Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് നടപടികൾ വേഗത്തിലാക്കും, യൂറോപ്പിനു വെളിയിൽ അവസരങ്ങൾ തേടും: തെരേസ മേയ്

Theresa May

ലണ്ടൻ∙ പാർലമെന്റിന്റെ അനുമതി കൂടാതെതന്നെ ബ്രെക്സിറ്റ് നടപടികൾ ആരംഭിക്കാൻ ബ്രിട്ടന്റെ തീരുമാനം. യൂറോപ്യൻ യൂണിയനു വെളിയിലുള്ള അവസരങ്ങൾക്കായി കൂടുതൽ ശ്രദ്ധചെലുത്താനും പ്രധാനമന്ത്രി തെരേസ മേയ് മന്ത്രിമാർക്ക് നിർദേശം നൽകി. ഞായർ, തിങ്കൾ ദിവസങ്ങളിലായി ചൈനയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുൻപായി വിളിച്ചുചേർത്ത സമ്പൂർണ കാബിനറ്റ് യോഗത്തിലാണ് ബ്രെക്സിറ്റ് നടപടികൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഒരു സാഹചര്യത്തിലും രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാധ്യതയില്ലെന്നും പിൻവാതിലിലൂടെ യൂറോപ്യൻ യൂണിയനിൽ തുടരാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രെക്സിറ്റ് എന്നാൽ ബ്രെക്സിറ്റ് എന്നാണർഥം. ഇതിൽ പുനരാലോചനയ്ക്കു പ്രസക്തിയില്ല. യൂണിയനിലെ അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഈ വർഷം ആരംഭിക്കില്ലെന്നും അവർ പറഞ്ഞു.

ലണ്ടൻ നഗരത്തിനു വെളിയിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്സിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു. ഇതു തയാറാക്കിവരാൻ വേനലവധിക്കു മുൻപു പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.

ക്യാബിനറ്റ് യോഗത്തിനു തൊട്ടുമുമ്പ് പരസ്യമായി നടത്തിയ പ്രഖ്യാപനത്തിലാണ് ബ്രെക്സിറ്റ് സംബന്ധിച്ച സർക്കാരിന്റെ വ്യക്തമായ നിലപാടുകൾ പ്രധാനമന്ത്രി വിശദീകരിച്ചത്. ജനങ്ങളുടെ തീരുമാനം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഒപ്പം പുതിയ അവസരങ്ങൾ തേടാനും ശ്രമിക്കും. ഇത്തരത്തിൽ പുതിയൊരു രീതിയാകും ബ്രിട്ടൻ ലോകരാഷ്ട്രങ്ങൾക്കിടയിൽ അവലംബിക്കുക.

ബ്രെക്സിറ്റിലൂടെ വിജയം നേടാനാകും ബ്രിട്ടൻ ശ്രമിക്കുക. അതിനാൽ ഇക്കാര്യത്തിൽ പുതിയൊരു റഫറണ്ടത്തിന് പ്രസക്തിയില്ല. യൂണിയനിൽ തുടരാനുള്ള ഒരു ശ്രമവും പിൻവാതിലിലൂടെ നടത്തുകയുമില്ല- അർധശങ്കയ്ക്കിടയില്ലാതെ അവർ വ്യക്തമാക്കി.

2017ലാകും യൂണിയൻ വിടുന്നതിനുള്ള ആർട്ടിക്കിൾ 50 അനുസരിച്ചുള്ള നടപടിക്രമങ്ങൾ തുടങ്ങുക. തുടങ്ങിയാൽ രണ്ടുവർഷത്തിനുള്ളിൽ അവ പൂർത്തിയാക്കും.

ജൂൺ 23നാണ് യൂറോപ്യൻ യൂണിയൻ വിട്ടു പുറത്തുവരാൻ ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 48.1 ശതമാനം വോട്ടിനെതിരേ 51.9 ശതമാനത്തിനായിരുന്നു ചരിത്രപരമായ ഈ തീരുമാനം. യൂണിയനിൽ തുടരണമെന്ന നിലപാടെടുത്ത പ്രധാനമന്ത്രി ഡേവിഡ് കാമറൺ ഇതേത്തുടർന്ന് രാജിവച്ചു. തുടർന്നാണ് തെരേസ മേയ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ബ്രെക്സിറ്റ് ക്യാംപെയിനിൽ കാമറണിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നെങ്കിലും പ്രധാനമന്ത്രിയായതോടെ തെരേസ നിലപാടു മാറ്റി. ഇപ്പോൾ ബ്രെക്സിറ്റിന്റെ ശക്തയായ വക്താവായിരിക്കുകയാണവർ .

രണ്ടുമാസത്തിനിടെ ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി നേരിട്ടു കൂടിക്കാഴ്ച നടത്തിയ തെരേസ ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ചൈനയിൽ നടക്കുന്ന ജ-20 ഉച്ചകോടിയിൽ പ്രമുഖരായ ലോകനേതാക്കളുടെയെല്ലാം പിന്തുണ തേടിക്കൊണ്ടാകും ബ്രിട്ടൺ ബ്രക്സിറ്റ് നടപടികളുമായി മുന്നോട്ടു പോവുക. ഇതിനുള്ള മുന്നൊരുക്കമായിരുന്നു ചെക്കേഴ്സിലെ ഇന്നലത്തെ സമ്പൂർണ ക്യാബിനറ്റ് യോഗം.
 

Your Rating: