ADVERTISEMENT

ന്യൂയോർക്ക് സിറ്റി ആരോഗ്യ വകുപ്പ് മുൻ അസി. കമ്മിഷണർ ഡോ.ഫർസാദ് മോസ്റ്റഷാറി 2020 മാർച്ച് എട്ടിന് ഒരു ഗ്രാഫിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ന്യൂയോർക്കിൽ ഇൻഫ്ലുവൻസയ്ക്ക് സമാനമായ രോഗം (ഇൻഫ്ലുവൻസ ലൈക്ക് ഇൽനെസ്–ഐഎൽഐ) കുത്തനെ ഉയർന്നതിന്റെ ഗ്രാഫിക് ചിത്രമായിരുന്നു അത്. ന്യൂയോർക്കിലെ വിവിധ ആശുപത്രികളിൽനിന്നു ശേഖരിച്ച വിവരമായിരുന്നു ഗ്രാഫിൽ. ചുമയും പനിയുമായി ഒട്ടേറെ പേർ ആശുപത്രികളിലേക്ക് എത്തുന്നു. അടുത്തിടെ ഐഎൽഐ കുത്തനെ ഉയർന്നശേഷം പതിയെപ്പതിയെ കുറഞ്ഞുവരുന്ന സമയത്തായിരുന്നു മാർച്ച് 4-8 തീയതികളിലെ ഈ കുതിച്ചു കയറ്റം.

ന്യൂയോർക്കിൽ കൊറോണവൈറസ് വ്യാപനം ശക്തമായതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. എന്നാൽ അക്കാര്യം ഭരണകൂടം മനസ്സിലാക്കിയെടുക്കാൻ പിന്നെയും വൈകി. നിലവിൽ ആരോഗ്യ വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ഫർസാദാകട്ടെ ആ വിവരം മനസ്സിലാക്കിയത് 20 വർഷം മുൻപ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡേറ്റ ശേഖരണത്തിനായി ആരംഭിച്ച ഒരു സാധാരണ വെബ്സൈറ്റിൽനിന്നും!

ന്യൂയോർക്കിൽ ഏതെല്ലാം തരത്തിലുള്ള രോഗങ്ങളാണു പടരുന്നതെന്നറിയാൻ, എല്ലാ ആശുപത്രികളിലെയും ഡേറ്റ ശേഖരിക്കുന്നതായിരുന്നു ഫർസാദിന്റെ വെബ്സൈറ്റ്. 2000ത്തിൽ ആരോഗ്യവകുപ്പ് ആരംഭിച്ച ഈ വെബ്സൈറ്റിലേക്ക് ന്യൂയോര്‍ക്കിലെ ഓരോ ആശുപത്രിയിലുമെത്തുന്നവരുടെ രോഗലക്ഷണങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാനായിരുന്നു നിർദേശം. എല്ലാ ആശുപത്രി കാഷ്വാലിറ്റികളില്‍നിന്നുമുള്ള ഈ ഡേറ്റ ആർക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ളതായിരുന്നു. എന്നാൽ ആരാണു ചികിത്സയ്ക്കു വന്നതെന്നോ, അയാളുടെ വിലാസമോ വയസ്സോ യാതൊന്നും വെബ്സൈറ്റിലുണ്ടാകില്ല, തികച്ചും ‘അജ്ഞാതമായ’ രോഗവിവരങ്ങൾ മാത്രം. 

അതിനിടെ ഫർസാദ് സർക്കാർ സേവനം അവസാനിപ്പിച്ച് അലെഡേഡ് എന്ന സ്വകാര്യ കമ്പനി ആരംഭിച്ചു. അപ്പോഴും വെബ്സൈറ്റിലേക്ക് ആർക്കും ഉപയോഗപ്പെടുത്താകുന്നവിധം ഡേറ്റ എത്തിക്കൊണ്ടേയിരുന്നു. ആരോഗ്യ രംഗത്തായതിനാൽത്തന്നെ ന്യൂയോർക്കിലെ ‘രോഗ സ്പന്ദനങ്ങൾ’ ഫർസാദ് കൃത്യമായിആ വെബ്സൈറ്റിലൂടെ മനസ്സിലാക്കിയിരുന്നു. അതിനിടെയാണ് മാർച്ച് നാലിലെ അസാധാരണമായ ഐഎൽഐ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. അതു തുടരുന്നുണ്ടോയെന്ന് നാലു ദിവസം അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തു. വിഷയം ഗൗരവതരമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് അക്കാര്യം വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്: ‘ചുമയും പനിയും ഉൾപ്പെട്ട ഇൻഫ്ലുവൻസ് ലൈക്ക് ഇൽനെസ് ന്യൂയോർക്ക് സിറ്റിയിൽ കൂടുന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഭയക്കേണ്ടതാണോ ഇതെന്നറിയില്ല, അതോ ഫ്ലൂ വീണ്ടും തിരിച്ചെത്തിയതാണോയെന്നും വ്യക്തമല്ല. ഏതെല്ലാം പ്രായക്കാര്‍ക്കാണ് അസുഖമെന്നതും വ്യക്തമല്ല. പക്ഷേ ഇതിനൊരു ഉത്തരം ലഭിക്കേണ്ടത് അനിവാര്യമാണ്...’ എന്നായിരുന്നു ഗ്രാഫ് സഹിതമുള്ള ഫർസാദിന്റെ ട്വീറ്റ്. 

ആ സമയം ഏകദേശം 100 കോവിഡ് കേസ് മാത്രമേ ന്യൂയോർക്കിൽ സ്ഥിരീകരിച്ചിരുന്നുള്ളൂ. വാഷിങ്ടൻ ഉൾപ്പെടെ ഹോട്‌സ്പോട്ടായിരിക്കുമ്പോഴും ന്യൂയോർക്ക് സുരക്ഷിതമാണെന്നായിരുന്നു അധികൃതരുടെ വ്യാഖ്യാനം. ട്വിറ്ററിലെ തന്റെ ഫോളോവർമാരോട് ഫർസാദ് പറഞ്ഞത് പ്രശ്നത്തെ ഗൗരവമായി കാണണമെന്നായിരുന്നു. അല്ലെങ്കിൽ ഇപ്പോഴുള്ളതിന്റെ 20 മടങ്ങ് അധികം പേരിലേക്കു രോഗം പകരും. പക്ഷേ പിന്നെയും രണ്ടാഴ്ചയെടുത്തു കോവിഡ് ഭീതിയെത്തുടർന്ന് ന്യൂയോർക്ക് ലോക്ഡൗണിലേക്കു മാറാൻ. ഇന്നു കോവിഡ് മരണങ്ങൾക്കു മുന്നിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ‘ഒരിക്കലും ഉറങ്ങാത്ത നഗര’മെന്നു പേരെടുത്ത ന്യൂയോർക്ക്. ഡേറ്റ സഹിതം ആരോഗ്യ വിദഗ്ധർക്കു മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതിന്റെ തിരിച്ചടിയായും വിദഗ്ധർ ഇതിനെ വിലയിരുത്തുന്നു. 

ആരോഗ്യ മേഖലയിൽനിന്നുള്ള ഡേറ്റ എപ്രകാരം ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ഡോ.ഫർസാദിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വെബ്സൈറ്റ്. എന്നാൽ അതിലേക്കു വിവരങ്ങൾ നൽകുമ്പോൾ അദ്ദേഹം വ്യക്തമായി നിഷ്കർഷിച്ച ഒരു കാര്യമുണ്ട്, രോഗലക്ഷണങ്ങളുടെ വിവരമല്ലാതെ വ്യക്തിവിവരങ്ങൾ ഒരു കാരണവശാലും നൽകരുത്. മാത്രവുമല്ല, പൊതുജനത്തിന്റെ ആരോഗ്യവിവരങ്ങളടങ്ങിയ ഡേറ്റ ഉപയോഗിച്ചു പണമുണ്ടാക്കുന്നതിന് എതിരെ നിൽക്കുന്ന യുഎസിലെ മുൻനിര സാങ്കേതിക വിദഗ്ധരിലൊരാൾ കൂടിയാണ് ഫർസാദ്. 

കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി യുഎസിലെ സ്പ്രിൻക്ലർ കമ്പനിക്ക് വിവരങ്ങൾ കൈമാറിയ സർക്കാർ നടപടിയുടെ പേരിൽ കേരളം രണ്ടുതട്ടിലായിരിക്കുമ്പോഴും ചർച്ചയിൽ നിറയുന്നത് വ്യക്തികളുടെ പഴ്സനൽ ഹെൽത്ത് ഇൻഫർമേഷൻ അഥവാ പിഎച്ച്ഐ ആണ്. പ്രൊട്ടക്റ്റഡ് ഹെൽത്ത് ഇൻഫർമേഷൻ എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യയിൽ അതിപ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വ്യക്തിവിവരങ്ങളിലാണ് (സെൻസിറ്റീവ് പഴ്സനൽ ഡേറ്റ) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്രയേറെ പ്രധാന്യമുള്ള ഡേറ്റ ഒരു സ്വകാര്യ കമ്പനിക്കു കൈമാറ്റം ചെയ്യുന്നത് ശരിയോ തെറ്റോ? പുറത്തുവിട്ടാൽ എന്താണു കുഴപ്പം? വാദങ്ങളും മറുവാദങ്ങളും കനക്കുകയാണ് കേരളത്തിൽ. 

എന്താണ് സ്പ്രിൻക്ലർ വിവാദം?

കോവിഡ് 19 കേരളത്തിൽ വ്യാപകമായിക്കൊണ്ടിരുന്ന സമയത്ത് വീടുകളിൽ ക്വാറന്റീനിലുള്ളവരുടെ വിവരങ്ങൾ വാര്‍ഡുതലത്തില്‍ ശേഖരിച്ച് https://kerala-field-covid.sprinklr.com/ എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മാർച്ച് അവസാനമാണു പുറത്തുവരുന്നത്. വാര്‍ഡുതല കമ്മിറ്റികള്‍ നടത്തുന്ന ഫീല്‍ഡ് വിസിറ്റുകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ പേര്, വയസ്സ്, ജില്ല, പഞ്ചായത്ത്, വാർഡ്, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എവിടെയെല്ലാം പോയി, രോഗലക്ഷണങ്ങള്‍ എന്തെങ്കിലും പ്രകടമായിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏതൊക്കെ (ഇതിൽ പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം, വയറിളക്കം എന്നിവ രേഖപ്പെടുത്താം), വയോജനങ്ങൾ വീട്ടിലുണ്ടോ, അവർ ഏതൊക്കെ രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നു (പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, ഡയാലിസിസ്, അർബുദം, ശ്വാസകോശ രോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, കിടപ്പുരോഗികളുണ്ടെങ്കിലും അതും അടയാളപ്പെടുത്തണം), ചികിത്സ തുടരുന്നുണ്ടോ, മരുന്നുകള്‍ ലഭ്യമാണോ തുടങ്ങിയ നാൽപതോളം ചോദ്യങ്ങളുടെ ഉത്തരങ്ങളായിരുന്നു ശേഖരിക്കേണ്ടിയിരുന്നത്. 

ജീവിതശൈലീ രോഗങ്ങള്‍, ചികിത്സയുടെ വിവരങ്ങള്‍, ക്വാറന്റീനിലുള്ളവർ അടുത്തിടപഴകിയവരുടെ വിവരങ്ങള്‍, അവരുടെ പൊതുസ്ഥലങ്ങൾ/ യാത്രകള്‍/ പരിപാടികള്‍ എന്നിവയിലെ പങ്കാളിത്തം, വീടുകളിലെ ആള്‍ക്കാരുടെ എണ്ണം, അയല്‍പ്പക്കത്തെ രോഗലക്ഷണങ്ങള്‍ തുടങ്ങിയ വിവരങ്ങളും എടുക്കാൻ നിർദേശമുണ്ടായിരുന്നു. ഒരു പ്രദേശത്തെ അസാധാരണമായ രോഗാവസ്ഥ, ആശുപത്രിയിലായവര്‍, മരണപ്പെട്ടവര്‍ തുടങ്ങി കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചു. സമ്പര്‍ക്ക വിലക്കിലുള്ള ആള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ ഗൃഹസന്ദര്‍ശന രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ വഴി https://kerala-field-covid.sprinklr.comൽ അപ്‌ലോഡ് ചെയ്യാനായിരുന്നു നിർദേശം. 

ഈ വിവരങ്ങളെല്ലാം സ്പ്രിൻക്ലർ കമ്പനിയുടെ സെർവറിൽത്തന്നെ സ്റ്റോർ ചെയ്യുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നതെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നതോടെയാണ് വിഷയം ചൂടുപിടിച്ചത്. വിവാദമായതോടെ, വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത് housevisit.kerala.gov.in എന്ന വെബ്സൈറ്റിലേക്കു മാറ്റാൻ സർക്കാർ നിർദേശിച്ചു. വെബ്സൈറ്റിന്റെ പേരു മാറ്റിയാലും പ്ലാറ്റ്ഫോമിനു മാറ്റമുണ്ടായില്ല, വിവരങ്ങള്‍ പോയത് സ്പ്രിൻക്ലറിന്റെതന്നെ സെര്‍വറിലേക്കാണെന്ന ആരോപണത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരിൽ 350 കോടി രൂപയുടെ നഷ്ടപരിഹാരം ചോദിച്ച് സ്പ്രിൻക്ലർ കമ്പനിയുടെ പാര്‍ട്ണര്‍ നല്‍കിയ കേസ് യുഎസിലെ ഓറിഗണ്‍ കോടതിയിലുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആരോപിച്ചു.

Housevisit-sprinklr

പൊതുജനത്തിന്റെ ഡേറ്റ ഇത്തരമൊരു സ്വകാര്യ കമ്പനിക്കു കൈമാറുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും സര്‍ക്കാർ സ്വീകരിച്ചില്ലെന്നും ആരോപണമുയർന്നു. എന്നാൽ ക്രമേണ ഈ ഡേറ്റാബേസ് സി ഡിറ്റിന്റെ സെർവറിലേക്കു മാറ്റുമെന്നായിരുന്നു സർക്കാർ വാദം. അതിനിടെ പദ്ധതിയെക്കുറിച്ച് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിവരണം ഉൾപ്പെടുന്ന വിഡിയോയും സർക്കാരിന്റെ ഔദ്യോഗിക മുദ്രയും സ്പ്രിൻക്ലറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു നീക്കുകയും ചെയ്തു.

കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിൻക്ലറിന്റെ സെർവറിലേക്കു പോകാൻ വഴിയൊരുക്കിയെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. ഇതിനോടകം രണ്ടരലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങൾ കമ്പനി ശേഖരിച്ചെന്നും ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റിനോ, ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഈ ഡാറ്റാ വിശകലനമെന്നിരിക്കെ എന്തിന് യുഎസ് കമ്പനിയുടെ സഹായം തേടിയെന്നും ചോദ്യമുയർന്നു. ജനങ്ങളുടെ ആരോഗ്യ വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും കമ്പനിക്ക് സർക്കാർ വിൽക്കുകയായിരുന്നെന്നും അതു വലിയ അഴിമതിയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ സംശയങ്ങൾക്കു മറുപടി ഐടി സെക്രട്ടറി നൽകുമെന്നു പറഞ്ഞ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഒഴിഞ്ഞുമാറിയതോടെ വിവാദം ചൂടുപിടിച്ചു. എന്നാൽ കേരളത്തിലെ ഒരാളുടെയും വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറ്റപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നെന്നായിരുന്നു ഐടി സെക്രട്ടറിയുടെ മറുപടി.

എന്താണ് സ്പ്രിൻക്ലർ–സർക്കാർ ബന്ധം?

മലയാളിയായ സംരംഭകൻ സ്ഥാപിച്ച അമേരിക്കൻ സ്റ്റാർട്ടപ് കമ്പനിയാണ് സ്പ്രിൻക്ലർ ഇൻകോർപറേറ്റഡ് (Sprinklr Inc.). വളരെ വലിയ ഡേറ്റ ശേഖരങ്ങളും പല രൂപത്തിൽ വരുന്ന വിവരങ്ങളും വിശകലനം ചെയ്യാൻ ആഗോളതലത്തിൽ മികച്ച സങ്കേതങ്ങളുള്ള ഡേറ്റ അനലറ്റിക്സ് കമ്പനിയാണിത്; 2018ൽ സർക്കാർ നടത്തിയ ഹാഷ് ഫ്യൂച്ചർ ചർച്ചാവേദിയിലൂടെ കേരളത്തിന്റെ ഐടി വകുപ്പുമായി ബന്ധപ്പെട്ടുതുടങ്ങിയ കമ്പനി. വെള്ളപ്പൊക്കത്തിനു ശേഷം റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായും കമ്പനി പ്രവർത്തിച്ചിരുന്നുവെന്നാണു വിവരം. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ കേരളം നേരിടേണ്ടി വരാവുന്ന, അതിവിപുലമായ ഡേറ്റ കൈകാര്യം ചെയ്യൽ പ്രശ്നം പരിഹരിക്കാൻ കമ്പനിയുടെ ഡേറ്റ അനലറ്റിക്സിനുള്ള സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സൗജന്യമായി ലഭ്യമാക്കാമെന്ന് സ്പ്രിൻക്ലർ കേരളത്തിന്റെ ഐടി വകുപ്പിനോടു വാഗ്ദാനം ചെയ്യുകയായിരുന്നു.

