ADVERTISEMENT

തിരുവനന്തപുരം∙ ലോക്ഡൗണിൽ സംസ്ഥാന മന്ത്രിസഭ ഇളവുകൾ പ്രഖ്യാപിച്ചു. കേന്ദ്ര നിർദേശങ്ങൾ അനുസരിച്ചാണ് ഇളവുകൾ നൽകുന്നത്. രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് സർക്കാർ പ്രഖ്യാപിച്ച  മൂന്നാം മേഖലയിലും നാലാം മേഖലയിലും ഉൾപ്പെട്ട ജില്ലകളിൽ (തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട്, കോട്ടയം, ഇടുക്കി) 20ന്ശേഷം ഇളവുകൾ ബാധകമാകും. രണ്ടാം മേഖലയിലെ ജില്ലകളിൽ (പത്തനംതിട്ട, എറണാകുളം, കൊല്ലം) 24വരെ നിയന്ത്രണം തുടരും. 

ഒന്നാം മേഖലയിൽ ഉൾപ്പെട്ട കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കാട് ജില്ലകളിൽ മെയ് 3വരെ നിയന്ത്രണങ്ങൾ തുടരും. ഹോട്‌സ്പോട്ടുകളിൽ പ്രത്യേക നിയന്ത്രണം ഉണ്ടാകും. പൊതുവേ സംസ്ഥാനത്തിനു ബാധകമായ നിയന്ത്രണങ്ങൾ പഴയതുപോലെ തുടരും. പുറത്തിറങ്ങാൻ സത്യവാങ്മൂലം നൽകേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.  ഇപ്പോഴത്തെ നിലയിൽ സാധാരണ ജീവിതം കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമേ സാധ്യമാകൂ എന്നും മറ്റുള്ള ജില്ലകളിൽ പ്രശ്നങ്ങൾ ശേഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും എല്ലായിടത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

∙ നിർമാണ മേഖലയിലെ പ്രവൃത്തികൾക്ക് ഇളവ്. ഹോട്സ്പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാർഗ നിർദേശം അനുസരിച്ച് നിർമാണ മേഖലയിൽ പ്രവർത്തനം പുനരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധം. തൊഴിൽ ഉടമയാണ് ഇതു ചെയ്യേണ്ടത്.

∙ വ്യവസായ മേഖലയിൽ കേന്ദ്ര നിർദേശം അനുസരിച്ച് പ്രവർത്തനം ആരംഭിക്കും. കേരളത്തിൽ കയർ, കശുവണ്ടി, ഖാദി മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കും. ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാം. പ്രത്യേക എൻട്രി പോയിൻറുകൾ ഉണ്ടാകും. തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നിർബന്ധമാണ്. തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തണം. ജീവനക്കാർക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ 50% ആളുകളെ മാത്രമേ ഒരു സമയം പ്രവർത്തിപ്പിക്കാവൂ.

∙ റബ്ബർ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തനത്തിന് അനുമതി

∙ കാർഷികവൃത്തി കേന്ദ്ര മാനദണ്ഡം അനുസരിച്ച് അനുവദിക്കും. വിത്തിടാൻ പാടശേഖരം ഒരുക്കാനും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് മാർക്കറ്റിൽ എത്തിച്ച് വിൽപ്പന നടത്താനും അനുമതി. ഭക്ഷ്യ സംസ്കരണ യൂണിറ്റ്, ഓയിൽ മിൽ, ഫ്ലവർ മിൽ, വെളിച്ചെണ്ണ ഉൽപ്പാദന ഫാക്ടറിൽ‌ എന്നിവയ്ക്ക് പ്രവർത്തിക്കാം. കാർഷിക വിളകളുമായി ബന്ധപ്പെട്ട മൂല്യവർധിത യൂണിറ്റുകൾക്കും പ്രവർത്തിക്കാം. വളം, വിത്ത് വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകും.

