ADVERTISEMENT

‘‘എന്നെ കൂട്ടമായി ആക്രമിക്കാനും സേനയിൽ നിന്നും പുറത്താക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കമ്മിഷണറുടെ വികലമായ സസ്പെൻഷൻ നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ചതോടെ ഒരാഴ്ചയ്ക്കിടയിൽ വിവിധ കാരണങ്ങൾ കാണിച്ച് നാലോളം ശിക്ഷാ നടപടിയാണ് എനിക്കെതിരെ ഉണ്ടായത്.’’– ഗായികയായ യുവതിക്ക് കോഴിക്കോട് ഫ്ലാറ്റ് എടുത്ത് നൽകിയെന്നും അവിടെ നിത്യ സന്ദർശകനാണെന്നും കാട്ടി യുവതിയുടെ അമ്മ നൽകിയ പരാതിയിൽ സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് പറയുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവിലൂടെ സ്വകാര്യത ലംഘിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിലും ഉമേഷിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരവ് ഉമേഷ് സമൂഹമാധ്യമത്തിലിട്ടെന്ന വാദമുയർത്തിയാണ് ഈ അന്വേഷണം.

‘‘31 വയസ്സുള്ള ഒരു യുവതി സ്വന്തമായി സ്വന്തം കാശ് മുടക്കി ഫ്ലാറ്റെടുത്ത് താമസിക്കുന്നതിന് ‘ടിയാൻ അവളുടെ പേരിൽ ഫാറ്റ് തരപ്പെടുത്തി താമസിപ്പിക്കുകയും അവിടെ നിത്യസന്ദർശനം നടത്തുകയും ചെയ്യുന്നു’ എന്ന തരത്തിൽ വളരെ വികലമായാണ് സസ്പെൻഷൻ ഓർഡറിൽ പറയുന്നത്. അതിനു പുറമേ ആ യുവതിയുടെ മൊഴി പാടെ അവഗണിച്ച് വീണ്ടും എനിക്കെതിരെ കുറ്റം ചുമത്തി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 18 വയസ്സു കഴിഞ്ഞാൽ ഒരു സ്ത്രീക്കു സ്വതന്ത്രമായി പ്രവർത്തിക്കാനും ചിന്തിക്കാനുമുള്ള അവകാശം നിലനിൽക്കെ അവൾക്കു പറയാനുള്ളതെല്ലാം അവഗണിച്ചാണ് ഇത്തരത്തിൽ ഒരു നടപടി.’’

ഗായികയായ ആതിര കൃഷ്ണന് ഫ്ലാറ്റ് എടുത്തു നൽകിയെന്ന ആരോപണത്തിലാണ് ആദ്യം ഉമേഷിനെതിരെ സസ്പെൻഷൻ നടപടി ഉണ്ടാകുന്നത്. തന്റെ മകളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോവുകയും ഫ്ലാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്തുവെന്ന് ആതിരയുടെ അമ്മ നൽകിയ പരാതിയിലായിരുന്നു നടപടി. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത ഉദ്യോഗസ്ഥൻ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായും ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്പെൻഷൻ‍ ഓർഡറിൽ പറയുന്നു. എന്നാൽ ഒരു പരാതിയുടെ പുറത്ത് മാത്രം തന്നെ എങ്ങനെ സസ്പെൻഡ് ചെയ്യാനാകുമെന്നാണ് ഉമേഷ് ചോദിക്കുന്നത്. അതും തന്നെ യുവതി പരസ്യമായി അനുകൂലിച്ച് രംഗത്തുവന്ന സാഹചര്യത്തിൽ.

ആതിര നൽകിയ പരാതിയും തനിക്കെതിരെ തിരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഉമേഷ് പറഞ്ഞു. ‘‘ആതിരയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് കഴിഞ്ഞ 20 നാണ് സസ്പെൻഷൻ ഓർഡർ ലഭിച്ചത്. പിന്നീട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യമനുവദിച്ചുകൊണ്ട് നൽകിയ കോടതിവിധി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വായിക്കണമെന്ന് ഒരു സമൂഹമാധ്യമ പോസ്റ്റ് ഇട്ടതിന് കാരണംകാണിക്കൽ നോട്ടിസ് അയച്ചു. അതിന് എനിക്ക് നൽകിയ മെമ്മോയിൽ ഞാനൊരു തീവ്രഇടതുപക്ഷ ചിന്താഗതിയുള്ളയാളാണെന്നാണ് പറഞ്ഞത്.