കേരളം നേരിടുന്ന കോവിഡ് മഹാമാരിയുടെ വലുപ്പം എത്രത്തോളമാകാം എന്ന് രാജ്യാന്തര രോഗവ്യാപന പ്രവചന മോഡലുകളിലൂടെ മനസ്സിലാക്കിയ ഐടി വകുപ്പ് സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായുള്ള മുൻകരുതലെന്ന നിലയ്ക്ക് വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഡേറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ച് അപഗ്രഥിച്ച് രോഗത്തിന്റെ വ്യാപനസാധ്യത മനസ്സിലാക്കാനുള്ള ഡേറ്റ മേഡലിങ്ങിനും മറ്റുമായിരുന്നു കമ്പനിയുടെ സോഫ്റ്റ്‍വെയർ സേവനം സർക്കാർ ഉപയോഗപ്പെടുത്തിയത്. തികച്ചും സൗജന്യമായാണ് സ്പ്രിൻക്ലർ തങ്ങളുടെ പ്ലാറ്റ്ഫോം സർക്കാരിനു ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ ടെൻഡർ നടപടികളുടെ ആവശ്യം വരുന്നില്ലെന്നും ഐടി സെക്രട്ടറി പറയുന്നു. 

കോവിഡ് പ്രതിരോധരംഗത്തു മുൻനിരയിൽ നിൽക്കുന്നത് ആരോഗ്യ, തദ്ദേശ, ദുരന്തനിവാരണ വകുപ്പുകളാണ്. അവർക്കാവശ്യമായ സാങ്കേതിക പിന്തുണ ഒരുക്കുകയാണ് ഐടി വകുപ്പിന്റെ ദൗത്യം. പഞ്ചായത്തുതലം മുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യങ്ങളാണ് ഐടി വകുപ്പ് ഒരുക്കുന്നത്. വിപുലമായ കോവിഡ് രോഗവ്യാപനമുണ്ടായാൽ നേരിടാൻ ആധുനിക ഐടി സങ്കേതങ്ങളുടെ സഹായം വേണ്ടിവരും. അതു ലഭ്യമാക്കി വയ്ക്കാനുള്ള മുന്നൊരുക്കമാണ് ഉത്തരവാദിത്തമെന്ന നിലയിൽ ഐടി വകുപ്പ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു.

സ്പ്രിൻക്ലർ ഇടപാടു വഴി ശേഖരിക്കപ്പെട്ട ഡേറ്റയുടെ ഉത്തരവാദിത്തം സർക്കാരിനാണ്. അതുവഴി ജനങ്ങളുടെ സുരക്ഷയ്ക്കു ദോഷം വരുത്താതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി. എന്നാൽ വിവാദത്തിൽ മുഖ്യമന്ത്രി കയ്യൊഴിഞ്ഞതോടെ ഇടപാടിന്റെ പൂർണ ഉത്തരവാദിത്തം ഐടി സെക്രട്ടറി ഏറ്റെടുത്തു. കോവിഡ് വിവരശേഖരണത്തിനുള്ള കരാർ അമേരിക്കൻ കമ്പനിക്കു നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തിനു ശേഷമാണ് രേഖയുണ്ടാക്കിയതെന്നും ഒരു ഘട്ടത്തിൽ പോലും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം  തുറന്നു പറഞ്ഞു.

വ്യക്തിഗത ഡേറ്റയെന്നത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഒരു വിഭാഗവും സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ സജീവമായ ഇക്കാലത്ത് ഡേറ്റ പ്രൈവസിയെന്നത് മൂഢസ്വർഗമാണെന്നു മറുവിഭാഗവും വാദവുമായെത്തിയതോടെ വിവാദം കനത്തു. എന്തുകൊണ്ടാണ് ആരോഗ്യ ഡേറ്റ സംരക്ഷിക്കപ്പെടേണ്ടതാണെന്നു വിദഗ്ധർ പറയുന്നത്? പൊതുജന സുരക്ഷയ്ക്കു ദോഷം വരുത്തുന്ന എന്താണ് ഇത്തരം ഡേറ്റയിൽ ഒളിച്ചിരിക്കുന്നത് അഥവാ കേരളത്തിലെ ഒരു പഞ്ചായത്തിലെ പൗരന് ചുമയോ പനിയോ ഉണ്ടെന്ന വിവരം കിട്ടിയാൽ യുഎസ് കമ്പനിക്ക് അതുകൊണ്ട് എന്തു ഗുണമാണുള്ളത്?

(രണ്ടാം ഭാഗം വായിക്കാം)

Story Summary: Why Covid 19 Personal health data is relevant? Analysis in the backdrop of Kerala's SprinKlr Controversy- Part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com