ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാഴാഴ്ച 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്. 84 പേർ വിദേശത്തുനിന്നു വന്നരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 33 പേർ. 6 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചു. ഇന്നു 53 പേർക്കു രോഗമുക്തിയുണ്ടായി. ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പാലക്കാട് - 24

ആലപ്പുഴ - 18

പത്തനംതിട്ട - 13

കൊല്ലം - 13 

എറണാകുളം - 10

തൃശൂർ - 10

കണ്ണൂർ - 9

കോഴിക്കോട് -  7

മലപ്പുറം -  6

കാസർകോട് -  4

ഇടുക്കി - 3

തിരുവനന്തപുരം - 2

കോട്ടയം - 2

വയനാട് - 2 

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയി. 1761 പേര്‍ ചികിൽസയിലുണ്ട്.  159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ  156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 

നിയന്ത്രണങ്ങൾ തുടരും, പരിശോധന വർധിപ്പിക്കും, കോവിഡ് ഡയറി സൂക്ഷിക്കണം

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനായി എന്നതാണു നമ്മുടെ നേട്ടം. സംസ്ഥാനത്തു പരിശോധന വർധിപ്പിക്കും. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരണം. വിദേശത്തുനിന്നു വരുന്നവർക്ക് ടെസ്റ്റ് നടത്തുന്നതു അധികശ്രദ്ധയുടെ ഭാഗമാണ്. രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്ൻ സജീവമായി മുന്നോട്ടു കൊണ്ടുപോകണം. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

നാം നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ ഇക്കാലത്ത് എല്ലാവരും രേഖപ്പെടുത്തണം. പോയ സ്ഥലങ്ങൾ, സ്ഥാപനം സമയം തുടങ്ങിയ ഒരു ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇതു രോഗവാഹിയായ ഒരാൾ എവിടെയെല്ലാം പോയി, അവിടെ ആ സമയത്ത് ആരെല്ലാം ഉണ്ടായി എന്നു മനസ്സിലാക്കാൻ സാധിക്കും. ജൂലൈയിൽ പ്രതിദിനം പതിനയ്യായിരം കോവിഡ് പരിശോധന നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഓരോ ആളും സർക്കാരിന്റെ പദ്ധതികളോടു സഹകരിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യത

ചികിത്സയിലുള്ളവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ഓഗസ്റ്റിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് 10 ലക്ഷം പേരിൽ 109 പേർക്കാണു രോഗം. രാജ്യത്താകെ ഇത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനം ആണ്. രാജ്യത്തിന്റേത് മൂന്നു ശതമാനത്തിൽ കൂടുതലാണ്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20 പേർക്കു മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല

ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. നിർദേശങ്ങൾ പാലിക്കാത്തവരുടെ ചിത്രവും വിവരങ്ങളും പൊലീസ് കൺട്രോൾ റൂമിലേക്ക് അയയ്ക്കാൻ പൊതുജനം തയാറാകണം. പൊലീസ് കർശനമായ നടപടി സ്വീകരിക്കും. പരിശോധന കർശനമാകുന്നതോടെ വിമാനത്താവളങ്ങളിലും മറ്റും കൂടുതൽ സമയം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കു നിൽക്കേണ്ടി വന്നേക്കാം. തിരക്കും കൂടാം. ഇതു മുതലെടുത്തു ഭക്ഷണ സാധനങ്ങൾക്കു വില കൂട്ടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതിനെതിരെ സർക്കാർ തക്കതായ നടപടിയെടുത്തു. പ്രവാസികളെ സ്വീകരിക്കാൻ സംഘടനകൾ വരേണ്ടതില്ല. അവർക്കു വലിയ തോതിൽ സ്വീകരണം നൽകുന്ന രീതിയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം. ആവശ്യ വിഭാഗക്കാർക്കു മാത്രമാണു യാത്രാനുമതി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ മാസ്ക് ധരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്കും ഹെൽമറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10, 12 ക്ലാസുകളിലേക്കു സിബിഎസ്ഇ, ഐസിഎസ്‍ഇ പരീക്ഷകൾ ഇനി നടത്തേണ്ടതില്ലെന്നു കേന്ദ്രം കോടതിയെ അറിയിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു.

ഇന്ത്യയിലാദ്യമായി പരീക്ഷകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് കേരളത്തിനാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷകൾ ദേശീയ ശ്രദ്ധയാകർഷിച്ചു. ഇതു കേരളത്തിന്റെ നേട്ടം തന്നെയാണ്– മുഖ്യമന്ത്രി വിശദീകരിച്ചു.


English Summary:
Covid Kerala Updates 25-06-2020- Kerala CM Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com