ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ തിങ്കളാഴ്ച മുതൽ പാലം പൊളിച്ചു തുടങ്ങാൻ തീരുമാനിച്ചു. പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണിയായിരിക്കും ആദ്യം ആരംഭിക്കുക. അതോടൊപ്പം പൊളിക്കൽ പണികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പി വല ഉപയോഗിച്ച് മറച്ചു കെട്ടുന്ന പണിയും ആരംഭിക്കും. ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും തമ്മിൽ ഓൺലൈനിൽ നടത്തിയ യോഗത്തിലാണ് പാലം അടുത്ത ദിവസം പൊളിച്ചു തുടങ്ങാൻ തീരുമാനിച്ചത്.

ബുധനാഴ്ച മുതലായിരിക്കും പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങുക. ഇതോടൊപ്പം പുതിയ ഗർഡറുകൾ സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്നതിനുമാണ് ആലോചിച്ചിരിക്കുന്നത്. കളമശേരിയിൽ നിർമിക്കുന്ന ഗർഡറുകളായിരിക്കും ഇവിടെ എത്തിക്കുക. പാലത്തിന്റെ 18 സ്പാനുകളിൽ 17 എണ്ണത്തിലും അവയിലുള്ള 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആകെ 100 ഗർഡറുകൾ പൊളിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പാലത്തിന്റെ പില്ലറുകൾക്ക് വിള്ളൽ ഇല്ലാത്തതിനാൽ അത് പൊളിക്കില്ല.

പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ലെങ്കിലും അടിയിലൂടെ പൈപ്പ‌്‌ലൈൻ – പാലാരിവട്ടം റൂട്ടിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതിന് അനുവദിക്കില്ല. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനോട് ഡിഎംആർസി ആവശ്യപ്പെട്ടിട്ടുണ്ട്. പാലം പൊളിച്ച് പണിയുമ്പോഴേയ്ക്ക് 18.71 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 15 കോടി സ്പാനുകളുടെ നിർമാണത്തിനായി ചെലവാകുന്നതാണ്.

പൊളിക്കാൻ രണ്ടു കോടിയും ജാക്കറ്റിങ്ങിന് 1.71 കോടിയും ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പണി തുടങ്ങിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പാലത്തിന്റെ മുകൾ ഭാഗം പൊളിച്ചു നീക്കാൻ കഴിയും എന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. പൊളിച്ചു കളയലിനുള്ള കരാർ ഡിഎംആർസി ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നത്.

English Summary: Palarivattom Bridge Reconstruction Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com