Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരുടെ സമരം ബ്രിട്ടനിലെ ആരോഗ്യമേഖല നിശ്ചലമാക്കും

docctors

ലണ്ടൻ∙ഡിസംബറിനുള്ളിൽ ഒരാഴ്ചവീതം നീളുന്ന നാലു സമരങ്ങൾ പ്രഖ്യാപിച്ച് ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ രംഗത്തുവന്നതോടെ ആരോഗ്യമേഖലയുടെ പ്രവർത്തനം താളംതെറ്റുമെന്ന് ഉറപ്പായി. മികച്ച സേവന-വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് സമരം. ഒരു വർഷത്തിനുള്ളിൽ ആറുതവണ സൂചനാ സമരങ്ങൾ നടത്തിയിട്ടും സർക്കാർ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ദിവസങ്ങൾ നീളുന്ന സമരമുറയുമായി ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഈമാസം 12 മുതൽ 15വരെയാണ് സമരത്തിന്റെ ഒന്നാംഘട്ടം. ഇതിന്റെ തുടർച്ചയായി ഒക്ടോബർ അഞ്ചുമുതൽ 11 വരെയും നവംബർ 14 മുതൽ 18 വരെയും ഡിസംബർ അഞ്ചുമുതൽ ഒൻപതുവരെയും തുടർച്ചയായ ദിവസങ്ങളിൽ ഡോക്ടർമാർ പണിമുടക്കും.

അടുത്തയാഴ്ചയിലെ സമരം ശക്തമായി നേരിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കൂടുതൽ ശക്തമായ സമരപരിപാടികൾ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചത്. ഇന്നലെ ചേർന്ന യൂണിയൻ നേതാക്കളുടെ അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. അസോസിയേഷനും എൻഎച്ച്എസ് മാനേജ്മെന്റും തമ്മിലുള്ള ബന്ധം ഇതു കൂടുതൽ മോശമാക്കി.

ഈമാസം 12ന് ആരംഭിക്കുന്ന സമരം ദശലക്ഷക്കണക്കിനു രോഗികളെ പ്രതികൂലമായി ബാധിക്കും. സമരം നടന്നാൽ ഒരുലക്ഷം ഓപ്പറേഷനുകൾ മാറ്റിവയ്ക്കേണ്ടിവരുമെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. പത്തുലക്ഷത്തിലധികം അപ്പോയിൻമെന്റുകൾ മാറ്റിവയ്ക്കേണ്ടിവരും. ഈ അവസ്ഥ ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച പുതിയ സേവനവ്യവസ്ഥകൾ അംഗീകരിച്ച് സമരത്തിൽനിന്നും പിന്മാറണമെന്ന് അദ്ദേഹം യൂണിയനുകളോട് അഭ്യർഥിച്ചു.

എന്നാൽ നിലവിലെ കരാർ നിർദേശങ്ങൾ തികച്ചും അപര്യാപ്തമാണെന്നും മെച്ചപ്പെട്ട വ്യവസ്ഥകൾക്കായി തുടർച്ചയായ സമരങ്ങൾ നടത്താനുമാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ തീരുമാനം.

ഇതിനിടെ തുടർച്ചയായ സമരങ്ങൾക്കുള്ള അസോസിയേഷന്റെ തീരുമാനം രാഷ്ട്രീയക്കളിയാണെന്നും സമരത്തിൽനിന്നും പിന്മാറണമെന്നും പ്രധാനമന്ത്രി തെരേസ മേയ് ഡോക്ടർമാരോട് അഭ്യർഥിച്ചു. രോഗികൾക്ക് മുഖ്യ പ്രാധാന്യ നൽകിയാകണം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രവർത്തിക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. വളരെ സുരക്ഷിതമായ പാക്കേജാണ് ഡോക്ടർമാർക്കായി സർക്കാർ ഏർപ്പെടുത്തിയതെന്നും ഇതു കണക്കിലെടുത്ത് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഡോക്ടർമാർ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

സമരത്തെ സർക്കാർ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

 

Your Rating: