Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയാൻ ജയിംസ് യുകെഐപിയുടെ പുതിയ നേതാവ്

ലണ്ടൻ∙ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ യുകെഐപിയുടെ പുതിയ നേതാവായി യൂറോപ്യൻ പാർലമെന്റ് അംഗമായ ഡയാൻ ജയിംസിനെ തിരഞ്ഞെടുത്തു. രണ്ടുമാസം നീണ്ട പ്രചാരണങ്ങൾക്കും വോട്ടെടുപ്പിനും ശേഷമാണ് യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനായത്. നേതൃസ്ഥാനത്തേക്ക് മൽസരരംഗത്തുണ്ടായിരുന്ന മറ്റ് നാലുപേരെയും ബഹുദൂരം പിന്നിലാക്കിയാണ് ഡയാൻ ജയിംസ് ബ്രിട്ടനിലെ ഏറ്റവും ശ്രദ്ധേയമായ പുതിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

കുടിയേറ്റത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിർത്തണമെന്ന് ശക്തമായി വാദിക്കുന്ന യുകെഐപി.യുടെ ‘മണ്ണിന്റെ മക്കൾ’ വാദത്തിന് ബ്രിട്ടണിലെങ്ങും വൻ സ്വീകാര്യത ലഭിക്കുന്ന കാഴ്ചയാണ് അടുത്തിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കണ്ടത്. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായ പങ്കുവഹിച്ചതും യുകെഐപിയായിരുന്നു. ബ്രെക്സിറ്റിന്റെ മുഖ്യ പ്രചാരകരിൽ പ്രമുഖനായിരുന്നു സ്ഥാനമൊഴിഞ്ഞ യുകെഐപി. നേതാവ് നൈജൽ ഫെറാജ്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തു വരണമെന്നും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്കുള്ള അനിയന്ത്രിത കുടിയേറ്റത്തിന് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണെന്നും വാദിച്ചു വളർന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് യുകെഐപി. ബ്രെക്സിറ്റിൽ ഇതിനായി ശക്തമായ പ്രചാരണം നടത്തിയ പാർട്ടി നേതാവ് നൈജൽ ഫെറാജ് ഹിതപരിശോധനാ ഫലം അനുകൂലമായതോടെ തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചതായി പ്രഖ്യാപിച്ച് പാർട്ടി നേതൃത്വം ഒഴിയുകയായിരുന്നു. ഇതെത്തുടർന്നാണ് പുതിയ നേതാവിനെ കണ്ടെത്താനായി പാർട്ടിയിൽ തിരഞ്ഞെടുപ്പു നടന്നത്.

പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 8,451 വോട്ടു നേടിയാണ് ഡയാൻ ജയിംസ് വിജയിച്ചത്. എതിർ സ്ഥാനാർഥി ലിസ ഡഫിക്ക് 4,591 വോട്ടേ ലഭിച്ചുള്ളൂ. മൽസരരംഗത്തുണ്ടായിരുന്ന മറ്റു സ്ഥാനാർഥികൾക്ക് ഡയാൻ ജയിംസിന്റെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല.

ബ്രിട്ടീഷ് ജനതയുടെ ഹിതമനുസരിച്ച് യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവരാനുള്ള തീരുമാനം എത്രയും വേഗം പ്രാബല്ല്യത്തിലാക്കണമെന്ന് പാർട്ടി നേതൃത്വം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അവർ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു. സർക്കാർ നടപടികൾക്കായി പ്രതിപക്ഷം കാത്തിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ഭരണകക്ഷിയായ ടോറികളെ തങ്ങൾക്ക് വിശ്വാസമില്ലെന്നും തുറന്നടിച്ച് അവർ പാർട്ടിയുടെ തീവ്ര നിലപാട് ഒരിക്കൽക്കൂടി ആവർത്തിച്ചു. ഹിതപരിശോധന എന്നത് വെറും 28 രാജ്യങ്ങൾക്കിടയിൽ നടന്ന ഫീറ്റ്സ് മൽസരത്തിലെ വിജയമാണെന്നും ഇതിന്റെ ഫൈനൽ കാണാനിരിക്കുന്നതേയുള്ളൂവെന്നും ബ്രെക്സിന്റെ അനന്തര നടപടികളുടെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് അവർ പറഞ്ഞു.

പാർട്ടിയുടെ എല്ലാ കാര്യങ്ങളും സ്ഥാനമൊഴിഞ്ഞ നേതാവ് നൈജൽ ഫെറാജുമായി ആലോചിച്ചാകും തീരുമാനിക്കുകയെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പാരമ്പര്യവും പാർട്ടി പ്രയോജനപ്പെടുത്തുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 12 ശതമാനത്തിലേറെ വോട്ടു നേടിയ പുതിയ പാർട്ടിയാണ് യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടി. നൈജൽ ഫെറാജിന്റെ നേതൃപാടവവും ബ്രിട്ടീഷ് വികാരം ആളിക്കത്തിക്കുന്ന പ്രസംഗവുമായിരുന്നു ഈ മുന്നേറ്റത്തിനു കാരണം. പാർലമെന്റിൽ ഒരു സീറ്റേ നേടാനായുള്ളൂ എങ്കിലും പല സീറ്റിലും ജയം നിർണയിച്ചത് യുകെഐപിയായിരുന്നു. തുടർന്ന് നടന്ന ബ്രെക്സിറ്റ് ഹിത പരിശോധനയിലും യുകെഐപിയുടെ നിലപാട് നിർണായകമായി.

56കാരിയായ ഡയാൻ ജയിംസ് പാർട്ടിയുടെ ആദ്യ വനിതാ അധ്യക്ഷയാണ്. യൂറോപ്യൻ പാർലമെന്റ് അംഗമായ അവർ പാർട്ടിയിൽ ഡെപ്യൂട്ടി ചെയർമാന്റെ പദവിയടക്കം നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചശേഷമാണ് ഇപ്പോൾ ഉന്നത നേതൃത്വത്തിലെത്തുന്നത്.

സ്ഥാനമൊഴിഞ്ഞ നേതാവ് നൈജൽ ഫെറാജും യൂറോപ്യൻ പാർലമെന്റ് അംഗമാണ്. പാർട്ടി നേതൃത്വം ഒഴിഞ്ഞെങ്കിലും യൂറോപ്യൻ പാർലമെന്റ് അംഗമായി അദ്ദേഹം തുടരും. പുതിയ നേതൃത്വത്തിന് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി ബ്രിട്ടനിൽ തുടരുമെന്നും ഒരിക്കലും രാഷ്ട്രീയ വനവാസത്തിന് ഇല്ലെന്നും പുതിയ നേതാവിനെ അഭിനന്ദിച്ചുകൊണ്ട് നൈജൽ ഫെറാജ് വ്യക്തമാക്കി. 

Your Rating: