ADVERTISEMENT

കോട്ടയം ∙ സംസ്ഥാന സർക്കാരിനും ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണ ലേഖനം തള്ളിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണം. സിപിഎമ്മിന്റെ സമുന്നത നേതാവായ എകെജിക്കൊപ്പം ഗുരുവായൂർ സത്യഗ്രഹത്തിൽ മന്നത്ത് പത്മനാഭനും സ്ഥാനം നൽകിയുള്ള ലേഖനം ചർച്ചയായിരുന്നു.

‘ഗുരുവായൂർ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. സത്യഗ്രഹ കമ്മിറ്റിയുടെയും പ്രചാരണ കമ്മിറ്റിയുടെയും നായകനായി തിരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെയാണ്. എന്നാൽ ഗുരുവായൂർ സത്യഗ്രഹ സ്മാരകം 2018 മേയ് 8ന് ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്തിനെ ഓർമിക്കാനോ സ്മാരകത്തിൽ പേരു വയ്ക്കാനോ സർക്കാർ തയാറാകാതിരുന്നത് അധാർമികവും ബോധപൂർവമായ അവഗണനയുമാണ്. ഇന്നത്തെ ഭരണകർത്താക്കൾ അവർക്കാവശ്യമുള്ളപ്പോൾ മന്നത്തിനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കയ്യിലെടുക്കാൻ ശ്രമിക്കുന്നു.

അതേസമയം തന്നെ അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണു കഴിഞ്ഞദിവസം ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ വന്ന ലേഖനം. സത്യഗ്രഹ സ്മാരകത്തിൽ മന്നത്തിന്റെ പേര് ഒഴിവാക്കിയതും ഈ ലേഖനവും ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പാണു കാണിക്കുന്നത്. ഇതു എൻഎസ്എസും മന്നത്തിന്റെ ആരാധകരും തിരിച്ചറിയുമെന്ന കാര്യം ബന്ധപ്പെട്ടവർ ഓർക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്തെന്ന് ഏവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ’– സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് മുൻനിർത്തി ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുരഞ്ജനപാത സ്വീകരിക്കാൻ സിപിഎം തയാറായ പശ്ചാത്തലത്തിലാണ് ‘നവോത്ഥാന പ്രസ്ഥാനവും മന്നത്ത് പത്മനാഭനും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ‘രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നവോത്ഥാന സമരത്തിൽ മന്നത്തിന്റെ സംഭാവനകളെ ചെറുതാക്കി കാണാൻ ആരും ഇഷ്ടപ്പെടില്ല. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ വൊളന്റിയർ ക്യാപ്റ്റനായിരുന്ന എകെജി നയിച്ച ജാഥ വിജയിപ്പിച്ചതിൽ മന്നം വഹിച്ച പങ്കു വലുതായിരുന്നു. കെ.കേളപ്പനും സുബ്രഹ്മണ്യൻ തിരുമുമ്പും എകെജിയും ഉൾപ്പെടെ വടക്കൻ കേരളത്തിൽനിന്നായിരുന്നു എങ്കിൽ മന്നത്ത് പത്മനാഭൻ തെക്കൻ കേരളത്തിൽനിന്നായിരുന്നു എന്ന പ്രത്യേകതയുണ്ട്’– ലേഖനത്തിൽ പറയുന്നു.

English Summary: NSS slams LDF government double stand on Mannathu Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com