ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ചു വർഷത്തെ രാഷ്ട്രീയ പോരാട്ടങ്ങളുടെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഓർമകൾ പങ്കുവച്ച് നിയമസഭാ അംഗങ്ങൾ ഇടവേളയ്ക്കായി പിരിഞ്ഞു. പതിനാലാം കേരള സഭയുടെ 22–ാം സമ്മേളനം പൂർത്തിയാകുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കു പാർട്ടികൾ കടക്കുകയാണ്. അടുത്ത സഭയിൽ ആരൊക്കെ ഉണ്ടെന്നറിയാൻ ഇനി മൂന്നു മാസങ്ങൾ ബാക്കി.

സഭയുടെ അവസാന ദിവസവും പോരാട്ട വീര്യത്തിനു കുറവുണ്ടായില്ല. സിഎജി റിപ്പോർട്ടിലെ പരാമർശത്തിനെതിരെ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ പ്രതിപക്ഷം ശക്തിയായി എതിർത്തു. അടിയന്തരപ്രമേയത്തിൽ ചർച്ച നിഷേധിച്ചതിനെതിരെ ഇറങ്ങിപോക്കു നടത്തി. പി.സി.ജോർജ് അവസാനദിവസം ശാസന ഏറ്റുവാങ്ങി. മുതിർന്ന അംഗമായ വി.എസ്.അച്യുതാനന്ദന് അനാരോഗ്യത്തെത്തുടർന്ന് സമ്മേളനത്തിൽ പങ്കെടുക്കാനായില്ല.

വിവാദങ്ങൾക്കു സാക്ഷിയായ സമ്മേളന കാലയളവാണ് കഴിഞ്ഞുപോകുന്നത്. പൗരത്വ നിയമത്തെക്കുറിച്ച് പരാമര്‍ശമുള്ളതിന്റെ പേരിൽ നയപ്രഖ്യാപന പ്രസംഗം ഗവർണർ വിയോജിപ്പോടെ വായിച്ചത് ചരിത്രത്തിന്റെ ഭാഗമായി. മന്ത്രിസഭ നിശ്ചയിച്ച സഭാസമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിച്ചതും ആദ്യ സംഭവമായി.

സ്പീക്കർക്കെതിരെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കപ്പെട്ടതും ആദ്യം. സഭാ ചരിത്രത്തിൽ സ്പീക്കർക്കെതിരെ അവതരിപ്പിക്കപ്പെടുന്ന മുന്നാമത്തെ പ്രമേയം. സർക്കാരിനെതിരെ എല്ലാ ആയുധങ്ങളും പ്രയോഗിച്ച പ്രതിപക്ഷം, 2020 ഓഗസ്റ്റ് 24ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും 87–40 വോട്ടിനു തള്ളി. അവിശ്വാസ പ്രമേയത്തിനു മുഖ്യമന്ത്രി മുന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള മറുപടി നൽകിയതും ചരിത്രത്തിൽ ഇടം നേടി.

കിഫ്ബിയുടെ വിദേശ വായ്പയ്ക്കെതിരെ സിഎജിയുടെ പരാമര്‍ശമടങ്ങിയ റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിനു മുൻപ് ധനമന്ത്രി പുറത്തുവിട്ടതും പരിഗണനയിലെത്തി. എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ക്ലീൻ ചിറ്റ് നൽകിയെങ്കിലും പ്രതിപക്ഷം അതിനു തയാറാകാത്തത് സഭയെ പ്രക്ഷുബ്ധമാക്കി.

ബിജെപിക്ക് ആദ്യമായി അംഗത്തെ കിട്ടിയെന്ന പ്രത്യേകതയും പതിനാലാം സഭയ്ക്കു സ്വന്തം. ഒ.രാജഗോപാലിന്റെ സഭയിലെ നിലപാടുകൾ പക്ഷേ പാര്‍ട്ടിയിൽ പ്രതിഷേധത്തിനിടയാക്കി. സഭയിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന ജോസ് കെ.മാണി എൽഡിഎഫിന്റെ ഭാഗമായി. ലോക് താന്ത്രിക് ജനതാദളും എൽഡിഎഫിലേക്കെത്തി. എൻസിപി എൽഡിഎഫ് വിടുമോയെന്നറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം.

മന്ത്രിയായിരുന്ന തോമസ് ചാണ്ടി ആരോപണങ്ങളെ തുടർന്നു രാജിവച്ചു. മന്ത്രിമാരായ ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും വിവാദങ്ങളുടെ പേരിൽ രാജിവച്ചെങ്കിലും പിന്നീട് മടങ്ങിയെത്തി. കൃഷ്ണൻകുട്ടിക്കുവേണ്ടി മാത്യു ടി.തോമസ് മന്ത്രിസ്ഥാനം രാജിവച്ചു. 7 അംഗങ്ങൾ ഇക്കാലയളവില്‍ വിടവാങ്ങി. 230 ദിവസമാണു സഭ ചേർന്നത്.

English Summary: Kerala Assembly session roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com