Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമ്മൻടൗൺ പള്ളിയിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാളും, കരുണാവർഷ തീർത്ഥാടനവും

german-town

ഫിലഡൽഫിയ∙ആഗോളസഭ 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെ ദൈവികകരുണയുടെ പ്രത്യേക ജൂബിലിവർഷമായി ആചരിക്കുന്ന പശ്ച്ചാത്തലത്തിൽ ഫിലാഡൽഫിയാ സിറോമലബർ ഫൊറോനാപള്ളിയിൽ നിന്നും ദണ്ഡവിമോചന പ്രാപ്തിക്കുതകുന്ന കരുണയുടെ പ്രാത്യേക കവാടം സ്ഥിതിചെയ്യുന്ന ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രത്തിലേക്ക് മരിയഭക്തർ തീർത്ഥാടനം നടത്തുന്നു.

2016 സെപ്റ്റംബർ 3 ശനിയാഴ്ച്ചയാണു ജർമ്മൻടൗണിനു തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിലേക്ക് (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തീർത്ഥാടനവും വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളും ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലഡൽഫിയ സിറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നൽകുന്നത്.

തുടർച്ചയായി ഇതു അഞ്ചാംവർഷമാണു മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിമുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും തീർത്ഥാടനകേന്ദ്രം ഡയറക്ടർ റവ. കാൾ പീബറും സീറോമലബാർ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയും സ്നേഹപൂർവം ക്ഷണിക്കുന്നു.

german-3

കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health)
തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണു ഫിലഡൽഫിയാ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ, അന്നത്തെ ഫിലഡൽഫിയാ സിറോ മലബാർപള്ളി വികാരിയായിരുന്ന റവ. ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാർമ്മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി. കുർബാനയിലും, നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുക്കാറുണ്ട്. മുൻ വർഷങ്ങളിലെ തിരുനാളുകൾക്ക് ഭാരതക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും കൂടാതെ ഹിന്ദുക്കൾ ഉൾപ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിനു ആൾക്കാർ പങ്കെടുത്തിരുന്നു.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട ുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന എന്നിവയാണു തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ. ഷിക്കാഗൊ സെ. തോമസ് സിറോമലബാർ രൂപതാ സഹായ മെത്രാൻ ജോയി ആലപ്പാട്ടു പിതാവാണു ഈ വർഷത്തെ മുഖ്യകാർമ്മികൻ. റവ. കാൾ പീബർ, സിറോമലബാർ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, റവ. ഫാ. ഷാജി സിൽവ, റവ. ഫാ. സജി മുക്കൂട്ട് എന്നിവർ സഹകാർമ്മികരാവും.

german-2

സിറോമലബാർ ഇടവകയിലെ സെ. മേരീസ് വാർഡു കൂട്ടായ്മയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്നുചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്കു സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ ആഗസ്റ്റ് 28 ഞായറാഴ്ച്ച തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും, ദിവ്യബലിയിൽ പങ്കെടുത്ത് മരിയഭക്തരെ തിരുനാളിലേക്ക് ക്ഷണിക്കുന്നതിനുമായി സിറോമലബാർ പള്ളിയിൽ സന്നിഹിതനായിരിക്കും.

സിറോമലബാർ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ സെ. മേരീസ് വാർഡ് പ്രസിഡന്റ് ബിനു പോൾ, തിരുനാൾ കോർഡിനേറ്റർ ജോസ് തോമസ്, എന്നിവരും വാർഡു കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. പെരുന്നാളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി സിറോമലബാർ പള്ളിയിൽ നിന്നും അന്നേദിവസം മൂന്നുമണിക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി 916 803 5307,
റവ. ഫാ. കാൾ പീബർ 215 848 1010, ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, ടോം പാറ്റാനി, ബിനു പോൾ, ജോസ് തോമസ്.

വാർത്ത∙ ജോസ് മാളേയ്ക്കൽ 

Your Rating: