Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്യോപ്യൻ മുൻ പ്രസിഡന്റിന്റെ ജീവചരിത്രം രചിക്കാൻ മലയാളി

sivakumar-girma

ആഡിസ് അബാബ ∙ രണ്ടു തവണ എത്യോപ്യയുടെ പ്രസിഡന്റായിരുന്ന ഡോ. ഗിർമ വോൾഡി ഗോർഗിസിന്റെ ജീവചരിത്രം രചിക്കാൻ തിരുവനന്തപുരം സ്വദേശിയായ കെ. പി. ശിവകുമാറിനു ക്ഷണം. സംഭവ ബഹുലമായ ഗിർമയുടെ ജീവചരിത്രം രചിക്കാനുളള ശ്രമത്തിലാണ് ശിവകുമാർ. ഇംഗ്ലീഷ് പതിപ്പ് ജൂലൈ മാസം പ്രസിദ്ധീകരിക്കും. തുടർന്ന് മലയാളത്തിലും ഹിന്ദിയിലും പരിഭാഷയുണ്ടാകും.

ജനകീയനും രാഷ്ട്രീയ പാർട്ടികൾക്കെല്ലാം പൊതുസമ്മതനുമായ നേതാവെന്ന നിലയിൽ ഗിർമ വോൾഡി ഗോർഗിസ് പ്രശസ്തനാണ്. ഗാന്ധിജിയുടെ ആരാധകനാണ്. ദീർഘകാലം പ്രസിഡന്റായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2005 മുതൽ 2013 വരെ എട്ടു വർഷം രാഷ്ട്രപതിയായിരുന്നു. നാലു വർഷമാണ് എത്യോപ്യൻ പ്രസിഡന്റിന്റെ കാലാവധി.

ഹൈലെ സെലാസി ചക്രവർത്തി, തുടർന്ന് ഡെർഗ് കമ്യൂണിസ്റ്റ് ഭരണം, ഒടുവിൽ മെലിസ് സെനാവിയുടെ ജനാധിപത്യ പരീക്ഷണം എന്നീ കാലഘട്ടങ്ങളിൽ പരമപ്രധാനമായ ഗവൺമെന്റ് വകുപ്പുകളിൽ സേവനം ചെയ്തയാളാണ് തൊണ്ണൂറ്റൊന്നു വയസ്സുളള ഗിർമ. സൈനികനായി തുടങ്ങി പിൽക്കാലത്ത് പരമപ്രധാനമായ വകുപ്പുകളുടെ സാരഥ്യം ഏറ്റെടുത്തു. എത്യോപ്യയിൽ നിന്നും വേർപെടും മുൻപ് എറിത്രിയയിലും സേവനമനുഷ്ടിച്ചു.

ആഗോളതലത്തിൽ ഖ്യാതി നേടിയ എത്യോപ്യൻ എയർലൈൻസിന്റെ ഡയറക്ടർ ജനറലായ ആദ്യ എത്യോപ്യക്കാരനാണ്. തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഇദ്ദേഹമാണ് 50 വർഷങ്ങൾക്കു മുൻപ് രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

എത്യോപ്യായിലെ അംബോ പട്ടണത്തിൽ മൈക്രോ ബിസിനസ് കോളേജിൽ ഗവേഷണ, വികസന പ്രസിദ്ധീകരണ വിഭാഗം മേധാവിയാണ് ശിവ കുമാർ. അഞ്ചുവർഷം മുൻപാണ് എത്യോപ്യയിലെത്തുന്നത്. വിഖ്യാത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ഉദ്യോഗസ്ഥനായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ കാഷ്വൽ അനൗൺസറായും സേവനം നൽകിയിട്ടുണ്ട്. ഭാര്യ ഡോ. അഖില എസ്. നായർ അംബോ സർവകലാശാലയിൽ പരിസ്ഥിതി ശാസ്ത്ര വിഭാഗം അസി. പ്രൊഫസർ.

വാർത്ത∙ ശിവകുമാർ െക.പി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.