Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരക്കൊഴിഞ്ഞപ്പോൾ അവധിയാഘോഷിച്ച് കാമറൺ, തിരക്കിലും അവധി മുടക്കാതെ മേയ്

cameron-holiday

ലണ്ടൻ∙ ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാൻ തീരുമാനിച്ചതോടെ പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന ഡേവിഡ് കാമറൺ കുടുംബത്തോടൊപ്പം തുടർച്ചയായ അവധി ആഘോഷത്തിലാണ്. നേതാവിന്റെ തിരക്കും പോലീസ് അകമ്പടിയും എല്ലാം അകറ്റിനിർത്തി സാധാരണക്കാരെപ്പോലെ. അധികാരം വിട്ടൊഴിഞ്ഞാലും ഏറെക്കാലം അതിന്റെ ലഹരിയിലും നിരാശയിലും കഴിയുന്ന നേതാക്കൾ കണ്ടു പഠിക്കേണ്ടതാണ് ഈ മാതൃക.

ബ്രിട്ടണിലെ തിരക്കേറിയ കോൺവാൾ ബീച്ചിൽ ഭാര്യ സാമന്തയ്ക്കൊപ്പം ഇളവെയിൽകൊണ്ടും കുട്ടികൾക്കൊപ്പം മണലിൽ കളിച്ചു സമയം ചെലവിട്ടും ബീച്ചിലെ കോൺക്രീറ്റ് ബഞ്ചിലിരുന്ന് ഫിഷ് ആൻഡ് ചിപ്സ് കഴിച്ചും അദ്ദേഹം വെറും സാധാരണക്കാരനായി. പ്രധാനമന്ത്രിപദം രാജിവച്ചതിന്റെ പിറ്റേന്നുതന്നെ ഔദ്യോഗിക വസതിയായ ഡൗണിംങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽനിന്നും പടിയിറങ്ങിയ കാമറൺ സ്വന്തം പുസ്തകങ്ങളും മറ്റും പെട്ടിയിലാക്കി സ്വയം ചുമന്നുകൊണ്ടുപോകുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുടുംബത്തോടൊപ്പം കോൺവാളിലെ ബീച്ചിൽ സമയം ചെലവിടുന്ന ചിത്രങ്ങളും മാധ്യമങ്ങൾ ഏറ്റെടുത്തത്.

രാഷ്ട്രീയക്കാർക്ക് അവധി അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴും കുടുംബത്തോടൊപ്പം ആഴ്ചകൾനീളുന്ന അവധിയാഘോഷിക്കാൻ സമയം കണ്ടെത്തിയിരുന്നു.
അധികാരം വിട്ടൊഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽതന്നെ ക്രൊയേഷ്യയിലേക്ക് യാത്രപോയ അദ്ദേഹം ഒരു ഫ്രഞ്ച് ദ്വീപിലുള്ള ലക്ഷ്വറി വില്ലയിൽ ദിവസങ്ങൾ ചെലവിട്ടശേഷമാണ് തിരിച്ചെത്തിയത്. ഇപ്പോൾ കേവലം എംപി മാത്രമായ അദ്ദേഹം പാർലമെന്റ് സെപ്റ്റംബർ ഏഴുവരെ അവധിക്കു പിരിഞ്ഞതോടെ വീണ്ടും കുടുംബത്തോടൊപ്പം ആഘോഷത്തിലായി. ഇതിന്റെ ഭാഗമായിരുന്നു കോൺവാളിലെ പോൾസേത്ത് ബീച്ചിലേക്കുള്ള യാത്ര.

may-haoliday

കാമറണും കുടുംബവും സ്ഥിരമായി സന്ദർശനം നടത്തുന്ന ബീച്ചുകളിലൊന്നാണിത്.
പുതിയ പ്രധാനമന്ത്രി തെരേസ മേയും എത്ര തിരക്കായാലും അവധിയാഘോഷം മുടക്കുന്ന ശീലക്കാരിയല്ല. പുതിയ ദൗത്യം ഏറ്റെടുത്ത ശേഷവും അവർ മുൻ നിശ്ചയപ്രകാരം അവധിക്കുപോയി. ഭർത്താവ് ഫിലിപ് മേയിക്കൊപ്പം സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളിലായിരുന്നു അവരുടെ വേനൽകാല വിശ്രമം. എല്ലാ തിരക്കുകൾക്കും അവധിനൽകി യാത്രപോയ അവർ രണ്ടാഴ്ചയ്ക്കുശേഷം ബുധനാഴ്ചയാണ് മടങ്ങിയെത്തിയത്.  

Your Rating: