ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജ് ഹോസ്റ്റല്‍ െറയ്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്‍റെ ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ എംജി റോഡിലേക്ക് ഓടി നീങ്ങിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി റോഡ് ഉപരോധിച്ചു. ഗതാഗതം തടസപ്പെട്ടതോടെ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. യൂണിവേഴ്സിറ്റി കോളജ് ആക്രമണ കേസിലെ പ്രതി ഏട്ടപ്പന്‍ ഉള്‍പ്പെടെയുള്ളവർ മഹാരാജാസ് ഹോസ്റ്റലില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

മഹാരാജാസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കെഎസ്‌യു നേതാവുമായ അജാസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ പ്രതിഷേധം .എറണാകുളം ലോ കോളജിലും കെഎസ്‌യുവിന്റെ പ്രതിഷേധം അരങ്ങേറി. ക്രിമിനലുകൾ താവളമാക്കിയ ഇരു കോളജുകളുടെയും ഹോസ്റ്റലുകൾ പൊലീസ് റെയ്ഡ് ചെയ്യണമെന്നും മർദനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. 

ലോ കോളജിൽ രാവിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് രോഹിത് ഷാജിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. 24 മണിക്കൂറിനുള്ളിൽ അന്വേഷണ സമിതി രൂപീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്നും പ്രിൻസിപ്പൽ എഴുതി നൽകിയതിനെത്തുടർന്ന് ഒരു മണിക്കൂറോളം നീണ്ട ഉപരോധം അവസാനിപ്പിച്ചു.

ksu-march
കൊച്ചിയിൽ കെഎസ്‌യു മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

ക്രിമിനൽ സംഘമാണു ജില്ലയിൽ എസ്എഫ്ഐയ്ക്കു നേതൃത്വം കൊടുക്കുന്നതെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ആരോപിച്ചു. ക്വട്ടേഷൻ സംഘങ്ങളുടെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി സംസ്ഥാനത്തെ കലാലയങ്ങളെ എസ്എഫ്ഐ മാറ്റിക്കൊണ്ടിരിക്കുന്നു.  അജാസിനെ ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ച സംഭവം ഈ ആരോപണം ശരിവയ്ക്കുന്നു.  അജാസിനെ മർദിച്ച അർഷോം ഉൾപ്പെടെ പല കേസുകളിലെയും പ്രതികൾ ഇപ്പോഴും മഹാരാജാസ് ഹോസ്റ്റലിൽ സ്ഥിരം താമസക്കാർ ആണ്. യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ മർദിച്ച കേസിൽ പ്രതികളായവർ ഇവിടത്തെ നിത്യ സന്ദർശകരാണെന്നും അലോഷ്യസ് പറഞ്ഞു.

English Summary : KSU Protest in Kochi Turns Violent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com