ADVERTISEMENT

മൂവാറ്റുപുഴ∙ ലോക്‌ഡൗൺ കാലത്ത് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാർ സ്വദേശി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പൊലീസ് സ്റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും മക്കളെ ഭർത്താവിനെ തിരികെ ഏൽപ്പിച്ച ഭാര്യ മൂന്നാർ സ്വദേശിക്കൊപ്പം പോയി.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മക്കളെ തിരികെ ഏൽപിച്ചെങ്കിലും ഇവർ കൊണ്ടുപോയ സ്വർണാഭരണങ്ങളും കാറും തിരികെ നൽകാതെയാണ് മൂന്നാർ സ്വദേശിയായ കാമുകനൊപ്പം  വീട്ടമ്മ പോയത്. രണ്ടു മാസം മുമ്പ് ലോക് ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തിന്റെ വീട്ടിൽ എത്തിയത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്. മൂന്നാറിനു പോകാൻ വാഹനമൊന്നുo കിട്ടാതെ കുടുങ്ങിയ ഇയാൾ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി ഇയാളെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്തിന് സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇയാൾ സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്.

സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. നിർധന കുടുംബാംഗമായ യുവതിയെ മൂവാറ്റുപുഴ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com