ADVERTISEMENT

പത്തനംതിട്ട∙ ‘‘ഞാൻ എവിടെയാണ് എന്റെ ഈ കംപ്ലയിന്റ് പറയേണ്ടത്.’’ – കിട്ടാനുള്ള ആനുകൂല്യം തേടി സർക്കാരിനോട് പരാതി പറഞ്ഞു മടുത്ത മുൻ ജില്ലാ ജഡ്ജിയും പൊലീസ് കംപ്ലൈയിന്റ് അതോറിറ്റി ചെയർമാനുമായിരുന്ന കോട്ടയം സ്വദേശി കെ.സി. ജോർജിന്റെ ചോദ്യമാണിത്. തനിക്ക് തരാനുള്ള ആനൂകൂല്യം തേടി സർക്കാരിന് 41 കത്താണ് ഇതുവരെ അയച്ചത്. ഒന്നിനും മറുപടിയില്ല.

ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി (ഡിപിസിഎ) ചെയർമാനായിരിക്കെ വാഹനത്തിനും ഇന്ധനത്തിനും ഡ്രൈവർക്കുമായി ചെലവഴിച്ച നാലു ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ റിട്ട. ജഡ്ജി സർക്കാരിന് അയച്ചത് 41 കത്ത്. സ്ഥാനമൊഴിഞ്ഞ് അഞ്ചു മാസമായിട്ടും കത്തിന് മറുപടി പോലുമില്ല. ഹൈക്കോടതി മുൻ റജിസ്ട്രാർ കൂടിയായ കെ.സി. ജോർജ് സ്വന്തം പോക്കറ്റിൽ നിന്ന് സർക്കാരിനുവേണ്ടി ചെലവഴിച്ച പണത്തിനായാണ് കാത്തിരിപ്പ് തുടരുന്നത്. ആറു ജില്ലകളിൽ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ചുമതല വഹിച്ച ഇദ്ദേഹം ഈ ജില്ലകളിൽ നിരന്തരം സിറ്റിങ് നടത്തിയിരുന്നു. ഇതിനായി വണ്ടിക്ക് ഇന്ധനം അടിച്ച് ഓടിയതിന്റെ പണം പോലും തിരിച്ചു കിട്ടിയില്ല.

2013 മേയ് 15 മുതൽ 2019 മേയ് 14 വരെ രണ്ടു ടേമിലായി മൂന്നു വർഷം വീതമാണ് ജോർജ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളുൾപ്പെടുന്ന ദക്ഷിണമേഖലയുടെ ജില്ലാതല പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനായി പ്രവർത്തിച്ചത്. തെക്കൻ മേഖലയുടെ സെൻട്രൽ ഓഫിസായി കോട്ടയത്തെ നിശ്ചയിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ ഉത്തരവുണ്ടായെങ്കിലും പിരിയുന്നതുവരെ അധികം ജീവനക്കാരെ പോലും നിയമിച്ചില്ലെന്നും ജോർജ് പറയുന്നു. സിറ്റിങ് ആവശ്യങ്ങൾക്ക് ചെയർമാന് കാർ അനുവദിച്ചെങ്കിലും ഡ്രൈവറെ നൽകിയില്ല.

തുടർന്ന് സർക്കാരിന്റെ അറിവോടെതന്നെ സ്വന്തം നിലയ്ക്ക് ശമ്പളം കൊടുത്ത് ഡ്രൈവറെയും സ്റ്റെനോഗ്രഫറെയും നിയമിച്ചു. ബജറ്റിൽ സമയാസമയം ഫണ്ട് വകയിരുത്തിയെ‌ങ്കിലും ഡിപിസിഎക്ക് കിട്ടിയില്ല. വാഹനത്തിന്റെ ഇന്ധനം, സർവീസ് ചാർജ്, ഇൻഷുറൻസ്, ഡ്രൈവറുടെയും സ്റ്റെനോഗ്രഫറുടെയും ശമ്പളം എന്നീ ഇനങ്ങളിൽ സ്വന്തം പോക്കറ്റിൽ നിന്ന് 4,03,177 രൂപ ചെലവഴിച്ചു.

വിവിധ ജില്ലകളിൽ സിറ്റിങ് നടത്തിയതിന് ടിഎയും ലഭിച്ചില്ല. ആവശ്യമായ ഫണ്ടും ജീവനക്കാരെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി എന്നിവർക്കെല്ലാമായി 41 കത്തയച്ചെങ്കിലും ഒന്നിനു പോലും മറുപടി ലഭിച്ചില്ല. ഇതോടെ കത്തെഴുത്തും നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com