ADVERTISEMENT

തിരുവനന്തപുരം ∙ സിഎജി റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത്.

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി ശ്രമിക്കുന്നത്. കിഫ്ബി വായ്പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സിഎജി ചൂണ്ടിക്കാണിച്ചതാണ് ഇടതു സർക്കാരിന്റെ വെപ്രാളത്തിന് കാരണം.

ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചതെന്ന് ജനങ്ങൾക്കറിയണം. കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്. തന്റെ അധികാരപരിധിക്കപ്പുറത്തുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയോടുള്ള കമ്യൂണിസ്റ്റുകാരുടെ വെറുപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തെ പരിഹസിക്കുന്ന ഇടതുസർക്കാരിന്റെ നയത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കും. അഴിമതി സംരക്ഷിക്കാൻ വേണ്ടി നിയമസഭയെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു സർക്കാരും രാജ്യത്ത് ഉണ്ടായിട്ടില്ല. സിഎജിയെ തകർക്കാനുള്ള പിണറായിയുടെ പൂതി നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: CAG report: K Surendran against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com