ADVERTISEMENT

വാഷിങ്ടൻ ∙ അപരിചിത പറക്കും വസ്തുക്കളുടെ (യുഎഫ്ഒ) കാഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് നേവിയുടെ കീഴിൽ പുതിയ ടാസ്‌ക് ഫോഴ്‌സ്. അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമിന ടാസ്‌ക് ഫോഴ്‌സ് (യു‌എ‌പി‌ടി‌എഫ്) എന്നാണു മുഴവൻപേരെന്നു പെന്റഗൺ വെളിപ്പെടുത്തി. അജ്ഞാത ഏരിയൽ പ്രതിഭാസങ്ങളുടെ (യുഎപി) സ്വഭാവത്തെയും ഉദ്ഭവത്തെയും കുറിച്ചുള്ള ധാരണ നന്നാക്കുന്നതിനും ഉൾക്കാഴ്ച നേടുന്നതിനും ഇതു സഹായിക്കുമെന്നാണു പ്രതീക്ഷയെന്നു പ്രതിരോധ വകുപ്പ് വക്താവ് സൂസൻ ഗോഗ് പറഞ്ഞു.

മനുഷ്യരെയും ശാസ്ത്രത്തെയും അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് ആകാശത്തു പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പറക്കുംതളിക. അന്യഗ്രഹ ജീവികളുടെ വാഹനമെന്നും ചാരവൃത്തിക്കായി ഉപയോഗിക്കുന്ന വാഹനമാണെന്നുമൊക്കെ പ്രചാരണമുണ്ട്. ആകാശത്ത് വെട്ടിത്തിളങ്ങുന്ന ഇവ നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. എന്നാൽ ഈ ‘അന്യഗ്രഹ ആക്രമണകാരികൾ’ക്കു പകരം ഭൂമിയിലെ എതിരാളികളുമായി ബന്ധപ്പെട്ട യുഎപികളെപ്പറ്റിയാണു യുഎസ് യഥാർഥത്തിൽ ആശങ്കപ്പെടുന്നത്.

ഡ്രോണുകളോ വായുമാർഗം ഉപയോഗിച്ചുള്ള മറ്റു സംവിധാനങ്ങളോ വഴി ചാരപ്പണി നടത്താനുള്ള ചൈനയുടെ കഴിവുകളെക്കുറിച്ചു വാഷിങ്ടൻ ശ്രദ്ധാലുവാണ്. യു‌എസിന്റെ ദേശസുരക്ഷയ്ക്കു ഭീഷണിയാകാൻ സാധ്യതയുള്ള യു‌എ‌പികളെ കണ്ടെത്തുക, വിശകലനം ചെയ്യുക, പട്ടികയിലാക്കുക എന്നിവയാണു ടാസ്‌ക് ഫോഴ്‌സിന്റെ ദൗത്യം. രാജ്യത്തിന്റെ പരിശീലന പ്രദേശങ്ങളിലോ നിയുക്ത വ്യോമാതിർത്തിയിലോ അനധികൃത വിമാനങ്ങൾ കടന്നുകയറുന്നതു വളരെ ഗൗരവമായാണ് എടുക്കുന്നതെന്നും ഗോഗ് പറഞ്ഞു.

ഓഗസ്റ്റ് 4ന് പുതിയ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കാൻ പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോർക്വിസ്റ്റ് അനുമതി നൽകി. യു‌എഫ്‌ഒകളുടെ കാഴ്ചകൾ അന്വേഷിക്കുന്നതിനു ശതകോടി ഡോളറിന്റെ രഹസ്യ പദ്ധതിക്ക് ധനസഹായം നൽകിയിരുന്നതായി 2017 ഡിസംബറിൽ പെന്റഗൺ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് 2012ൽ അവസാനിപ്പിച്ചിരുന്നതായും പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിൽ യുഎസ് നേവി പൈലറ്റുമാർ എടുത്ത യുഎഫ്ഒ ആണെന്നു സംശയിക്കുന്ന മൂന്നു വിഡിയോകൾ പെന്റഗൺ പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു.

English Summary: Pentagon To Set Up New Unit To Investigate UFOs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com