Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നർമം ചാലിച്ച സുവിശേഷവുമായി ‘കാപ്പിപ്പൊടിയച്ചൻ’ ലണ്ടനിൽ

ലണ്ടൻ∙ നർമത്തിന്റെ മേമ്പൊടി ചേർത്ത് നന്മയുടെ സുവിശേഷം പ്രസംഗിക്കുന്ന ‘കാപ്പിപ്പൊടിയച്ചൻ’ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ലണ്ടനിൽ വ്യത്യസ്തമായ ധ്യാനാനുഭവം ഒരുക്കുന്നു. കഴിഞ്ഞയാഴ്ച സൗത്താളിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്രോയിഡണിലും ചിരിയുടെ അകമ്പടിയിൽ ഭക്തരെ ഇരുത്തി ചിന്തിപ്പിച്ച ഫാ. പുത്തൻപുരയ്ക്കൽ ഇന്നുമുതൽ ശനിയാഴ്ച വരെ ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് പള്ളിയിലും ഞായറാഴ്ച ഐൽസ്ഫോർഡ് കാർമലൈറ്റ് തീർഥാടനകേന്ദ്രത്തിലും ചിരിയും ചിന്തയുമായെത്തും.

ഇന്നും നാളെയും വൈകിട്ട് നാലുമുതൽ ഒമ്പതുവരെയും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ഒമ്പതുവരെയുമാണ് ഈസ്റ്റ്ഹാമിലെ ധ്യാനം. ഞായറാഴ്ച ഐൽസ്ഫോർഡ് തീർഥാടനകേന്ദ്രത്തിൽ നടക്കുന്ന ധ്യാനത്തിന്റെ സമാപനത്തിനും ദിവ്യബലിക്കും തിരുവനന്തപുരം രൂപത സഹായമെത്രാൻ റവ. ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിക്കും.

ഞായറാഴ്ച രാവിലെ 11.30ന് വിശുദ്ധ കുർബാനയോടെയാണ് തീർഥാടനത്തിനു തുടക്കം കുറിക്കുക. ഉച്ചയക്ക് 2.30ന് ജപമാലപ്രദക്ഷിണം. 3.30ന് ആരാധാന, പ്രദക്ഷിണം. കേരളാ കാത്തലിക് ചാപ്ലൈനറിയാണ് പത്തുദിവസം വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ചാപ്ലൈൻ ഫാ. ജോൺസൺ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള സംഘം ധ്യാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

യു ട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രസിദ്ധമായ ജോസഫ് പുത്തൻപുരയ്ക്കലിന്റെ ധ്യാനപ്രസംഗം കേൾക്കാൻ എല്ലാ സെന്ററുകളിലും വൻ ഭക്തജനത്തിരക്കാണ്. കപ്പൂച്ചിൻ സന്യാസസഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിലെ പ്രൊവിൻഷ്യാളാണ് നർമംകലർത്തിയ സുവിശേഷഭാഷണത്തിലൂടെ ലോകപ്രശസ്തനായി മാറിയ ഫാ. പുത്തൻപുരയ്ക്കൽ. ളോഹയുടെ നിറംചേർത്ത് കാപ്പിപ്പൊടിയച്ചനെന്നു ഭക്തരും അടുപ്പക്കാരും വിളിക്കുന്ന ജോസഫ് അച്ചൻ ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ധ്യാനഗുരുക്കന്മാരിൽ ഒരാളാണ്.  

Your Rating: