ADVERTISEMENT

ചണ്ഡിഗഡ്: പാക്കിസ്ഥാനില്‍ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന ജില്ലയില്‍ ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നരോവല്‍ ജില്ലയിലാണ് കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. മുരിഡ്‌കെ, ഷക്കര്‍ഗഡ് എന്നിവിടങ്ങളിലെ ഭീകരക്യാംപുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാണ് ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. 

ഇന്ത്യയിലെ പഞ്ചാബില്‍ ഗുരുദാസ്പുര്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയെ നരോവലിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. ഈ ഇടനാഴി തുറക്കുന്നതോടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ അത് ഉപയോഗപ്പെടുത്താന്‍ സാധത്യയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആശങ്ക. ഇടനാഴി തുറക്കുന്നതില്‍ പാക്കിസ്ഥാന്‍ കാട്ടിയ അമിത താല്‍പര്യവും സംശയത്തിനിടയാക്കിയിട്ടുണ്ട്. സിഖ് വികാരം ചൂഷണം ചെയ്ത് ഇന്ത്യയില്‍ ഖാലിസ്ഥാന്‍ അജണ്ട ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' എന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചുവരികയാണ്. 

ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറം നാലു കിലോമീറ്ററോളം പാക്ക് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യവിരുദ്ധ നടപടികളും ലഹരിമരുന്നു കടത്തും നടത്താന്‍ സാധ്യതയുണ്ടെന്നാണു കരുതുന്നത്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു നിരോധിക്കാന്‍ പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു. അടുത്തിടെ രാജസ്ഥാനിലെ ശ്രീഗംഗനഗര്‍ ജില്ലാ കലക്ടര്‍ പാക്ക് സിം ഉപയോഗിക്കുന്നതു നിരോധിച്ചിരുന്നു.

English Summary : Terror camps in district that houses Kartarpur gurdwara: Intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com