Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി ക്വാർട്ടർ: വിദർഭയ്ക്കെതിരെ കേരളത്തിന് 412 റൺസിന്റെ കൂറ്റൻ തോൽവി

Faiz-Fazal വിദര്‍ഭയ്ക്കായി സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫയസ് ഫസൽ. (ചിത്രം: ബിസിസിഐ ടിവി)

സൂറത്ത് ∙ രഞ്ജി ട്രോഫിയിൽ സെമിഫൈനൽ പ്രതീക്ഷ നേരത്തെതന്നെ കൈവിട്ട കേരളത്തിന്, വിദർഭയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻ തോൽവി. 412 റൺസിനാണ് കേരളത്തെ വിദർഭ തകർത്തുവിട്ടത്. 578 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടാം ഇന്നിങ്സിൽ 165 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചുറി നേടിയ സൽമാൻ നിസാറിനൊഴികെ മറ്റാർക്കും കേരള നിരയിൽ ശോഭിക്കാനായില്ല. 104 പന്തുകർ നേരിട്ട സൽമാൻ നാലു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 64 റൺസെടുത്ത് പുറത്തായി. 16.2 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സർവതെയാണ് കേരളത്തെ തകർത്തത്.

സീസണിൽ കേരളത്തിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച ഇതരസംസ്ഥാന താരം ജലജ് സക്സേന ഇന്നിങ്സിന്റെ ആദ്യ പന്തിൽ ‘സംപൂജ്യ’നായി മടങ്ങിയപ്പോൾ തന്നെ കേരളത്തിന്റെ വിധി വ്യക്തമായിരുന്നു. സ‍ഞ്ജു സാംസൺ 18 റൺസെടുത്തും ക്യാപ്റ്റൻ സച്ചിൻ ബേബി 26 റൺസെടുത്തും പുറത്തായി. രോഹൻ പ്രേം 13 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ ‍(28), അരുൺ കാർത്തിക് (മൂന്ന്), ബേസിൽ തമ്പി (0), അക്ഷയ് ചന്ദ്രൻ (0), നിധീഷ് എം.ഡി (ആറ്), സന്ദീപ് വാരിയർ (നാല്) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം. 

സർവാധിപത്യവുമായി വിദർഭ

ബാറ്റിങിലും ബോളിങ്ങിലും ആധികാരികമായാണ് രണ്ടാം ഇന്നിങ്സിൽ വിദർഭ മത്സരം പിടിച്ചെടുത്തത്. മികച്ച ബാറ്റ്സ്മാൻമാരുണ്ടായിട്ടും ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും കേരളത്തെ എറി​ഞ്ഞൊതുക്കാൻ അവർക്കായി. ആദിത്യ സർവതെയും രജനീഷ് ഗുർബാനിയും ചേർന്നാണ് രണ്ടിന്നിങ്സുകളിലും കേരളത്തിന്റെ നടുവൊടിച്ചത്. ആദ്യ ഇന്നിങ്സിൽ ഗുർബാനി അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ സർവതെ ആറു വിക്കറ്റുകളും പിഴുതു.

ആദ്യ ഇന്നിങ്സിൽ കേരളത്തിന് മുന്നിൽ പകച്ചുപോയ വിദർഭയുടെ തനിനിറമാണ് രണ്ടാം ഇന്നിങ്സിൽ കണ്ടത്. വിശ്വരൂപം പുറത്തെടുത്ത വിദര്‍ഭ കൂറ്റൻ വിജയലക്ഷ്യവും കേരളത്തിന് മുന്നിൽ വെച്ചു. 507 റൺസാണ് രണ്ടാം ഇന്നിങ്സിൽ വിദർഭ താരങ്ങൾ നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫായിസ് ഫസലിന്റെയും വാങ്കഡെയുടെയും മികവിലാണ് മികച്ച സ്കോറിലേക്ക് വിദർഭയെത്തിയത്. അർധ സെഞ്ചുറി നേടി വസീം ജാഫർ, ഗണേഷ് സതീഷ്, എ.വി.വഡ്കർ എന്നിവരും രണ്ടാം ഇന്നിങ്സിൽ വിദർഭയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് പക്ഷെ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

സ്കോർ 143ല്‍ നിൽക്കെ മൂന്ന് വിക്കറ്റുകളാണ് േകരളം വലിച്ചെറിഞ്ഞത്. രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 507 റൺസെടുത്ത വിദർഭ തോൽവി ഒഴിവാക്കിയെന്ന് ഉറപ്പാക്കിയതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സിലെ 70 റൺസ് കടമുൾപ്പെടെ കേരളത്തിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 578 റൺസ്. 

അഞ്ചാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 431 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയുടെ മൂന്ന് വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. കരണ്‍ ശർമ (31 പന്തിൽ 7), ആദിത്യ സർവതെ (40 പന്തിൽ 22), രജനീഷ് ഗുർബാനി (14 പന്തിൽ 2) എന്നിവരാണ് പുറത്തായത്. കേരളത്തിനായി കെ.സി. അക്ഷയ് നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന മൂന്നും എം.ഡി. നിധീഷ് രണ്ടും വിക്കറ്റുകൾ നേടി. ഒന്നാം ഇന്നിങ്സിൽ വിദർഭ 246 റൺസെടുത്തപ്പോൾ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 176 റൺസിൽ അവസാനിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.