Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയുക്ത മെത്രാനുമായുള്ള കൂടിക്കാഴ്ചയില്‍ ആശംസകൾ കൈമാറി ഫ്രാന്‍സിസ് മാര്‍പാപ്പ

റോം∙ പ്രസ്റ്റൺ ആസ്ഥാനമായുള്ള സിറോ മലബാര്‍ സഭയുടെ പുതിയ രൂപതയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹ വര്‍ഷം. പ്രസ്റ്റണില്‍ പുതിയ ചരിത്രം കുറിക്കുന്നതിലൂടെ യുകെയിലെ വിശ്വാസികള്‍ക്ക് ദൈവകരുണയുടെയും അനുഗ്രഹത്തിന്റെയും നാളുകളാണ്. വത്തിക്കാനിലെത്തി തന്നെ സന്ദര്‍ശിച്ച പ്രസ്റ്റണിലെ നിയുക്ത മെത്രാനുമായ മാർ ജോസഫ് സ്രാമ്പിക്കലിനെയാണ് മാര്‍പാപ്പ ആശംസകള്‍ അറിയിച്ചത്. യുകെയിൽ പുതിയ രൂപത ആരംഭിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച മാര്‍പാപ്പ പുതിയ രൂപതയ്ക്കും നിയുക്ത മെത്രാനും പ്രത്യേകം ആശീര്‍വാദം നല്‍കുകയും ചെയ്തു.

മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനും അനുഗ്രഹം വാങ്ങുന്നതിനുമായി കഴിഞ്ഞ ആറിനാണ് നിയുക്ത മെത്രാന്‍ മാർ ജോസഫ് സ്രാമ്പിക്കൽ റോമിലെത്തിയത്. സിറോ മലബാർ വിശ്വാസികളുടെ അജപാലന ദൗത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്ന മാർ സ്രാമ്പിക്കല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി റോമും വത്തിക്കാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇതിനു പുറമേ കരുണയുടെ വര്‍ഷത്തിൽ മാര്‍പാപ്പ പ്രത്യേകം നിയോഗിച്ച കരുണയുടെ പ്രേഷിതരിൽ ഒരാളെന്ന നിലയിലും വത്തിക്കാനു ചിരപരിചിതനാണ്.

വത്തിക്കാനിൽ മാര്‍പാപ്പയ്ക്കു പുറമേ പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കര്‍ദിനാൾ ലിയനാര്‍ഡോ സാന്ത്രി, സുവിശേഷവത്കരണ കാര്യാലയത്തിന്റെ പ്രിഫെക്ട് ഫെര്‍ണാണ്ടോ ഫിലോണി തുടങ്ങിയ ഉന്നതാധികാരികളുമായും മാർ ജോസഫ് സ്രാമ്പിക്കൽ ചര്‍ച്ച നടത്തി.

സഭക്ക് ഗ്രേറ്റ് ബ്രിട്ടൻ ആസ്ഥാനമായി പുതിയ രൂപത വരുമ്പോൾ നിയുക്ത മെത്രാനായ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനലബ്ധി മലയാളികള്‍ക്ക്, പ്രത്യേകിച്ച് നിയുക്ത മെത്രാന്റെ മാതൃരൂപതയായ പാല രൂപതയ്ക്ക് ഏറെ അഭിമാനമാണ് പകരുന്നത്. 2000 ഓഗസ്റ്റ് പന്ത്രണ്ടിന് മാര്‍ജോസഫ് പള്ളിക്കാപറമ്പിൽ പിതാവില്‍നിന്ന് കൈവെയ്പ്പു സ്വീകരിച്ചു വൈദികനായ ഇദ്ദേഹം പ്രെസ്റ്റൻ രൂപതയുടെ നിയുക്ത മെത്രാനായി ഉയര്‍ത്തപ്പെടുമ്പോൾ റോമിലെ പ്രസ്തമായ കോളേജിയോ ഉര്‍ബാനയുടെ വൈസ് റെക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

17നു റോമിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തുന്ന മാർ സ്രാമ്പിക്കലിന് ഊഷ്മള സ്വീകരണം നല്‍കും. പ്രസ്റ്റൺ രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥ വിശുദ്ധ അല്‍ഫോന്‍സാമ്മയാണ്. ഒക്ടോബർ ഒന്‍പതിന് പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കെടുക്കും. പാലായില്‍നിന്നും നിയുക്ത മെത്രാന്റെ കുടുംബാങ്ങളും സുഹൃത്തുക്കളും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ 

Your Rating: