Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് : ജപ്പാൻ കമ്പനികൾ ബ്രിട്ടനിൽ നിന്ന് ആസ്ഥാനം മാറ്റുന്നു

ലണ്ടൻ∙ബ്രെക്സിറ്റിനെത്തുടർന്ന് യൂറോപ്പിലെ തങ്ങളുടെ കമ്പനികളുടെ പലതിന്റെയും ആസ്ഥാനം ബ്രിട്ടനിൽനിന്നും മാറ്റാൻ ജപ്പാൻ തീരുമാനിച്ചു. കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിന് ഈ തീരുമാനം അനിവാര്യമാണെന്ന് ജപ്പാൻ സർക്കാർ ബ്രിട്ടനെ അറിയിച്ചു.

യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ബ്രിട്ടന് ബാധകമല്ലാതാകുന്നതോടെ തങ്ങളുടെ കമ്പനികളുടെ ആസ്ഥാനം ബ്രിട്ടനിൽനിന്നും മാറ്റാതെ മാർഗമില്ലാതാകുമെന്നാണ് ജപ്പാൻ വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് സർക്കാരിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. കമ്പനികളുടെ ആശങ്കകൾ വ്യക്തമായി പരിഹരിക്കാൻ ബ്രിട്ടീഷ് സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ ഇതുമൂലമുണ്ടാകുന്ന തൊഴിൽ- വരുമാന നഷ്ടം അതിഭീമമാകും.

1,40,000 പേരാണ് വിവിധ ജപ്പാൻ കമ്പനികളിലായി ബ്രിട്ടനിൽ ജോലിചെയ്യുന്നത്. നോമുറ ബാങ്ക്, ഹിറ്റാച്ചി, കാർ നിർമാതാക്കളായ ഹോണ്ട, നിസാൻ, ടൊയോട്ട തുടങ്ങിയവയാണ് ഇവരിൽ വമ്പന്മാർ. ബിസിനസ് ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്നാണ് ജാപ്പനീസ് സർക്കാർ ബ്രിട്ടനെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. റഫറണ്ടത്തിനു മുമ്പും ജപ്പാൻ കമ്പനികൾ ഇക്കാര്യത്തിൽ സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു.

ചൈനയിൽ ജി-20 ഉച്ചകോടിയ്ക്കിടെ ജപ്പാൻ പ്രധാനമന്ത്രിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയ് ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തുമെന്നാണ് സൂചന.
 

Your Rating: