Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വതന്ത്ര സ്കോട്ട്ലൻഡിനായി വീണ്ടും ഹിതപരിശോധനാ നീക്കം  

ലണ്ടൻ∙ െബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ വീണ്ടും സ്വതന്ത്ര സ്കോട്ട്ലൻഡിനായി ഹിതപരിശോധനാ നീക്കം. ഇതിനായുള്ള കൂടിയാലോചനകൾ ആരംഭിച്ചതായി സ്കോട്ടീഷ് നാഷണൽ പാർട്ടി (എസ്എൻപി) നേതാവും സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കൊളാസ് സ്റ്റർജൻ സ്ഥിരീകരിച്ചു. എസ്എൻപിയുടെ ഗ്ലാസ്കോ സമ്മേളനത്തിലാണ് സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള പുതിയ ഹിതപരിശോധനാ ബില്ല് അടുത്തയാഴ്ച ചർച്ചകൾക്കായി പ്രസിദ്ധപ്പെടുത്തുമെന്ന് അവർ വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ച സാഹചര്യത്തിൽ സ്കോടലൻഡിനെ സ്വതന്ത്ര രാഷ്ട്രമാക്കി, യൂറോപ്യൻ യൂണിയന്റെ ഭാഗമാക്കാനാണ് എസ്എൻപി ആഗ്രഹിക്കുന്നത്. ബ്രെക്സിറ്റിൽ സ്കോട്ട്ലൻഡിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടാത്ത സാഹചര്യത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് നിക്കൊളാസ് സ്റ്റർജന്റെ വാദം.

2014ലായിരുന്നു സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള ഹിതപരിശോധന നടന്നത്. ഇതിൽ 55 ശതമാനം പേരും സ്കോട്ട്ലൻഡ് ബ്രിട്ടന്റെ ഭാഗമായി തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. പിന്നീട് നടന്ന ബ്രക്സിറ്റ് ഹിതപരിശോധനയിൽ സ്കോട്ടീഷ് ജനതയുടെ താൽപര്യം സംരക്ഷിക്കപ്പെട്ടില്ല. രാജ്യത്തൊട്ടാകെ 52 ശതമാനം വോട്ടർമാർ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടണമെന്ന് വിധിയെഴുതയപ്പോൾ സ്കോട്ടീഷ് ജനതയുടെ ആവശ്യം യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു. 62 ശതമാനം സ്കോട്ട്ലൻഡുകാരാണ്  യൂണിയനിൽ തുടരാനായി വോട്ടുചെയ്തത്. 38 ശതമാനം എതിർത്തും വോട്ടുചെയ്തു.
സ്കോട്ടീഷ് ജനതയുടെ അഭിപ്രായം കണക്കിലെടുക്കാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്ന സാഹചര്യത്തിൽ തങ്ങൾക്ക് യൂറോപ്യൻ യൂണിയന്റെ ഭാഗമായി തുടരാൻ അനുമതി വേണമെന്നതാണ് എസ്.എൻ.പി.യുടെ ഹിതപരിശോധനാ നീക്കത്തിന് ബലം നൽകുന്നത്.

രണ്ടാം ഹിതപരിശോധനയ്ക്കായി എസ്എൻപി മുറവിളി കൂട്ടുമ്പോഴും ഇതിനോടു മറ്റു രാഷ്ട്രീയ പാർട്ടികൾ മുഖതിരിച്ചു നിൽക്കുകയാണ്. നിലവിലുള്ള നിയമപ്രകാരം ഈ തലമുറയ്ക്കായി ഇക്കാര്യത്തിൽ മറ്റൊരു ഹിതപരിശോധനയ്ക്ക് നിയമസാധുതയുമില്ല. എങ്കിലും പ്രാദേശിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടത്തിനുള്ള പുറപ്പാടിലാണ് എസ്.എൻ.പി.
ബ്രക്സിറ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുടെ പുതിയ പ്രഖ്യാപനം.
  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.