Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടണിൽ മലയാളി ദമ്പതികളുടെ 45 ദിവസം പ്രായമുള്ള കുഞ്ഞ് മെനിഞ്ചൈറ്റിസ് മൂലം മരിച്ചു

ലണ്ടൻ∙ മലയാളി ദമ്പതികളുടെ 45 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബ്രിട്ടണിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. കേംബ്രിഡ്ജിനടുത്തുള്ള ഇപ്സ്വിച്ചിനു സമീപം ഫെലിസ്റ്റോയിൽ താമസിക്കുന്ന കോട്ടയം മറ്റക്കര സ്വദേശി കല്ലിടിയ്ക്കൽ ജയ്മോൻ-സ്മിത ദമ്പതികൾക്കു ജനിച്ച ആൽബർട്ട് എന്ന ആൺകുഞ്ഞാണ് മരിച്ചത്.

രോഗം മൂർച്ഛിച്ചതിനെത്തുർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ കുഞ്ഞ് ആഡൻബ്രൂക്സ് ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഏതാനും ദിവസം മുമ്പ് ചിക്കൻപോക്സ് രോഗം പിടിപെട്ട കുഞ്ഞിന് ഇത് കുറഞ്ഞതിനു തൊട്ടുപിന്നാലെയാണ് പെട്ടെന്ന് അണുബാധയുണ്ടായതും മെനിഞ്ചൈറ്റിസായി മാറിയതും.

കുഞ്ഞുപിറന്ന് രണ്ടായ്ഴചക്കകം പിതാവ് ജയ്മോനും മൂത്ത കുട്ടിക്കും ചിക്കൻപോക്സ് വന്നിരുന്നു. ഇതിനുശേഷമാണ് പിഞ്ചുകുഞ്ഞിനു രോഗം പിടിപെട്ടത്. ഇത് കുറഞ്ഞുവരുന്നതിനിടെയാണ് കൂടുതൽ അവശത അനുഭവപ്പെട്ടു തുടങ്ങിയതും മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതും.

രണ്ടുവർഷം മുമ്പാണ് ജയ്മോനും കുടുംബവും ബ്രിട്ടണിലെത്തിയത്. അൽഫോൻസ 6), ആൻഡ്രൂസ് (3) എന്നിവരാണ് മറ്റു മക്കൾ. മൃതദേഹം കേംബ്രിഡ്ജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വരുന്ന മൂന്നുദിവസം ബ്രിട്ടണിൽ അവധിയായതിനാൽ ചൊവാഴ്ചയെ അനന്തര നടപടികൾ പൂർത്തിയാകൂ. സംസ്കാര തിയതിയും മറ്റും പീന്നീട് തീരുമാനിക്കും.  

Your Rating: