിട്ട് ഗറൗണ്ടയിലെ വീടിനടുത്തുള്ള വയലില്‍ കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറില്‍ വീണ കാര്യം അറിയുന്നത്. ഉടന്‍ തന്നെ ജില്ലാഭരണകൂടത്തെയും പൊലീസിനെയും അറിയിക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് എന്‍ഡിആര്‍എഫിനെയും അറിയിച്ചു.

കുഴല്‍ക്കിണറിനകത്തേക്ക് ഓക്‌സിജന്‍ എത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ക്യാമറയിലൂടെ കുട്ടിയുടെ കാല്‍ കണ്ടു. കുട്ടി പേടിക്കാതിരിക്കാനായി മാതാപിതാക്കളുടെ ശബ്ദത്തില്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 29ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസ്സുകാരന്‍ സുജിത്ത് വില്‍സന്‍ മരിച്ചിരുന്നു. 68 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ജൂലൈയില്‍, പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ രണ്ടുവയസുകാരന്‍ ഫത്തേവീര്‍ സിങ് കുഴല്‍ക്കിണറില്‍ വീണ് മരിച്ചിരുന്നു. നാലു ദിവസത്തിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മാര്‍ച്ചില്‍ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ കുഴല്‍കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 2006 ല്‍ കുരുക്ഷേത്രയില്‍ കുഴല്‍കിണറില്‍ അകപ്പെട്ട അഞ്ചുവയസ്സുകാരന്‍ രാജകുമാരനെ 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ സുരക്ഷിതമായി പുറത്തെടുത്തിരുന്നു.

English Summary:  Five year old girl dies after falling into 50-feet deep borewell in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com