Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ്‌വർക്ക് നാലാം വർഷത്തിലേക്ക്

ലണ്ടൻ ∙ ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ്‌വർക്കിന്റെ (BAWN) മൂന്നാമത് പിങ്ക് ജന്മദിനം സെപ്റ്റംബർ 25ന് ഞായറാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഈസ്റ്റ്ഹാമിലെ ന്യൂഹാംടൗൺ ഹാളിൽ വെച്ച് ഉച്ചക്ക് 3 മണിക്ക് ആഘോഷത്തിന് ആരംഭം കുറിക്കും.

ബ്രെസ്റ്റ് കാൻസർ രോഗ ബോധവൽക്കരണവും കാൻസർ റിസേർച്ചിനുളള സഹായനിധി സ്വരൂപിച്ചു നൽകിയും സ്ത്രീ ശാക്തീകരണ പരിപാടികളിലൂടെയും മികച്ച മാതൃക കാട്ടി പോരുന്ന ‘ബോൺ’ വൈവിദ്ധ്യമായ കലാ പരിപാടികൾ കൂട്ടിച്ചേർത്ത് തങ്ങളുടെ മൂന്നാം ജന്മ ദിനാഘോഷം ഗംഭീരമാക്കുവാനുളള ഒരുക്കത്തിലാണ്.

സംഘാടക സമിതി ഒരുക്കിയ സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസും, ചോദ്യോത്തര വേളയും രോഗ സംബന്ധമായ അറിവിന്റെ വാതായനം തുറന്നു നൽകും. ജന്മദിനാഘോഷവേളയിൽ സാമൂഹ്യ, സാഹിത്യ മേഖലകളിൽ ആദരണീയരായ വ്യക്തികളെ അനുമോദിക്കും. പ്രമുഖ വ്യക്തികൾ പരിപാടികളിൽ പങ്കുചേരുന്നതാണ്.

പിങ്ക് തുണി വിരിച്ച പീഠത്തിൽ അർബ്ബുദ രോഗം പിടിപെട്ട സ്നേഹ മനസ്സുകളെ ഓർമ്മിച്ചും മൺമറഞ്ഞുപോയ പ്രിയ സോദരർക്ക് ആദരം അർപ്പിച്ചും പ്രാർത്ഥനാപൂർവ്വം 3 പിങ്ക് മെഴുകുതിരികൾ തെളിച്ചു കൊണ്ട് മൂന്നാം ജന്മദിന ആഘോഷത്തിന് ആരംഭം കുറിക്കും.

മൂന്നാം വാർഷിക ആഘോഷത്തിൽ ചെയർ വുമണും, രാഷ്ട്രീയ– സാഹിത്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായ ഡോ. ഓമന ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും. പൊതുവേദികളിൽ വനിതകളുടെ അനിവാര്യ, അവകാശ ശബ്ദമായ ‘ബോൺ’ എന്ന സംഘടന ബ്രിട്ടനിലുളള ഏഷ്യൻ വനിതകളുടെ ഉന്നമനത്തിനായി ഇതുവരെ ചെയ്ത പരിപാടികളും ഭാവി പ്രവർത്തന പദ്ധതികളും അദ്ധ്യക്ഷ വിശദമാക്കി സംസാരിക്കും.

ബ്രെസ്റ്റ് കാൻസർ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസുമായി ചേർന്നാണ് ‘ബോൺ’ കാരുണ്യനിധി സമാഹരിക്കുന്നത്. കലാപരിപാടികൾക്കുശേഷം നന്ദി പ്രകടനത്തോടെ ബോൺ പിങ്ക് ജന്മ ദിനാഘോഷം സമാപിക്കും.

പുതുതലമുറയെ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നോട്ടു കൂട്ടി കൊണ്ട് വരുവാനും ബോൺ പദ്ധതിയിട്ടിരുന്നു. ബോൺ ജന്മദിനാഘോഷത്തിൽ പങ്കു ചേരുന്നവർ പിങ്ക് വസ്ത്രങ്ങൾ ധരിച്ചു വരുവാൻ പ്രത്യേകം താല്പര്യപ്പെടുന്നതായി ഡോ. ഓമന അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

വിവരങ്ങള്‍ക്ക് - ഡോ. ഓമന ഗംഗാധരൻ: 077 6682 2360 1930, www.facebook.com/agathynari/photos.

വാർത്ത∙ ഫിലിപ്പ് എബ്രഹാം 

Your Rating: