Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭ ഫലം കാണുന്നത് ; മാർ ആലഞ്ചേരിയുടെ നേതൃപാടവ മികവ്

great-britain-syro-malabar-church-support

ലണ്ടൻ∙ 1. 27 മില്യൻ വിശ്വാസികളുളള കത്തോലിക്ക സഭയിൽ അംഗ സംഖ്യയിൽ 4.6 മില്യൻ വിശ്വാസികളുമായി മൂന്നാം സ്ഥാനത്താണ് സിറോ മലബാർ സഭയുടെ സ്ഥാനം. ഓരോ വിശ്വാസവും വ്യത്യസ്ത ആരാധനാ പാരമ്പര്യങ്ങളുമായി 23 സ്വയാധികാര വ്യക്തി സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ തിരുസഭ. ഏറ്റവും വലിയ അംഗബലമുളള ലാറ്റിൻ കത്തോലിക്ക റീത്ത് കഴിഞ്ഞാൽ 5,300,000 അംഗങ്ങളുളള ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയാണ് വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാമത്. 46 ലക്ഷത്തിലധികമുളള സീറോ മലബാർ സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നിസ്തൂലമായ നേതൃത്വത്തിന്റെയും അദ്ദേഹത്തിന്റെ സഹമെത്രാന്മാരുടെയും വൈദികരുടെയും അൽമായ വിശ്വാസികളുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ബ്രിട്ടനിലെ പുതിയ സിറോ മലബാർ രൂപത ജന്മമെടുക്കുന്നത്.

great-britain-syro-malabar-church-support02

തന്റെ മുൻഗാമികളെപ്പോലെ തന്നെ റോമുമായും മാർപാപ്പയുമായുളള ആഴമായ ബന്ധവും മറ്റ് സഭകളോടും സൂക്ഷിക്കുന്ന സമാധാനപരമായ കൂട്ടായ്മയും സിറോ മലബാർ സഭയുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലെ നിതാന്തജാഗ്രതയും സമർത്ഥമായ നേതൃത്വത്തിനു മാർ ആലഞ്ചേരിയെ പ്രാപ്തനാക്കുന്നു. സിറോ മലബാർ സഭയിൽ നിന്നു പ്രവാസികളായി കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും താമസിക്കുന്നവരെ സന്ദർശിച്ച് ആവശ്യമായ അജപാലന സൗകര്യങ്ങൾ ക്രമപ്പെടുത്തുവാൻ ഈ ‘വലിയ പിതാവ്’ ദീർഘവീക്ഷണത്തോടു കൂടി നടത്തുന്നു. പ്രവർത്തനങ്ങളുടെ വിജയമാണ് അമേരിക്കയിലും മെൽബണിലും കാനഡയിലും ഇപ്പോൾ ബ്രിട്ടനിലും പുതിയ രൂപതകളുടെ സ്ഥാപനത്തിൽ തെളിഞ്ഞുകാണുന്നത്.

പൗരസ്ത്യ സഭാ പാരമ്പര്യത്തിൽപ്പെട്ട മറ്റ് സഹോദരസഭകളുമായും സിറോ മലബാർ സഭ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രത്യേക ക്ഷണപ്രകാരം സിറോ മലബാർ സഭയുടെ സഭാ വിജ്ഞാനീയം കരുണയുടെ വർഷത്തിന്റെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തെ അധികരിച്ച് ഉക്രേനിയൻ സഭാ സിനഡിൽ അറിയപ്പെടുന്ന ദൈവ ശാസ്ത്രപണ്ഡിതനും പാലാ രൂപതാ മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രബന്ധമവതരിപ്പിച്ചിരുന്നു.

ഇംഗ്ലണ്ട്, സ്കോട്ട്ലന്റ്, വെയിൽസ് എന്നിവടങ്ങളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവാസി കാര്യ കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടംക്കൽ പിതാവിന്റെയും നാഷണൽ കോ ഓർഡിനേറ്റർ റവ. ഫാ. തോമസ് പാറയടിയുടെയും അനേകം വൈദികരുടെയും നേതൃത്വത്തിൽ നടന്ന അജപാലന പ്രവർത്തനങ്ങൾക്ക് ആഗോള സഭയുടെ അംഗീകാരമായി പുതിയ രൂപത അനുവദിക്കപ്പെട്ടിരിക്കുന്നത്.

great-britain-syro-malabar-church-support03

ഒക്ടോബർ 9 ന് പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന മെത്രാഭിഷേക തിരുക്കർമ്മങ്ങളിലും രൂപതാ ഉദ്ഘാടനത്തിലും പങ്കെടുക്കാൻ പ്രാർഥനാ പൂർണ്ണമായ ഒരുക്കങ്ങൾ എല്ലാം വി. കുർബാന കേന്ദ്രങ്ങളിലും വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

വാർത്ത ∙ ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്
 

Your Rating: