ADVERTISEMENT

കൊച്ചി∙ പിറവം ഇലഞ്ഞിയിൽ ആഡംബര വീടു കേന്ദ്രീകരിച്ചു നടന്നുവന്ന കള്ളനോട്ട് അച്ചടി കേസ് അന്വേഷണ ചുമതല എറണാകുളം ക്രൈംബ്രാഞ്ചിന്. കേസ് അന്വേഷണം എസ്പി എം.കെ. സോജന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. സിഐ ആർ. ജോസിനാണ് അന്വേഷണ ചുമതല. എസ്പി കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കും.

കേസ് അന്വേഷിച്ചിരുന്ന കൂത്താട്ടുകുളം പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് കേസ് ഡയറി ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് ഉടൻ കോടതിയിൽ അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

കേസിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘം കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തത് സമ്മതിച്ചിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലഞ്ഞിയിലെ ആഡംബര വീട് അർധരാത്രിയിൽ വളഞ്ഞാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതികളെ വലയിലാക്കിയത്. ഏഴര ലക്ഷം രൂപയുടെ 500 രൂപാ കള്ളനോട്ടുകളാണ് ഈ വീട്ടിൽനിന്നു പൊലീസ് പിടിച്ചെടുത്തത്. ഇവിടെനിന്ന് അഞ്ചു പേരെയും പുറത്തായിരുന്ന മുഖ്യ കണ്ണി ഉൾപ്പെടെ രണ്ടു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേന്ദ്ര ഏജൻസികളാണ് പ്രതികളെ പിടികൂടിയതെങ്കിലും അന്വേഷണച്ചുമതല സംസ്ഥാന പൊലീസിനു കൈമാറിയിരുന്നു. 

പ്രതികൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് കറൻസികൾ, നോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറുകൾ, പ്രിന്ററുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം ബോധ്യമായത്. ഹൈദരാബാദിൽനിന്നാണ് നോട്ട് അച്ചടിക്കാനുള്ള കടലാസ് എത്തിച്ചിരുന്നതെന്നും മഷി വാങ്ങിയത് ഓൺലൈനിലൂടെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അച്ചടി സംഘത്തിന് വലിയ ശൃംഖലയുടെ പിന്തുണയുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽനിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യലിനു വിട്ടു കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളുടെ കസ്റ്റഡി തേടുന്നത്.

English Summary: Crime Branch to investigate Elanji Fake Currency printing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com