ഒരു കോടതി വിധി വായിക്കണമെന്നു പറഞ്ഞത് എങ്ങനെയാണ് തെറ്റാവുക. പിന്നീട് ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന് കാണിച്ച് ഒരു അന്വേഷണം ആരംഭിച്ചു. അത് തികച്ചും ന്യായമായ അന്വേഷണമാണ്. അതിനോട് ഞാൻ പൂർണമായും സഹകരിക്കുന്നു. മറ്റൊരു അന്വേഷണം ആതിര നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ്. സസ്പെൻഷൻ ഓർഡറിൽ തന്നെ മോശമായി ചിത്രീകരിച്ചു എന്നാണ് ആതിര നൽകിയ പരാതി, എന്നാൽ അതിലും എന്നെ പ്രതിയാക്കാനാണ് ഇപ്പോൾ നീക്കം. ആ സസ്പെൻഷൻ ഓർഡർ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതിലൂടെ ആതിര കൃഷ്ണന്റെ സ്വകാര്യതയെ ഞാൻ ഫെയ്സ്ബുക്കിലൂടെ അപമാനിച്ചെന്നാണ് പുതിയ കേസ്. ആതിര നൽകിയ പരാതി പോലും അപ്രസക്തമാക്കി, സസ്പെൻഷൻ ഉത്തരവിൽ കമ്മിഷണർ മോശമായ പരാമർശങ്ങൾ എഴുതി ചേർത്തതല്ല മറിച്ച് താനത് പ്രസിദ്ധീകരിച്ചു എന്നതാണ് കുറ്റമായി വന്നിരിക്കുന്നത്. 

തനിക്കെതിരെ വർഷങ്ങളായി ഇത്തരത്തിൽ പക നിറച്ച് കമ്മിഷണർ എ.വി.ജോർജ് ചെയ്യുന്ന പ്രതികാര നടപടികളുടെ തുടർച്ചയാണ് ഇതെന്ന് ഉമേഷ് പറയുന്നു. 2015 ൽ ഒരു ഹ്രസ്വചിത്ര നിർമാണവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കത്തിലാണ് തുടക്കം. ഞങ്ങൾ പണം പിരിച്ചെടുത്ത് ഒരു ഹ്രസ്വചിത്രം നിർമിച്ചിരുന്നു. കമ്മിഷണറും ഒരു ഹ്രസ്വചിത്രം നിർമിച്ചിരുന്നു. ഞങ്ങടെ ഹ്രസ്വചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാത്തതിനെ തുടർന്ന് അന്ന് ട്രാൻസ്ഫർ ചെയ്യുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. കമ്മിഷണർ നിർമിച്ച ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഒരു വിവരാവകാശം ഫയൽ ചെയ്തിരുന്നു. എന്നാൽ അന്ന് കമ്മിഷണർ സ്ഥലം മാറി പോയതിനാൽ അതിന് മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾക്കു ശേഷം അദ്ദേഹം തിരികെ വന്നപ്പോൾ വീണ്ടും അതുമായി വിവരാവകാശത്തിന് മറുപടി ചോദിച്ചു.

ആ ഹ്രസ്വചിത്രവുമായി കമ്മിഷണർക്ക് ബന്ധമൊന്നുമില്ലെന്നും പ്രചാരണത്തിനു വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചതാണെന്നും മറുപടി നൽകി. പിന്നീട് ‘കാടു പൂക്കുന്ന നേരം’ എന്ന സിനിമയിലെ 146ാം സീനിലെ സംഭാഷണമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതിന്നും കേരളത്തിന്റെ നെഞ്ചിൽ കത്തി നിൽക്കുന്നു എന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ടു. അതിനെ തുടർന്ന് ഒരു മെമ്മോ നൽകുകയും അന്വേഷണത്തിനു ശേഷം എന്റെ രണ്ട് ഇൻക്രിമെന്റ് താൽക്കാലികമായി കട്ട് ചെയ്യുന്നുവെന്നും അത് സ്ഥിരപ്പെടുത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടിസ് തന്നിരുന്നു. അതിന് ഞാൻ മറുപടിയും നൽകി. അതിന് പിന്നാലെയാണ് പ്രത്യേകമായി ഒരു കാരണവും കാണിക്കാതെ വളരെ വികലമായി ഒരു സ്ത്രീയെ അപമാനിക്കുകയും കൂടി ചെയ്ത് ഒരു സസ്പെൻഷൻ ഓർഡർ നൽകിയത്. കൂട്ടമായ അക്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും അത് വെളിച്ചത്തു കൊണ്ടുവരാനാണ് സമൂഹമാധ്യമങ്ങളിൽ എല്ലാം പറഞ്ഞതെന്നും  ഉമേഷ് വ്യക്തമാക്കുന്നു.

English Summary : Umesh Vallikkunnu reaction on suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com