∙ സഹകരണ സ്ഥാപനങ്ങൾ മിനിമം ജീവനക്കാരെവച്ച് പ്രവർത്തിക്കാം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിപ്പിക്കും. ജനങ്ങൾക്കുള്ള സേവനം മുടങ്ങാൻ അനുവദിക്കില്ല.

∙ 50% തൊഴിലാളികളുമായി തോട്ടങ്ങൾക്ക് പ്രവർത്തിക്കാം. കേന്ദ്രപട്ടികയിൽ ഏലത്തോട്ടത്തിനെയും ഉൾപ്പെടുത്തി.

∙ ആശുപത്രി, ലാബുകൾ, ക്ലിനിക്കുകൾ, ഫിസിയോ തെറാപ്പി കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും.

∙ തദ്ദേശ സ്വയംഭരണ അതിർത്തിയിൽ ടെലി മെഡിസിൻ സൗകര്യം ഉണ്ടാകും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ചുമതല. രോഗിയെ നേരിട്ട് കാണമെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വാഹനം ഉപയോഗിക്കാം. കൂടുതൽ രോഗികൾ ഉണ്ടെങ്കിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉപയോഗിക്കാം. ഇതിന് സ്വകാര്യ ആശുപത്രികളുടെ സേവനം തേടാം.

‌∙ ആയുർവേദ ,ഹോമിയോ ആശുപത്രികൾ, മരുന്നു കടകൾ തുറക്കാം.

∙ തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കും. കൂട്ടംകൂടാൻ അനുവദിക്കില്ല. ഒരു ടീമിൽ 5പേരേ പാടുള്ളൂ.

∙ ആയുർവേദ, ഹോമിയോ മരുന്ന് കമ്പനികൾക്ക് സുരക്ഷാ നിര്‍ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

∙ ബാർബർ ഷോപ്പുകൾ മെയ് 3വരെ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാം. എ.സി. പാടില്ല. 2പേരിൽ കൂടുതൽ ഷോപ്പിൽ കാത്തിരിക്കാൻ പാടില്ല.

∙ വാതിൽപടി സേവനം ചെയ്യുന്ന പ്ലംബർ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ടെക്നീഷ്യൻ എന്നിവർ ശാരീരിക അകലം പാലിക്കണം.

∙ മെയ് 3 വരെ അടച്ചിടേണ്ട സ്ഥാപനങ്ങൾ വൃത്തിയാക്കാനും ക്രമീകരണം നടത്താനും ഒരു ദിവസത്തേക്ക് അനുമതി.

∙ ഏപ്രിൽ 20ന്ശേഷം ഒറ്റഅക്കം, ഇരട്ട അക്കം എന്ന നിലയിൽ വാഹനങ്ങൾ ഓടാം. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും. വാഹനക്കച്ചവടക്കാരുടെ കയ്യിലുള്ള വാഹനങ്ങൾ സ്റ്റാർട്ടാക്കാൻ ഒരു ദിവസം അനുമതി. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന കടകൾ, പ്രൈവറ്റ് ബസുകൾ തുടങ്ങിയവർക്ക് ഈ അവസരം ഉപയോഗിക്കാം.

∙ ഓല, ഓട് മേഞ്ഞ വീടുകൾക്ക് അറ്റക്കുറ്റപ്പണിക്ക് അനുമതി.

∙ കിണറുകൾ വൃത്തിയാക്കാൻ അനുമതി.

∙ കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്ന് കശുവണ്ടി കൊല്ലത്ത് എത്തിക്കാൻ അനുമതി.

∙ മെയ് 15വരെ അംഗൻവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിലെത്തിക്കും.

∙ കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രവാസികൾക്ക് പ്രത്യേക സ്വർണപ്പണയ വായ്പാ പദ്ധതി. 3% പലിശയ്ക്ക് പരമാവധി 50,000 രൂപവരെ വായ്പ നൽകും. പ്രോസസിങ് ചാർജ് ഈടാക്കില്ല. വായ്പയുടെ കാലാവധി നാല് മാസം. 

English Summary: Covid lockdown chief minister announces relaxation for different sectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com