Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ പരിപാലനവും ഉല്ലാസവും ലക്ഷ്യമിട്ട് വിയന്നയിൽ മലയാളികളുടെ ചായക്ലബ്

ktc-onam-04

വിയന്ന∙ മലയാളിയുടെ ജീവിത ശൈലിയോട് ഏറെ അടുത്ത ബന്ധമാണ് ചായയ്ക്ക് ഉള്ളത്. കേരളത്തിലെ പട്ടണങ്ങളിലായാലും ഗ്രാമങ്ങളില്‍ ആയാലും ചെറിയ ചായക്കടകളില്‍ സമീപവാസികള്‍ ഒരുമിച്ചു കൂടുകയും തമാശകളും നാട്ടുവിശേഷങ്ങളും ചര്‍ച്ച ചെയ്യുകയും അങ്ങാടിയില്‍ തുടങ്ങി ലോകവ്യവഹാരങ്ങള്‍ വരെ പറഞ്ഞു രസിക്കുന്ന സജീവ സദസ്സുകളാണ് ഒരു കട്ടന്‍ ചായക്ക് ചുറ്റും പലപ്പോഴും സംഭവിക്കുന്നത്.

ktc-onam-03

അത്തരത്തില്‍ വലിയ സംഘടന സംവിധാനമൊന്നുമില്ലാതെ കുറെ ചെറുപ്പക്കാരും മധ്യവയസ്‌ക്കരുമായ സുഹൃത്തുക്കള്‍, പ്രവാസ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ തിരക്കുകളിലും വ്യഗ്രതകളിൽ നിന്നു മാറി ഉല്ലസിക്കാനും അതേസമയം ആരോഗ്യപരിരക്ഷണത്തിനും കൂടി ഊന്നല്‍ നല്‍കി രൂപം കൊടുത്തതാണ് കേരള ടീ ക്‌ളബ്. ക്ലബിലെ സുഹൃത്തുക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഒരുമിച്ചു കൂടുകയും ഉല്ലസിക്കുകയും ചെയ്യാറുണ്ടെങ്കിലും ഈ വര്‍ഷം ക്‌ളബിന്റെ ആദ്യകൂട്ടായ്മയും ഓണസദ്യയും മുഴുവന്‍ കുടുംബംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ചു.

വിയന്നയിലെ സ്റ്റാഡ് ലൗ ഹാളില്‍ ചായ ക്ലബിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും ഓണപൂക്കളമൊരുക്കുകയും സദ്യ ഉണ്ണുകയും വിനോദ പരിപാടികള്‍ തത്സമയം അവതരിപ്പിക്കുകയും ചെയ്തത് ആഘോഷത്തിനേറെ അഴകേകി. പരസ്പരം അടുത്തറിയാവുന്നവര്‍ ഒരുമിച്ചു കൂടിയത് കൂട്ടായ്മയിലെ സൗഹൃദം ഏറെ ആസ്വദിക്കാനും കൂടുതല്‍ ആഴത്തില്‍ ഇടപഴകാനും ഇടയാക്കിയതായി ക്ലബിലെ മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ktc-onam-02

മാസത്തില്‍ ഒരു പ്രാവശ്യം സമ്മേളിക്കുന്ന ക്ലബ് അംഗങ്ങള്‍ യോഗയും അഭ്യസിക്കുന്നുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ലോക യോഗദിനത്തില്‍ പൊതുജനങ്ങള്‍ക്കായി ക്ലബ് യോഗ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. യുഎന്നില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ ജോര്‍ജാണ് യോഗ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നത്. അതേസമയം അംഗങ്ങളെ ഏകോപിപ്പിക്കാനും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും സാബു ചക്കാലയ്ക്കല്‍ നേതൃത്വം നല്‍കി.

ktc-onam-01

ഹംഗറിയില്‍ നിന്നുള്ള സി. മേരി കുര്യന്‍ ചക്കാലക്കുടിയില്‍ മുഖ്യാതിഥി ആയിരുന്നു. ജോഷിമോന്‍ എറണാകേരില്‍, ഘോഷ് അഞ്ചേരില്‍, സ്റ്റീഫന്‍ ചെവ്വൂക്കാരന്‍, തോമസ് പടിഞ്ഞാറേക്കാലയില്‍, ബേബി തുപ്പതി, തുടങ്ങി ക്ലബ്ബിലെ വിവിധ അംഗങ്ങള്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുകയും, വിനോദ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വിവിധ അംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന സദ്യവട്ടങ്ങള്‍ക്ക് തോമസ് കാരയ്ക്കാട്ട് നേതൃത്വം നല്‍കി. പ്രിന്‍സ് പള്ളിക്കുന്നേല്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരു വേദിയായി പരീക്ഷിച്ചുവിജയിച്ച ചില കിടിലന്‍ ആരോഗ്യ സംരക്ഷണ വിദ്യകളുമായി ക്ലബ് അംഗങ്ങള്‍ അടുത്ത മാസം വീണ്ടും സമ്മേളിക്കും.

വാർത്ത∙ജോബി ആന്റണി 
 

Your Rating: