ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. ഇനി ബോധവൽക്കരണമില്ലെന്നും നിയമം നടപ്പിലാക്കുമെന്നും ഡിജിപി:ലോക്നാഥ് ബഹ്റ പറഞ്ഞു. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. അറസ്റ്റും പിഴയും ഉണ്ടാകും. ജനക്കൂട്ടം കണ്ടാൽ പൊലീസിനെ അറിയിക്കണം.

ജനക്കൂട്ടത്തിന്റെ വിഡിയോയും ഫോട്ടോയും പൊലീസിന് അയയ്ക്കാം.  ശാരീരിക അകലം പാലിച്ച് ആളുകളെ കൊണ്ടുപോയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും. വിമാനത്താവളത്തിൽ വരുന്ന ആളുകൾ നേരെ വീട്ടിലേക്കു പോകണം. ബന്ധുക്കളുടെ വീട്ടിലോ റസ്റ്ററന്റിലോ പോകാൻ അനുവദിക്കില്ല. റോഡുകളിൽ ബാരിക്കേഡ് ഉണ്ടാകും. കണ്ടൈൻമെൻറ് സോണിൽനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല.

രോഗവ്യാപനത്തിന്റെ അപകടം ജനങ്ങൾക്ക് മനസിലാകാത്തതിനാലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്ന് ഡിജിപി പറഞ്ഞു. ലോക്‌ഡൗണിൽ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. ഒരാഴ്ചയായി കേസുകൾ വർധിക്കുന്നു. കോവിഡിന്റെ സമൂഹവ്യാപനമാണ് ആശങ്ക. എന്നാൽ, കുറേ ആളുകൾക്ക് ഇതു മനസിലാകുന്നില്ല. ചന്തകളിൽ ശാരീരിക അകലം ഇല്ല. കടകളിൽ ഒരു സമയത്ത് 5 പേർ എന്ന് ലോക്ഡൗൺ കാലത്ത് നിർദേശം നൽകിയിരുന്നു. മാസ്ക് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. അക്കാര്യങ്ങൾ ഇപ്പോൾ പാലിക്കപ്പെടുന്നില്ല. സാധനങ്ങൾ വാങ്ങാനായി പോകുമ്പോൾ ജനങ്ങൾ ശാരീരിക അകലം പാലിക്കണമെന്നും കടക്കാരും ഇതു ശ്രദ്ധിക്കണമെന്നും ഡിജിപി പറഞ്ഞു.

കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് മുതല്‍ സേവനസജ്ജരായിരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷല്‍ യൂണിറ്റുകളിലെയും 90%  ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. പൊലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്. 61,000 പേരാണ് സേനയിലുള്ളത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന് തടയിടാന്‍ കര്‍ശന നടപടികൾ സ്വീകരിക്കും. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. കൊച്ചിയിലെ കണ്ടെയ്ൻമെന്‍റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍ ഉള്‍പ്പെട്ടതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു.

ഉറവിടമറിയാത്ത രോഗബാധ കൂടുമ്പോള്‍ യഥാര്‍ഥ സ്ഥിതിയറിയാന്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സാമൂഹിക അകലം, മാസ്ക് ഉപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാര്‍ക്കറ്റുകളുമെന്ന കണ്ടെത്തലിലാണ് ഇവിടെ പരിശോധന കൂട്ടാനുള്ളനീക്കം. സാംപിളുകള്‍ ശേഖരിച്ച് പ്രത്യേക ലായനിയില്‍ സംയോജിപ്പിച്ച് നടത്തുന്ന പൂള്‍ ടെസ്റ്റിങ്ങാണ് പരീക്ഷിക്കുന്നത്. നഗര പ്രദേശങ്ങളിലും ആള്‍ക്കൂട്ട സാധ്യതയുള്ളയിടങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

പരിശോധന കൂടാതെയെത്തുന്ന പ്രവാസികള്‍ക്ക് എത്തിച്ചേരുന്ന വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റും ആരംഭിക്കും. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല്‍ വിശദമായ പരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളിലേയ്ക്ക് മാറ്റും. പരിശോധന നടത്തി വരുന്നവര്‍ക്കും ഇവിടെയെത്തി പരിശോധിക്കുന്നവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

English Summary: Police Force is Being Mobilised in Kerala for Anti-Covid Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com