Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് നഗരങ്ങളിലെ ബിഎച്ച്എസ് സ്റ്റോറുകൾ ഇനി ഓർമയിൽ, ജോലി പോയത് 11,000 പേർക്ക്

ലണ്ടൻ∙ ബ്രിട്ടനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിഎച്ച്എസിന്റെ (ബ്രിട്ടീഷ് ഹോം സ്റ്റോഴ്സ്) അവസാനത്തെ 22 ശാഖകളും ഇന്നലെ അടച്ചുപൂട്ടി. ബ്രിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്എസിന്റെ 164 ശാഖകൾക്കുംതാഴുവീണതോടെ 11,000 പേർക്ക് തൊഴിൽ നഷ്ടമായി. ഇവരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അനിശ്ചിതത്വത്തിലാണ്.

മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം നഷ്ടത്തിലായ കമ്പനി കഴിഞ്ഞ മാർച്ചു മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. ഇവർ ചില സ്റ്റോറുകളെങ്കിലും വിൽക്കാൻ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചത്. 141 സ്റ്റോറുകൾ കഴിഞ്ഞ ആഴ്ചകളിൽ പൂട്ടിയിരുന്നു. അവശേഷിച്ച 22 സ്റ്റോറുകളാണ് ഇന്നലെ പൂട്ടിയത്.

സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി 70 മുതൽ 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചതോടെ ഇന്നലെ ബിഎച്ച്എസ് സ്റ്റോറുകൾക്കുമുന്നിൽ പതിവില്ലാത്ത ക്യൂവായി. അവിശ്വസിനീയമായ വിലക്കുറവിൽ ആളുകൾ വേണ്ടതും വേണ്ടാത്തതുമെല്ലാം വാരിക്കൂട്ടി. വൈകുന്നേരമായപ്പോൾ പല സ്റ്റോറുകളിലും അവശേഷിച്ചത് കാലിയായ റാക്കുകൾ മാത്രം. ചില സ്റ്റോറുകളിൽ ക്യൂ നിയന്ത്രിക്കാൻ സ്റ്റാഫ് നന്നേ ബുദ്ധിമുട്ടി. വിലക്കുറവിന്റെ സന്തോഷത്തിൽ ഉപഭോക്താക്കൾ തിരക്കുകൂട്ടിയപ്പോൾ വിഷമം ഉള്ളിലൊതുക്കി അവസാനദിവസത്തെ ജോലിയിലായിരുന്നു സ്റ്റോറുകളിലെ തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാർ.

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും വിൽക്കുന്ന ബിഎച്ച്എസ് സ്റ്റോറുകൾ 1928 മുതലാണ് പ്രമുഖ അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിൽ യുകെയിലെ ഹൈസ്ട്രീറ്റുകളിൽ പ്രവർത്തനം തുടങ്ങിയത്. സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലായിരുന്നു ആദ്യ സ്റ്റോർ. ശൃംഖല വിപുലമായതോടെ ഫർണിച്ചർ, ഇലക്ട്രോണിക്സ്, എന്റർടൈൻമെന്റ് വിഭാഗങ്ങളിലേക്കും സ്റ്റോറുകൾ വിപുലീകരിച്ചു. പെർഫ്യൂം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്കു മാത്രമായും ചിലയിടങ്ങളിൽ  സ്റ്റോറുകൾ തുറന്നു. ഒരു ഘട്ടത്തിൽ യുകെയിൽ മാത്രം 164 സ്റ്റോറുകളും 74 ഇന്റർനാഷണൽ സ്റ്റോറുകളുമായി കമ്പനി വളർന്നു.

രണ്ടായിരാമാണ്ടിൽ റീട്ടെയിൽ വ്യവസായരംഗത്തെ അതികായനായ സർ ഫിലിപ്പ് ഗ്രീൻ എന്ന വ്യവസായി  കമ്പനി ഏറ്റെടുത്തു. മാനേജ്മെന്റ് മാറിയതോടെ കമ്പനി നഷ്ടത്തിലായി. ജീവനക്കാരുടെ പെൻഷൻ പദ്ധതിയുൾപ്പെടെ താറുമാറായതോടെ 2009 മുതൽ കമ്പനിയുടെ പ്രവർത്തനം സുഗമമല്ലാതായി. 2015ൽ സർക്കാർ ഇടപെടലോടെ ചില റീട്ടെയിൽ ഡീലർമാരുടെ ഒരു കൺസോർഷ്യം കമ്പനി ഏറ്റെടുത്തെങ്കിലും രക്ഷയുണ്ടായില്ല. തുടർന്നായിരുന്നു അഡ്മിനിസ്ട്രേഷൻ ഭരണവും അടച്ചുപൂട്ടൽ നടപടികളും.

മാർച്ചുമുതൽ വിൽപനയ്ക്കു വച്ച കമ്പനി ആരും ഏറ്റെടുക്കാൻ എത്തിയില്ല. ജൂലൈയിൽ കമ്പനി വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചു. ദിവസേനയെന്നോണം സ്റ്റോറുകൾ പൂട്ടിയ കമ്പനി അവസാനത്തെ 22 സ്റ്റോറുകൾ ഇന്നലെ ഒറ്റയടിക്കു നിർത്തിയതോടെ 88 വർഷത്തെ പാരമ്പര്യമുള്ള ഒരു വമ്പൻ ബിസിനസിന് അന്ത്യമായി.

2010ൽ യൂറോപ്പിനെ ആകെ ബാധിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിൽനിന്നും കരകയറാനാകാതെ പോയതാണ് ഭീമൻ റീട്ടെയിൽ ശൃംഖലയെ ഈ വിധം തളർത്തിയത്. മാന്ദ്യകാലത്ത് ബിഎച്ച്എസിന് സമാനമായ ‘വൂൾവർത്ത്’ റീട്ടെയിൽ ശൃംഖലയും ഇലക്ട്രോണിക്- ഇലക്ട്രിക് സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങളായിരുന്ന കൊമെറ്റ് ശൃംഖലയും ഇത്തരത്തിൽ അടച്ചുപൂട്ടിയിരുന്നു.
വൂൾവർത്ത്, കൊമെറ്റ് സ്റ്റോറുകൾക്കൊപ്പം ബിഎച്ച്എസും ഇനി ബ്രിട്ടീഷ് ഉപയോക്താക്കളുടെ ഓർമകളിൽ മാത്രം നിലനിൽക്കും.  

Your Rating: