ADVERTISEMENT

ന്യൂഡൽഹി∙ അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്കു നൽകാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയ ‘റെംഡിസിവിർ’ മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾക്ക്. മരുന്ന് നിർമിക്കുന്ന ഹൈദരാബാദിലെ ഹെറ്റെറോ കമ്പനി റെംഡിസിവിറിന്റെ 20,000 വയൽ (മരുന്നുകുപ്പികൾ) വീതം മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്ക് നൽകും. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളാണ് ഇവ. ‘കോവിഫോർ’ എന്ന പേരിലാണ് മരുന്നത് വിറ്റഴിക്കുന്നത്. രണ്ട്–മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം വയൽ മരുന്ന് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടത്തിൽ കൊൽക്കത്ത, ഇൻഡോർ, ഭോപാൽ, ലക്‌നൗ, പട്ന, ഭുവനേശ്വർ, റാഞ്ചി, വിജയവാഡ, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവടങ്ങളിലും മരുന്ന് നൽകും. ഹെറ്റെറോയ്ക്ക് പുറമെ സിപ്ല എന്ന കമ്പനിയും റെംഡിസിവിർ ഉൽപാദിപ്പിക്കുന്നതിന് ലൈസൻസ് നേടിയിട്ടുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയൻസസിനാണ് മരുന്നിന്റെ യഥാർഥ നിർമാണാനുമതി. കോവിഡിന് പകരം മരുന്നു കണ്ടെത്തുന്നതു വരെ ഇത് ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഗിലീഡ് സൗജന്യമായി അനുവാദം നൽകുകയായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ഉള്ള രോഗിക്ക് കുറഞ്ഞ് ആറ് വയൽ റെംഡിസിവിർ ഉപയോഗിക്കേണ്ടി വരും. 100 മില്ലിഗ്രാമിന്റെ കുപ്പിക്ക് 5,400 രൂപയോളം വിലവരുമെന്നാണ് ഹെറ്റെറോ അറിയിച്ചത്. എന്നാൽ 5,000 രൂപയിൽ താഴെയെ വില വരൂവെന്ന് സിപ്ല വ്യക്തമാക്കി.

ഗുരുതരമായ കോവിഡ് കേസുകളിൽ അടിയന്തരഘട്ടങ്ങളിൽ ഹെറ്റെറോ, സിപ്ല കമ്പനികൾ ഉൽപാദിപ്പിക്കുന്ന മരുന്ന് ഉപയോഗിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നൽകി. റെംഡിസിവിർ ഉപയോഗിക്കുന്നതിനു യുഎസും ജപ്പാനും അനുമതി നൽകിയതിനു പിന്നാലെയാണ് ഇന്ത്യയും അനുവദിച്ചത്.

English Summary: Maharashtra, Delhi Among 5 States To Receive First Batch Of COVID-19 Drug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com