Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഉദ്ഘാടനത്തിനുള്ള പ്രഥമ ഔദ്യോഗിക യോഗം പ്രസ്റ്റണിൽ ചേർന്നു

great-britain-syro-malabar

ലണ്ടൻ∙ സിറോ മലബാർ സഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം അത്യധികം ആഹ്ലാദത്തിന്റേയും സന്തോഷത്തിന്റേയും ദിനങ്ങളാണ് ഇപ്പോൾ. കരുണയുടെ ഈ അസാധാരണ വർഷം ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾക്കായി ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമാണ് പ്രസ്റ്റൺ ആസ്ഥാനമായി ലഭിച്ച പുതിയ രൂപതയും ഇടയനും. പുതിയ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാനായ മോൺസിഞ്ഞോർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഈ വരുന്ന ഒക്ടോബർ 9ന് ഉച്ചകഴിഞ്ഞ് നടത്തപ്പെടുമ്പോൾ സിറോ മലബാർ വിശ്വാസികളുടെ ഏറേ നാളത്തെ പരിശ്രമവും പ്രാർഥനയും ഫലമണിയുകയാണ്.

ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് സിറോ മലബാർ വിശ്വാസികൾ ഈ പ്രഖ്യാപനം ഏറ്റുവാങ്ങിയത്. അതിനാൽ തന്നെ എത്രയും ഭംഗിയായി ഉദ്ഘാടന ചടങ്ങുകളും മെത്രാഭിഷേകവും സ്ഥാനാരോഹണവും നടത്തണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. ഇതിനായി ഗ്രേറ്റ് ബ്രിട്ടനിലെ സ‌ിറോ മലബാർ ചാപ്ലയൻസികളിൽ നിന്നുള്ള പ്രതിനിധികളും നാഷണൽ കൗൺസിൽ പ്രതിനിധികളും അല്മായ പ്രതിനിധികളും അനേകം വൈദികരും ഇന്നലെ ഓഗസ്റ്റ് 16നു പ്രസ്റ്റണിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഔദ്യോഗികമായി യോഗം ചേർന്നു.

മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽ കൺവീനറായ തോമസ് പാറയടിയിലച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് കൺവീനറും സെന്റ് അൽഫോൻസാ പള്ളിവികാരിയുമായ മാത്യു ചൂരപൊയ്കയിലച്ചൻ ഏവർക്കും ഹൃദ്യമായ സ്വാഗതമോതി. ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾക്കായ് രൂപതയനുവദിച്ച് തന്ന പരിശുദ്ധ ഫ്രാൻസിസ് പാപ്പായ്ക്കും ഓറിയന്റൽ കോൺഗ്രിഗേഷനും, ഇതിനായ് അക്ഷീണം പ്രയത്നിച്ച കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിനും മൈഗ്രന്റ്സ് കമ്മീഷനും ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ മാർ മൈക്കിൾ കാംപെല്ലിനും ഇംഗ്ലണ്ട് വെയിലിസിലേയും സ്കോട്‍ലാൻഡിലേയും മെത്രാൻ സംഘത്തിനും, നാഷണൽ കോർഡിനേഷൻ കമ്മിറ്റിക്കും വന്ദ്യ വൈദികർക്കും, ശുശ്രൂഷകർക്കും അൽമായർക്കും നന്ദി അറിയിക്കുന്നതായി നാഷണൽ കോർഡിനേറ്റർ റവ.ഡോ. തോമസ് പാറയടിയിൽ അറിയിച്ചു.

നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ മെത്രനായ് അഭിഷേകം ചെയ്യപ്പെട്ട് മെത്രാനായി വാഴിക്കപ്പെടുന്നത് കാണുവാനും ചടങ്ങിൽ പങ്കെടുക്കുവാനും അനേകായിരങ്ങൾ വന്നെത്തുമെന്നതിനാൽ, വിപുലമായ സൗകര്യങ്ങൾ ഒരുക്കുവാൻ 15-ൽപ്പരം കമ്മിറ്റികൾ രൂപീകരിച്ചു. ഈ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ഒരുക്കങ്ങൾ തുടങ്ങുവാൻ യോഗം തീരുമാനിച്ചു. ഒക്ടോബർ 9ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ 24,000 ത്തോളം പേരെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന വിധത്തിലുള്ള സ്ഥലത്ത് ഒരുക്കുവാനാണ് തീരുമാനം. കൂടുതൽ ആളുകളെ ചേർത്തുകൊണ്ട് കമ്മിറ്റികൾ വിപുലീകരിക്കുവാനും യോഗം തീരുമാനിച്ചു.

ഒരുപാട് പേരുടെ കൂട്ടായ പ്രവർത്തനമാണ് ഇത്തരം ഒരു സംവിധാനം ഉണ്ടാകുവാനുള്ള കാരണം. വളരെ നാളുകളായി സിറോ മലബാർ സഭയുടെ ഒരു രൂപതയ്ക്കായി അക്ഷീണം പ്രവർത്തിച്ച ഒരാളാണ് സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ്. പിതാവിന്റെ ശ്രമകരമായ അധ്വാനത്തിന്റേയും സമയോചിതമായ ഇടപെടലുകളുടേയും ഫലമായിട്ടാണ് ഒരു പുതിയ രൂപത അനുവദിച്ച് കിട്ടിയത്. സിറോ മലബാർ സഭയുടെ പ്രവാസികാര്യ കമ്മീഷന്റേയും പിതാക്കന്മാരുടേയും ആദ്യകാലം മുതൽ പ്രവർത്തിച്ച വൈദികരുടേയും അൽമായരുടേയും പിന്തുണയും, ശ്രമങ്ങളും ഇതിനു വളരെയധികം സഹായകമായി തീർന്നു.
പുതിയ രൂപതയ്ക്കും നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനും വേണ്ടി പ്രാർത്ഥിക്കുവാൻ മാത്യു ചൂരപൊയ്കയിലച്ചൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

വരും ദിവസങ്ങളിൽ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമാക്കും. യോഗത്തിന്റെ സെക്രട്ടറി ജിനോ അരീക്കാട്ടച്ചൻ നന്ദി പ്രകാശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിച്ച യോഗം വൈകുന്നേരം 5:30 ന് പ്രാർത്ഥനയോടെ സമാപിച്ചു. 

വാർത്ത∙ജോയ്സ്

Your Rating: