ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് പാലക്കാട് ജില്ലയിൽ. ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ചെന്നൈയിൽ വച്ചുതന്നെ കോവിഡ് സ്ഥിരീകരിച്ച ശേഷം കേരളത്തിലേക്കു യാത്ര ചെയ്തവരാണ്. ചെന്നൈയിൽ നിന്നു വന്ന 3 പേർക്കും മഹാരാഷ്ട്രയിൽ നിന്നു വന്ന 4 പേർക്കുമാണു രോഗം.

കൊല്ലങ്കോട് ആനമാറി സ്വദേശി (38), ആലത്തൂർ കാവശ്ശേരി സ്വദേശി(27), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49) എന്നിവരാണു ചെന്നൈയിൽ നിന്നു വന്നത്. ഇതിൽ കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ ചെന്നൈയിൽ നിന്നു തന്നെ രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ ഇരിക്കാൻ നിർദേശം ലഭിച്ചവരാണ്.

മേയ് 17ന് വൈകിട്ട് 5.30നു വാളയാർ ചെക്ക്പോസ്റ്റിൽ എത്തി. ചെക്പോസ്റ്റ് അധികൃതർക്കു വിവരം ലഭിച്ചതിനെത്തുടർന്നു അന്നു തന്നെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു മേയ് 18നു വീണ്ടും സാംപിൾ പരിശോധനയ്ക്ക് അയച്ചു. മഹാരാഷ്ട്രയിൽ നിന്നു വന്ന 2 പനമണ്ണ സ്വദേശികളും( 45, 42 വയസ്സുള്ളവർ) 2 തൃക്കടേരി സ്വദേശികളും (39,50 വയസ്സുള്ളവർ) പോസിറ്റീവ് ആയി. ഇവർ മേയ് 14നു തലപ്പാടി ചെക്പോസ്റ്റ് വഴി കേരളത്തിൽ എത്തിയവരാണ്.

തൃശൂർ

ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് രണ്ടു പുരുഷന്മാർക്ക്. മേയ് 13ന് മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിക്കും (61) അബുദാബിയിൽ നിന്നെത്തിയ ചൂണ്ടൽ സ്വദേശിക്കുമാണ് (47) രോഗം സ്ഥിരീകരിച്ചത്. കൊച്ചി വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു ചൂണ്ടൽ സ്വദേശിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചാവക്കാട് സ്വദേശി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അതേസമയം അബുദാബിയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച പുന്നയൂർക്കുളം സ്വദേശികളായ യുവദമ്പതികൾ രോഗമുക്തരായി.

ആലപ്പുഴ

ജില്ലയിൽ ബുധനാഴ്ച ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിനിയായ ഗർഭിണിയുടെ ഭർത്താവിനാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 9ന് കുവൈത്തിൽ നിന്നു കൊച്ചിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയില‍ാണ് വീട്ടിലെത്തിയത്. വീട്ടിൽ ക്വാറന്റീനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പത്തനംതിട്ട

ഗർഭിണിയടക്കം രണ്ടു പേർക്കാണ് കോവിഡ്. 14ന് കുവൈത്തിൽ നിന്നെത്തിയ റാന്നി പെരുനാട് സ്വദേശിനിക്കും 13നു മഹാരാഷ്ട്രയിൽ നിന്നു വന്ന മെഴുവേലി സ്വദേശിക്കുമാണ് രോഗം. യുവതി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു യുവാവ് ഇലന്തൂരിലെ കോവിഡ് കെയർ സെന്ററിലുമായിരുന്നു. യുവാവിനൊപ്പം മഹാരാഷ്ട്രയിൽ നിന്നെത്തിയ മറ്റൊരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബസിനാണ് ഇവർ നാട്ടിലെത്തിയത്.

തിരുവനന്തപുരം

ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ രണ്ടു പുരുഷന്മാർക്കാണ്. 12ന് ദമാമിൽ നിന്നെത്തിയ ബാലരാമപുരം സ്വദേശി (46), 17ന് അബുദാബിയിൽ നിന്നു വന്ന കാട്ടാക്കട സ്വദേശി (26) എന്നിവർക്കാണ് രോഗം. ബാലരാമപുരം സ്വദേശിയായ ആൾ ഐഎംജിയിലായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കാട്ടാക്കട സ്വദേശിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ജനറൽ ആശുപത്രിയിലായിരുന്നു.

എറണാകുളം

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 2 പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. മേയ് 18ന് അബുദാബി– കൊച്ചി വിമാനത്തിലെത്തിയ എറണാകുളം സ്വദേശി (38), ഇതേ വിമാനത്തിലെത്തിയ തൃശൂർ സ്വദേശി (47) എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.

English Summary: District wise Covid-19 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com