Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഓഫിസുകളിൽ ഇനി ആധാർ പഞ്ചിങ്; ആദ്യം സെക്രട്ടേറിയറ്റിൽ

aadhaar-logo

തിരുവനന്തപുരം∙ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നു. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണു വരുന്നത്.

വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴി വാങ്ങും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

നിലവിൽ സർക്കാർ ഓഫിസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജർ നിരീക്ഷിക്കാൻ മാത്രമാണ് ഇതുപയോഗിക്കുന്നത്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാൽ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജർ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഇൗ ഹാജർ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിർണയിക്കുക. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കിൽ ഒപ്പിടലിൽ ഇളവും ലഭിക്കും. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചുള്ള ആധാർ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല.

കേന്ദ്രസർക്കാരിന്റെ ഒട്ടേറെ ഓഫിസുകളിൽ എൻഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയർ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. ആധാർ ഡേറ്റാബേസുമായി ബന്ധിപ്പിക്കുകയും വേണം. പരിഷ്കാരത്തിനു മുന്നോടിയായി സ്പാർക്കിനെ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടൻ നടപ്പാക്കാൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. 

മുങ്ങൽ നടക്കില്ല; തുടർച്ചയായി വൈകിയാൽ അവധി രേഖപ്പെടുത്തും

മൂന്നുദിവസം തുടർച്ചയായി ഒരു മണിക്കൂർ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താൽ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫിസുകളിൽ ഒൗദ്യോഗിക ആവശ്യങ്ങൾക്കു പോകുന്ന ജീവനക്കാർ അവിടെ പഞ്ച് ചെയ്താൽ മതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.