Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതപ്പൂമഴ പൊഴിക്കാൻ 60 അംഗ ഗായക സംഘം

choir-team-1

പ്രസ്റ്റൺ∙ ഒക്ടോബർ 9ന് പ്രസ്റ്റണിൽ വച്ചു നടക്കുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് പ്രാർത്ഥനാ ഗാനങ്ങൾ കൊണ്ട് സ്വർഗ്ഗീയ അന്തരീക്ഷം സൃഷ്ടിക്കുന്നത് 60ൽ പരം അംഗങ്ങളുടെ സ്വർഗ്ഗീയ സംഗീതം. യുകെയുടെ വിവിധ ഭാഗങ്ങളിലെ സിറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ഗാനശുശ്രൂഷയിൽ സഹായിക്കുന്നവരിൽ നിന്നാണ് ഗായക സംഘത്തെ തിരഞ്ഞെടുത്തത്. ഉപകരണ സംഗീതത്തിൽ കഴിവ് തെളിയിച്ചവരെയും ഗായകരായി പ്രാഗത്ഭ്യമുളളവരെയും ഒന്നിച്ചു ചേർക്കുന്ന ഈ സംഗീത വിരുന്നിന് നേതൃത്വം നൽകുന്നത് റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെയും റവ. ഫാ. ടോമി ചിറയ്ക്കൽ മണവാളന്റെയും നേതൃത്വത്തിലുളള കമ്മറ്റിയാണ്.

മെത്രാഭിഷേക കർമ്മങ്ങൾക്ക് പ്രത്യേകമായ ഗാനശുശ്രൂഷാ ക്രമം ഉളളതിനാൽ ഗായക സംഘത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പാടി പരിശീലിക്കാനും പഠിക്കാനുമായി ഗാനങ്ങൾ നൽകിക്കഴിഞ്ഞു. ഒക്ടോബർ 1ന് മുഴുവൻ ദിന പരിശീലന പരിപാടി ഗായക സംഘത്തിനായി നടത്തും. അതിനു മുമ്പായി വിവിധ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരുടെ ഒരുമിച്ചുളള പരിശീലനവും ഉണ്ടായിരിക്കും.

ഫാ. സെബാസ്റ്റ്യൻ, എം. ടോമി എന്നിവരെ കൂടാതെ ജോൺസൺ സെബാസ്റ്റ്യൻ, ജോജോ, ടൈറ്റസ് എന്നിവരും ഈ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഈ പുതിയ സംരംഭത്തിന് സാരഥിയാകുമ്പോൾ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയ്ക്ക് നിരവധി പൗരോഹിത്യ സ്വീകരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ പരിചയം മുതൽ കൂട്ടായുണ്ട്. കേരളത്തിൽ വച്ചു നടന്ന മറ്റു മെത്രാഭിഷേകങ്ങളിൽ ഗായക സംഘത്തിൽ അംഗങ്ങളായി പ്രവർത്തിച്ചവരുടെ സാന്നിധ്യവും ഈ ഗാനശുശ്രൂഷകൾക്ക് കരുത്തേകും. കരോക്കേ സംഗീതം കഴിവതും ഒഴിവാക്കി തൽസമയ ഉപകരണ സംഗീതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ക്വയർ കോ ഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ അറിയിച്ചു. മെത്രാഭിഷേകം നടക്കുന്ന ഒക്ടോബർ 9ന് ഉച്ചയ്ക്ക് 12 മണി മുതൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാനശുശ്രൂഷകളും ജപമാല പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 18ന് ഉച്ചയോടു കൂടി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നിയുക്ത ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലിനെ മെത്രാഭിഷേക കമ്മറ്റികളുടെ ജനറൽ കൺവീനർ റവ. ഫാ. തോമസ് പാറയടിയിൽ, ജോയിന്റ് കൺവീനർ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ, സ്വീകരണ കമ്മറ്റി കൺവീനർ റവ. ഫാ. സജി മലയിൽ പുത്തൻപുര, മറ്റ് കമ്മറ്റി അംഗങ്ങൾ, വിശ്വാസി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. വൈകിട്ട് 5.30ന് പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ച് തന്റെ പുതിയ ശുശ്രൂഷാ മേഖലയ്ക്ക് നിയുക്ത മെത്രാൻ തുടക്കം കുറിക്കുകയും ചെയ്യും.

വാർത്ത ∙ എ. ബിജു ജോസഫ് കുന്നയ്ക്കാട്ട്
 

Your Rating: