ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെ ചൈന വ്യോമതാവളം വികസിപ്പിക്കുന്നതായി റിപ്പോർട്ട്. പാംഗോങ് തടാകത്തിൽനിന്ന് 200 കിലോമീറ്റർ മാത്രം അകലെയുള്ള വ്യോമതാവളത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഈമാസം അഞ്ച്, ആറ് തീയതികളിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ മുഖാമുഖം എത്തിയിരുന്നു.

രഹസ്യാന്വേഷണ വിദഗ്ധരായ ഡിട്രെസ്ഫയാണ് രണ്ടു ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ടിബറ്റിലെ നഗരി ഗുൻസ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണിത്. ആദ്യ ചിത്രം ഏപ്രിൽ ആറിനും രണ്ടാം ചിത്രം മേയ് 21നും എടുത്തതാണ്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്സി ട്രാക്കിന്റെ നിർമാണം ഇവിടെ തുടരുകയാണ്. വിമാനത്താവളത്തിലെ പ്രധാന റൺവേയുടെ ചിത്രമാണ് മൂന്നാമത്തേത്. ഇതിൽ ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആർമിയുടെ നാലു യുദ്ധവിമാനങ്ങൾ അണിനിരന്നേക്കുന്നതും വ്യക്തമാണ്. ജെ 11, ജെ 16 വിമാനങ്ങളാണിതെന്നാണു വിലയിരുത്തൽ. ദേശീയ മാധ്യമമായ എൻഡിടിവിയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

റഷ്യൻ സുഖോയ് 27 വിമാനങ്ങളുടെ വകഭേദങ്ങളാണ് ജെ–11/ജെ–16 വിമാനങ്ങള്‍. ഇന്ത്യയുടെ സുഖോയ് 30മായി ചേരുന്നവയുമാണിത്. 2019 ഡിസംബറിലാണ് യുദ്ധവിമാന വിന്യാസം ആദ്യമായി ഇവിടെ കണ്ടെത്തിയതെന്നാണു വിവരം. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നിൽ സ്ഥിതി ചെയ്യുന്നതാണ് നഗരി ഗുൻസ വിമാനത്താവളം. സൈനിക, സിവിൽ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണിത്. നിയന്ത്രണരേഖയ്ക്ക് അടുത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

അതേസമയം, ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന് ആയിരക്കണക്കിന് ചൈനീസ് സേനാംഗങ്ങളാണ് വിന്യാസമുറപ്പിച്ചിരിക്കുന്നത്. പാംഗോങ് ട്സോ തടാകം, ഗാൽവൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരുസേനകളും മുഖാമുഖം നിൽക്കുകയാണ്. സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ ഇന്ത്യയും ചൈനയും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

English Summary: China Expands Airbase Near Ladakh, Fighter Jets On Tarmac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com