ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ മലയാളി യുവതിയുമുണ്ടെന്ന വാർത്തയ്ക്ക് ഒടുവിൽ സ്ഥിരീകരണം. എറണാകുളം വൈറ്റില സ്വദേശിനിയും കാസര്‍കോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദിന്റെ (39) ഭാര്യയുമായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും (32) കീഴടങ്ങിയവരിൽ ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥിരീകരിച്ചു. തോറബോറ പ്രവിശ്യയില്‍ ഐഎസിനെതിരെ യുഎസ്– അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിലാണ് ഇവർ കീഴടങ്ങിയത്. കീഴടങ്ങിയവർക്കിടയിൽ ആയിഷയും കുഞ്ഞും ഇരിക്കുന്ന ചിത്രം ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എന്‍ഐഎ അറിയിച്ചു.

എൻഐഎ പരസ്യപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ആയിഷയും ഇടംപിടിച്ചിരിക്കുന്നത്. ഇവർക്കും ഭർത്താവിനുമെതിരെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫിസിലും നിലവിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, ഭർത്താവ് ഇസ, മകൾ എന്നിവരും യുഎസ്– അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കീഴടങ്ങിയവരുടെ ഫോട്ടോയിൽ നിമിഷയുമുണ്ടെന്ന് അമ്മ ബിന്ദു സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് െകാല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചതോടെയാണ് ആയിഷയും മകളും എവിടെയെന്ന അന്വേഷണം ആരംഭിച്ചത്. മലയാളികളെ ഭീകര സംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്നത് റാഷിദായിരുന്നു. ഐഎസിൽ ചേർന്ന ആദ്യ മലയാളിസംഘത്തിന്റെ തലവനായിരുന്നു ഇയാൾ എന്നാണ് വിവരം.

2016 മേയിലാണ് റാഷിദും കുടുംബവും ഐഎസിൽ ചേരാൻ വീടു വിട്ടിറങ്ങിയത്. ഭാര്യ ആയിഷയും രണ്ടര വയസ്സുള്ള മകൾ സാറയും റാഷിദിനൊപ്പമുണ്ടായിരുന്നു. യുഎഇയിലെത്തി അവിടുന്ന് ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. വാട്സാപ്, ടെലഗ്രാം ആപ്പുകളിൽ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി ആളുകളെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു റാഷിദ്.

ഐഎസിൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ (ലോൺ വുൾഫ് അറ്റാക്) നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദ സന്ദേശം റാഷിദ് ഗ്രുപ്പൂകളിൽ പ്രചരിപ്പിച്ചിരുന്നു. ഇയാൾ പഠിച്ചതും വളർന്നതും ഒമാനിലാണ്. മസ്കറ്റിലെ സ്കൂൾ പഠനത്തിന് ശേഷം ബിടെക് പഠിക്കാൻ കോട്ടയം ജില്ലയിലെ പാലായിലെത്തി.

യൂണിവേഴ്സിറ്റി കലോത്സവങ്ങൾക്കിടെയാണ് എറണാകുളത്തു പഠിക്കുന്ന സോണിയ സെബാസ്റ്റ്യനെ പരിചയപ്പെടുന്നത്. പഠനം പൂർത്തിയായ ശേഷം റാഷിദ് ദുബായിൽ ജോലിക്കു പോയി. സോണിയ ബെംഗളുരുവിൽ എംബിഎ പഠനത്തിനും ചേർന്നു. ഇവരുടെ പ്രണയബന്ധം ശക്തമായത് ഇക്കാലയളവിലാണ്. .

എംബിഎ പൂർത്തിയാകുമ്പോഴേക്കും സോണിയ ഇസ്‌ലാം വിശ്വാസം സ്വീകരിച്ചു. പിന്നാലെ തൃക്കരിപ്പൂരിലുള്ള  സ്കൂളിൽ അധ്യാപികയായി. ദുബായിലുള്ള ജോലി വിട്ട് റാഷിദും സ്കൂളിലെത്തി. അധ്യാപകനായി തുടങ്ങി, പിന്നീട് അധ്യാപകരുടെ പരിശീലകനായി. സ്കൂളിലുണ്ടായിരുന്നപ്പോഴാണ് ഐഎസ് ആശയങ്ങളോട് ഇയാൾ ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

സ്കൂളിൽ വച്ചു പരിചയപ്പെട്ട ബിഹാർ സ്വദേശിനി യാസ്മിനെയും റാഷിദ് വിവാഹം ചെയ്തു. കാസർകോട്ടുനിന്ന് പതിനഞ്ചു പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത് സംഭവത്തിൽ ഏഴു വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ് യാസ്മിൻ ഇപ്പോൾ. കേരളത്തിൽ ചാവേർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കറിനും റാഷിദുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

English Summary: Kerala: Islamic State cadres’ surrender in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com