Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷുകാർക്ക് യൂറോപ്പ്യൻ രാജ്യങ്ങളിൽ യാത്രചെയ്യാൻ വീസ എടുക്കേണ്ടിവരും

ലണ്ടൻ∙ ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാകുന്നതോടെ ബ്രട്ടീഷ് പൗരന്മാർക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ ഓരോ രാജ്യത്തിന്റെയും വീസ എടുക്കേണ്ടിവന്നേക്കും. യൂണിയൻ അംഗരാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഷെങ്കൺ സോണിലെ 26 രാജ്യങ്ങളിൽ വീസയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും എത്രകാലം വേണമെങ്കിലും താമസിക്കാനുമുള്ള സൗകര്യം ഇപ്പോൾ ബ്രിട്ടീഷ് പൗരന്മാർക്കുണ്ട്. ഈ അവകാശം എടുത്തുകളയാനാണ് യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആലോചിക്കുന്നത്.

ബ്രെക്സിറ്റ് ചർച്ചകൾക്കു മുന്നോടിയായി യൂണിയന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കുന്ന കരടു രേഖയിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങളുള്ളത്. ഈ നിർദേശം നടപ്പിലായാൽ ബ്രിട്ടീഷുകാരുടെ അവധിയാത്രകൾ കൂടുതൽ ചെലവേറിയതാകും. ഓരോ യൂറോപ്യൻ രാജ്യത്തേക്കും യാത്രചെയ്യാൻ സഞ്ചാരികൾ ഹ്രസ്വകാല വീസകൾക്ക് അപേക്ഷിക്കേണ്ടിവരും.

ബ്രെക്സിറ്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ബ്രിട്ടനിലെത്താനായി എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാരും വീസ എടുക്കേണ്ടതുണ്ട്. ഇതിനു പ്രതികാരമെന്ന വിധമാണ് ഇപ്പോൾ ബ്രിട്ടീഷ് പൗരന്മാർക്കും യൂറോപ്യൻ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂണിയന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നിർദേശം വയ്ക്കുന്നത്.

പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരം സംബന്ധിച്ച വിഷയങ്ങൾ ബ്രെക്സിറ്റ് ചർച്ചകളെ സങ്കീർണമാക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് യൂണിയന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം. പത്തുലക്ഷത്തോളം ബ്രിട്ടീഷുകാർ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നതിനാൽ ഇക്കാര്യത്തിൽ വലിയ കടുംപിടുത്തം ബ്രിട്ടന് സാധ്യമാകില്ല. സഞ്ചാരപ്രിയരായ ബ്രിട്ടീഷുകാരുടെ അവധിയാത്രകൾ ഏറെയും യൂറോപ്യൻ രാജ്യങ്ങളിലേക്കാണെന്ന സത്യവും ചർച്ചകളിൽ ബ്രിട്ടനെ വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാക്കും.  

Your Rating: