Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലെവല്‍ പരീക്ഷാഫലം : മിന്നുന്ന പ്രകടനത്തിലൂടെ മലയാളി കുട്ടികളുടെ ആധിപത്യം

ലണ്ടൻ∙ യുകെയിലെ എലെവല്‍ പരീക്ഷാഫലം പുറത്തുവന്നു. 98 ശതമാനം പേരാണ് ഇക്കുറി വിജയികളായിരിക്കുന്നത്. ഇരുപത്തിയാറ് ശതമാനം പേര്‍ എയും എ സ്റ്റാറും നേടി വിജയിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ പരീക്ഷ എഴുതിയ മലയാളി വിദ്യാര്‍ഥികളുടെ മിന്നുന്ന പ്രകടനം ഇക്കുറിയും ആവര്‍ത്തിച്ചു.

98 ശതമാനം വിജയം കൈവരിച്ചതോടെ യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായുള്ള മത്സരം കടുക്കാനാണ് സാധ്യത. യൂണിവേഴ്‌സിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരിധി എടുത്ത് മാറ്റിയതിനാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുമെങ്കിലും അപേക്ഷകരുടെ ബാഹുല്യം യൂണിവേഴ്‌സിറ്റികളെ സമ്മര്‍ദ്ദത്തിലാക്കും. 4,24,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്. എയും എസ്റ്റാറും നേടിയ കുട്ടികളുടെ എണ്ണത്തില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഈ വര്‍ഷം 8.5 ശതമാനം ആണ്‍കുട്ടികള്‍ക്കാണ് എ സ്റ്റാര്‍ ലഭിച്ചത്. എന്നാല്‍ 7.7 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് എസ്റ്റാര്‍ ലഭിച്ചിരിക്കുന്നത്. 25.9 ശതമാനം പെണ്‍കുട്ടികള്‍ എ ഗ്രേഡ് നേടിയെങ്കില്‍ 25.8 ശതമാനം ആണ്‍കുട്ടികള്‍ എ ഗ്രേഡ് നേടി. ഏക്കാലത്തേയും മികച്ച വിജയമാണ് ഇക്കുറി ഇയുരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നേടിയെടുത്തത്. മികച്ച ഗ്രേഡ് നേടിയെടുത്ത ഇയു വിദ്യാര്‍ത്ഥികള്‍ 26,800 ആണ്. മൊത്തം 98.1 ശതമാനം പേര്‍ പാസ്സായിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലേതുപോലെ മികച്ച വിജയം നേടിയാണ് മലയാളി വിദ്യാര്‍ഥികള്‍ തിളങ്ങിയത്. ബേസിംഗ്‌സ്‌റ്റോക്കില്‍ താമസിക്കുന്ന അങ്കമാലി സ്വദേശിയായ കല്ലൂക്കാരന്‍ പീറ്റര്‍ ജേക്കബിന്റെയും ജോഫി പീറ്ററിന്റെയും മകനായ ജയിംസ് പീറ്റര്‍ മൂന്ന് എ സ്റ്റാറും ഒരു എയും നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ എന്‍ജിനീയറിംഗിന് ചേരുന്ന ജയിംസ് ഭാവിയില്‍ എന്തു ജോലി തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ജയിംസ് എ സ്റ്റാര്‍ സ്വന്തമാക്കിയത്. ഫര്‍തര്‍ മാത്തമാറ്റിക്‌സില്‍ എയും ലഭിച്ചു. ജയിംസിന്റെ പിതാവ് പീറ്റര്‍ ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ടീച്ചറാണ്. മാതാവ് ജോഫി ഹാംഷെയര്‍ കൗണ്ടി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ഇരട്ട സഹോദരിമാരാണ് ജയിംസിനുള്ളത്. ഇവര്‍ നാട്ടില്‍ പഠിക്കുന്നു.

വോക്കിംഗില്‍നിന്നുള്ള വൈശാഖ് ശശികുമാര്‍ മൂന്ന് എ സ്വന്തമാക്കിയാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. സെന്റ് പീറ്റേഴ്‌സ് ഹോസ്പിറ്റല്‍ ജീവനക്കാരായ ശശികുമാറിന്റെയും രേണുകയുടെയും മകനാണ്. വീടിനു തൊട്ടടുത്തുതന്നെയുള്ള സറെ യൂണിവേഴ്‌സിറ്റിയില്‍ എയ്‌േറാ സ്‌പേസ് എന്‍ജിനീയറിംഗിനു ചേര്‍ന്ന വൈശാഖിന്റെ സഹോദരന്‍ ജിഎസ്്എസ് സി പരീക്ഷ എഴുതി റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്.

രണ്ട് എ സ്റ്റാറും ഒരു എ യും നേടിയ ബെല്‍ഫാസ്റ്റിലെ അലീനയുടെ ആഗ്രഹം ഒരു ഡോക്ടറാകുക എന്നതാണ്. ഇതിനായി ബെല്‍ഫാസ്റ്റിലെ ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു ചേര്‍ന്നുകഴിഞ്ഞു ഈ മിടുക്കി. കോട്ടയം കല്ലറ സ്വദേശിയായ ജോയ്‌മോന്‍ ലൂക്കോസിന്റെയും ജോളിയുടെ മകളാണ് അലീന ജോയി. സഹോദരി അനീഷ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ജോയ്‌മോന്‍ ബെല്‍ഫാസ്റ്റ്് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജ് ജീവനക്കാരനാണ്. ജോളി ബെല്‍ഫാസ്റ്റിലെ മാറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിനോക്കുന്നു. അഡ്മിഷന്‍ ലഭിക്കാന്‍ വളരെ പ്രയാസമുള്ള ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ കടുത്ത ഇന്റര്‍വ്യൂകളും മറ്റും തരണം ചെയ്ത് നേടിയെടുത്ത മെഡിസിന്‍ അഡ്മിഷനു തൊട്ടുപുറകെ എ ലെവല്‍ പരീക്ഷയില്‍ മികച്ച വിജയംകൂടി നേടാനായത് അലീനയ്ക്കും കുടുംബത്തിനും ഇരട്ടി മധുരം സമ്മാനിച്ചു.

വാർത്ത∙ ഷൈമോൻ തോട്ടുങ്കല്‍ 

Your Rating: