ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ ഭാഗമായി ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചു. ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റി‌യുടെ 300 പേജുള്ള റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെയാണ് ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചത്. നിയമ, ഭരണഘടന വിദഗ്ധരാണ് കമ്മിറ്റിക്കു മുൻപാകെ മൊഴി നൽകുക. ഡെമോക്രാറ്റ് ആധിപത്യമുള്ള 41 അംഗ കമ്മിറ്റിക്കു മുൻപാകെ നാലിൽ മൂന്നു സാക്ഷികൾ പ്രസിഡന്റ് ട്രംപിനെതിരെ മൊഴി നൽകുമെന്നാണ് കരുതുന്നത്. റിപബ്ലിക്കൻ പ്രതിനിധികൾ വിളിച്ച ഒരു സാക്ഷി മാത്രമാകും ട്രംപിന് അനുകൂലമായി മൊഴി നൽകുക.

ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി ജെറി നാ‍ഡ്‌ലർ ആണ് കമ്മിറ്റി ചെയർമാൻ. ‘അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിന് അഭ്യർഥിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി തീർത്തും ഭരണഘടനാ വിരുദ്ധമാണ്. പ്രസിഡന്റിന്റെ ഓഫിസ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ട്രംപ് ഉപയോഗിച്ചു. പിടിക്കപ്പെട്ടപ്പോൾ, അന്വേഷണ നടത്തുന്നതിനും വിസ്സമ്മതിച്ചു’– ജെറി നാ‍ഡ്‌ലർ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ് പ്രസിഡന്റിന്റെ നടപടി. 2020 തിരഞ്ഞെടുപ്പിനു മുൻപു ഇതിനെതിരെ ശക്തമായി നടപടി ഉണ്ടാകുമെന്നും മൊഴിയെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് നാഡ്‌ലർ മാധ്യമങ്ങളോടു പറഞ്ഞു.

ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി നടത്തുന്ന ഇംപീച്ച്മെന്റ് മൊഴിയെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. വരുന്നുണ്ടോയെന്ന് അറിയിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടപ്പോഴാണ് അഭിഭാഷകനെപ്പോലും അയയ്ക്കുന്നില്ലെന്നു ട്രംപിന്റെ മറുപടി. നിഷ്പക്ഷതയില്ലാതെയും അടിസ്ഥാന നടപടിക്രമങ്ങൾ പാലിക്കാതെയുമാണു കമ്മിറ്റി മുന്നോട്ടുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയാണു വിട്ടുനിൽക്കുന്നത്.

ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ പ്രമേയം പാസാക്കിയാലും അദ്ദേഹത്തെ ഇംപീച്ച്മെന്റ് ചെയ്യാൻ സാധിക്കില്ല. പ്രമേയം സെനറ്റില്‍ ചർച്ച ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 5 വിചാരണയ്ക്കു ശേഷം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ ശിക്ഷ വിധിക്കാം. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റ് ആധിപത്യമാണെങ്കിലും സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷം.

അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജോ ബൈഡനെതിരെ യുക്രെയ്നിൽ അഴിമതിക്കേസും അന്വേഷണവും കൊണ്ടുവരാൻ ആ രാജ്യത്തെ പ്രസിഡന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കു കാരണമായത്.

English Summary: US House Judiciary Committee begins impeachment process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com