ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയോടുള്ള ‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി നേപ്പാൾ. രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി സംസാരിച്ചു. കാലാപാനി അതിർത്തി തർക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോൺ സംഭാഷണമായിരുന്നു ഇത്.

മോദിയുമായി ഒലി 11 മിനിറ്റ് സംസാരിച്ചെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളെയും സർക്കാരിനെയും ഒലി അഭിവാദ്യം ചെയ്തു. യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കു ഇന്ത്യയും നേപ്പാളും പരസ്പരം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ സഹായം തുടർന്നും ലഭ്യമാക്കുമെന്നു മോദി ഉറപ്പു നൽകിയതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് നേപ്പാളിന് അസ്വസ്ഥത തുടങ്ങിയത്. മേയിൽ മാനസരോവര യാത്രാവഴിയിൽ ധാർച്ചുള മുതൽ ലിപുലേഖ് വരെ പുതിയ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതും നേപ്പാളിനെ പ്രകോപിപ്പിച്ചു. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര പ്രദേശങ്ങൾ ‘സ്വന്തമാക്കി’ പുതിയ ഭൂപടം തയാറാക്കിയാണ് നേപ്പാൾ മറുപടി നൽകിയത്. ഇതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കുകയും ചെയ്തപ്പോൾ ഇന്ത്യയുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിലച്ചിരുന്നു.

English Summary: Nepal PM Oli dials Modi for first time since Kalapani border row, greets India on 74th I-Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com