ADVERTISEMENT

കാസർകോട്∙ കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബളാലിലെ പതിനാറുകാരിയായ ആൻമേരി മരിയ വിഷം ഉള്ളിൽ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു തെളിയിക്കാനായത് ചെറുപുഴ പൊലീസിന്റെ അന്വേഷണ മികവ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് ആൻമരിയ മരിച്ചത്. എന്നാൽ പിതാവ് ബെന്നി (48)യെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുർന്നു.

മഞ്ഞപ്പിത്തമെന്നു കരുതി ആൻമേരി മരിയയെ ചെറുപുഴയ്ക്കു സമീപമുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചു പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണു മരിച്ചത്. തുടർന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പച്ചമരുന്ന് ചികിത്സയെ തുടർന്നാണോ മരണം സംഭവിച്ചതെന്ന സംശയത്തിൽ വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത പൊലീസ് സർജൻ ഗോപാലകൃഷ്ണപിള്ളയിൽ നിന്നു ചെറുപുഴ എസ്ഐ മഹേഷ് കെ. നായർ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതയേറിയത്.

കുട്ടിയുടെ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സർജൻ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ചെറുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.പി.വിനീഷ്‌കുമാർ തുടരന്വേഷണത്തിനു വെളളരിക്കുണ്ട് എസ്എച്ച്ഒയ്ക്ക് വിവരങ്ങൾ കൈമാറി. കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്ന സംശയത്തിലാണു അന്വേഷണം ആരംഭിച്ചതെങ്കിലും ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകി സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു കണ്ടെത്തുകയായിരുന്നു.

ചെറുപുഴ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്‌പെക്ടർ കെ. പ്രേംസദൻ, എസ്ഐ ശ്രീദാസ് പുത്തൂർ എന്നിവർ നടത്തിയ അന്വേഷണത്തിന് ഒടുവിലാണു ആൻമേരി മരിയയുടെ സഹോദരൻ ആൽബിൻ ബെന്നി (22)യുടെ അറസ്റ്റിലെത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

English Summary: Ann Mary Maria Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com