Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൽപ്സിനു പിന്നാലെ ബ്രിട്ടനിലും യാത്രികർ കേബിൾ കാറിൽ കുടുങ്ങി,‘ഐ360’ യിൽ കുടുങ്ങിയത് 200 പേർ

i360

ലണ്ടൻ∙ ആൽപ്സ് പർവതനിരകളെ ബന്ധിപ്പിച്ചുള്ള കേബിൾ കാറിൽ കഴിഞ്ഞദിവസമുണ്ടായ അപകടത്തിനു സമാനമായ സംഭവം ഇന്നലെ ബ്രിട്ടനിലെ ബ്രൈറ്റൺ ബീച്ചിനു സമീപത്തെ ‘’ഐ360’’ ടവറിലും ആവർത്തിച്ചു. ‘ബ്രൈറ്റൺ ടവർ’ എന്നറിയപ്പെടുന്ന 162 മീറ്റർ (531 അടി) . വെർട്ടിക്കൽ കേബിൾ കാറിൽ ഇരുന്നൂറോളം യാത്രികരാണ് ഞായറാഴ്ച മണിക്കൂറുകൾ കുടുങ്ങിപ്പോയത്. സാങ്കേതിക തകരാറായിരുന്നു സാഹസികമായ ആകാശയാത്ര ഇടയ്ക്കു നിലയ്ക്കാൻ കാരണം. ഫയർഫോഴ്സും പോലീസും ഏറെ പണിപ്പെട്ട് യാത്രക്കാരെ അപകടം കൂടാതെ രക്ഷിച്ചെങ്കിലും ആകാശത്തു കുടുങ്ങിയ യാത്രികർക്ക് ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമയായി. ഓരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഐ360 ടവറിന്റെ പ്രവർത്തനം സാങ്കേതിക പ്രശ്നങ്ങൾ മൂലം തകരാറിലാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. തുടർച്ചയായ രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ടവറിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചരിക്കുകയാണ്.

കഴിഞ്ഞദിവസം ആൽപ്സിലെ മഞ്ഞുപാളികൾ മൂടിയ മോബ്ലോ പർവതമുകളിലൂടെയുള്ള പതിനായിരം അടി ഉയരത്തിലെ റോപ് വേയിൽ നൂറിലേറെ യാത്രികർ ഒരു രാത്രി മുഴുവൻ കുടുങ്ങിപ്പോയത് യൂറോപ്പിനെയാകെ ആശങ്കയുടെ മുൾമുനയിൽ ആക്കിയിരുന്നു. ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള വ്യേമസേനാംഗങ്ങൾ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ മണിക്കൂറുകൾ പണിപ്പെട്ടാണ് ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് ബ്രിട്ടനിലും ഇന്നലെ ഏറെക്കുറെ സമാനമായ സംഭവം അരങ്ങേറിയത്.

രണ്ടു മണിക്കൂറിലേറെയാണ് ഇരുന്നൂറിലേറെ യാത്രക്കാർ ഇന്നലെ ബ്രൈറ്റണിൽ ആകാശത്ത് കുടുങ്ങിയത്. ഇതിൽ ഗർഭിണിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

ബ്രിട്ടീഷ് എയർവേസിന്റെ ഉടമസ്ഥതയിലുള്ളതാണ് 531 അടി ഉയരത്തിൽ നിന്ന് 360 ഡിഗ്രിയിൽ ബ്രൈറ്റൺ നഗരത്തിന്റെയും ബീച്ചിന്റെയും ഭംഗി കറങ്ങി കണ്ട് ആസ്വദിക്കാവുന്ന ഈ വാച്ച് ടവർ. ലണ്ടൻ നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായ ലണ്ടൻ ഐയുടെ ശില്പികളാണ് ബ്രൈറ്റൺ ടവറിന്റെയും നിർമാണത്തിനു പിന്നിൽ. 46.2 മില്യൺ പൌണ്ട് ചെലവിട്ട് രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയ ടവർ ഓഗസ്റ്റ് നാലിനാണ് പ്രവർത്തനം ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ രണ്ടുതവണ സാങ്കേതിക തകരാറിലായ ടവറിന് ഇതിനകം അപകീർത്തി ആയിക്കഴിഞ്ഞു.

ലോകത്തിലെ ആദ്യത്തെ വെർട്ടിക്കൽ കേബിൾകാർ എന്ന ഖ്യാതിയോടെ പ്രവർത്തനം ആരംഭിച്ച ടവർ ഏറ്റവും വണ്ണം കുറഞ്ഞ വലിയ ടവറെന്ന പേരിൽ 2017ലെ ഗിന്നസ് ബുക്കിലും ഇടം നേടും. 

Your Rating: