ADVERTISEMENT

കോട്ടയം∙ കേരള കോൺഗ്രസ് എം നേതാവ് പി.ജെ. ജോസഫിനെതിരെ സ്പീക്കർക്ക് ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത്. പാർലമെന്ററി പാർട്ടി ലീഡറായി ജോസഫിനെ അംഗീകരിക്കരുത്. ഏകപക്ഷീയമായാണ് ജോസഫിനെ തിര‍ഞ്ഞെടുത്തത്. മോന്‍സ് ജോസഫിനെ ചീഫ് വിപ്പായി അംഗീകരിക്കരുതെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു. ഡോ.എൻ. ജയരാജ് എംഎൽഎയാണ് കത്ത് നൽകിയത്.

പി.ജെ. ജോസഫ് വിളിച്ചു ചേർത്ത പാർലെമെന്ററി പാർട്ടി യോഗം ചട്ടങ്ങളുടെ പൂർണമായ ലംഘനവും   നിയമവിരുദ്ധവുമാണെന്ന് കത്തിൽ പറയുന്നു . ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാന് ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളത് ചെയർമാന്റെ സ്ഥിരം ഒഴിവാണ്.  സ്ഥിരം ഒഴിവുള്ളപ്പോൾ   വർക്കിംഗ് ചെയർമാന് ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ലെന്നും കത്തിൽ പറയുന്നു. 

കെ.എം. മാണിയുടെ വിയോഗത്താൽ  കേരള കോൺഗ്രസ് എമ്മിൽ പാർലെമെന്ററി പാർട്ടി ലീഡറുടെ ഒഴിവ്  നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തിരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിൻ എംഎൽഎയെ കേരള കോൺഗ്രസ് (എം) നിയമസഭാ വിപ്പായി തിരഞ്ഞെടുത്തത് ചെയർമാനായിരുന്ന കെ.എം മാണിയാണ്.  റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച്  യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബർ 19 ന്  പി ജെ ജോസഫ് ഇറക്കിയ നോട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ജോസ് കെ. മാണി എം പിയുമായി റോഷി അഗസ്റ്റിൻ എംഎൽഎക്കുള്ള ബന്ധത്തിലുള്ള അസഹിഷ്ണുത ഒന്നു കൊണ്ടു മാത്രമാണ് റോഷി അഗസ്റ്റിനെതിരെ പി.ജെ. ജോസഫ് ശത്രുതാപരമായ മനോഭാവം പിന്തുടരുന്നതെന്നും  കത്തിലുണ്ട്. പി.ജെ. ജോസഫ് വിളിച്ച യോഗം 1968 ലെ തിരഞ്ഞടുപ്പ് ചിഹ്നങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജോസഫിന്റെ തീരുമാനം നിയമസഭ അംഗീകരിക്കരുതെന്ന് എൻ. ജയരാജ് ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com