Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവൻട്രിയിൽ ഞായറാഴ്ച ഹിന്ദു സമാജം ഓണാഘോഷം

coventry-onam

കവൻട്രി ∙ കവൻട്രി ഹിന്ദു സമാജം ആദ്യ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഈ ഓണക്കാലത്തു യുകെയിൽ ആദ്യമായി മത്സര തിരുവാതിര നടത്തുന്നു എന്നതാണ് ഈ ആഘോഷത്തിൽ ഏറെ രസം പടർത്തുന്നത്. കവൻട്രി ഗ്രൂപ്പിൽ നിന്നും രശ്മി സജിത്തും ലോങ്‌ബറോ ഗ്രൂപ്പിൽ നിന്നും ദിവ്യ സുഭാഷും നേതൃത്വം നൽകുന്ന സംഘങ്ങൾ വീറോടെ കുമ്മിയടിക്കുമ്പോൾ വടക്കേ മലബാറിന്റെ ചടുല താളവുമായി പുരുഷന്മാർ പൂരക്കളിയുടെ ആവേശം സൃഷ്ടിക്കും.

കാവി മുണ്ടും വെള്ള ബനിയനും തലയിൽ വട്ടക്കെട്ടുമായി ദേവി സ്തുതികളുമായുള്ള പൂരക്കളി ആചാര അനുഷ്ഠാനത്തോടെ നടത്തപ്പെടുന്നത് യുകെയിൽ തന്നെ ആദ്യമായിട്ടാണ്. ചെറിയ ആഘോഷവേദി ആണെങ്കിലും പരമ്പരാഗത രീതിയിൽ പൂക്കളം ഒരുക്കിയാണ് ചടങ്ങുകൾ വിഭാവനം ചെയ്തിരിക്കുന്നത്. നാക്കിലയിൽ 18 ഇനം നാടൻ കറികളും രണ്ടു തരം പായസവും ചെറുപഴവും ഒക്കെ ഉള്‍പ്പെടുത്തിയാണ് ഓണസദ്യ തയ്യാറാക്കുന്നത്. കൂടാതെ ഓരോ കുടുംബവും ഓണപ്പാട്ടുകളുമായി രംഗത്ത് വരുന്നതോടെ ഓണാഘോഷം പാട്ടിന്റെ രസമേളം കൂടിയാകും എന്ന് ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന അനിൽ പിള്ള അറിയിച്ചു.

ഒരു വർഷം പൂർത്തിയാക്കാൻ തയ്യാറെടുക്കുന്ന സമാജത്തിൽ 40 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായി വളരുകയാണ് കവൻട്രി ഹിന്ദു സമാജം. കുട്ടികൾക്കായി കണ്ണ് പൊത്തിക്കളി, തൊട്ടോട്ടം, മുതലായ പഴമയുടെ സുഖം പകരുന്ന നാടൻ കളികളും അണിയറയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ആഘോഷ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി വിവിധ കമ്മിറ്റികൾ ഊർജ്ജിതമായി പ്രവർത്തിക്കുന്നു.

തിരുവാതിര സംഘങ്ങൾ രണ്ടും വീറോടെ പരിശീലനം പൂർത്തിയാക്കുന്ന തിരക്കിലാണ്. ഇതോടെ വെറും ആസ്വാദനം എന്നതിൽ നിന്നും വ്യത്യസ്തമായി മത്സരത്തിന്റെ വീറും വീര്യവും സമ്മാനിക്കുന്ന ആഘോഷ വേദിയായി കവൻട്രി ഹിന്ദു സമാജം ഓണാഘോഷം മാറുമെന്നണ് സ്റ്റേജിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ജെസ്‌ന പ്രസൂണിന്റെ വിലയിരുത്തൽ. ഓണത്തിന്റെ മധുര സ്മരണ നിറയുന്ന കവിതയുമായി മാമ്പഴം ഫെയിം ശ്രീകാന്ത് നമ്പൂതിരി കൂടി വേദിയിൽ എത്തുന്നതോടെ മറക്കാത്ത ഓണത്തിന്റെ മധുര സ്മരണ നിറയുന്ന വേദിയായി കവൻട്രി ഹിന്ദു സമാജം ഓണാഘോഷം മാറുമെന്നുറപ്പാണ്.

പൂക്കളം മനോഹരമാക്കാൻ ദിനേശ്, മാവേലി വരവിനു മഹേഷ് കൃഷ്ണൻ, സദ്യക്കായി സുഭാഷ് നായർ, കലാവിരുന്ന് ഒരുക്കുന്നതിന് രശ്മി സജിത്ത്, ഓണക്കളികൾ അവതരിപ്പിക്കുന്നതിനു രജനി ഹരീഷ്, ഓണപ്പാട്ട് മത്സരത്തിന് ഹരീഷ് നായർ, എന്നിവർ അണിയറയിൽ പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നു ജെനറൽ കോ ഓഡിനേറ്റർ അനിൽ പിള്ള അറിയിച്ചു.
ആഘോഷ വേദിയുടെ വിലാസം - Shilton Village Hall Wood Lane SHILTON Warwickshire CV7 9JZ.

Your Rating: