Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടണിൽ അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച് അറസ്റ്റിലായവർ 27,000

ലണ്ടൻ∙ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച് അറസ്റ്റിലായ വിദേശികളുടെ എണ്ണം 27,000 കഴിഞ്ഞു. അനധികൃത കുടിയേറ്റം തടയാൻ സർക്കാർ അനുദിനം ശക്തമായ നടപടികൾ കൈക്കൊള്ളുമ്പോഴും വർഷംതോറും ഇക്കാര്യത്തിൽ 25 ശതമാനം വർധനയാണുണ്ടാകുന്നത്. അവിശ്വസനീയമായ മാർഗങ്ങളിലൂടെയാണ് യുകെയിലേക്ക് കുടിയേറാൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്.

രാത്രികാലങ്ങളിൽ ഫെറികളിൽ നീന്തിക്കയറിയും മോട്ടോർവേകളിൽ ഒളിച്ചിരുന്ന് ട്രക്കുകളിൽ കയറിപ്പറ്റിയും വലിയ ലോറികളുടെ അടിയിൽ അള്ളിപ്പിടിച്ചിരുന്നുമൊക്കെയാണ് പലരും അതിർത്തികടക്കുന്നത്. ഇതിനിടെ അപകടത്തിൽപ്പെട്ടു മരിക്കുന്നവരും ഗുരുതരമായി പരുക്കേൽക്കുന്നവരും നിരവധിയാണ്.

അനിയന്ത്രിതമായ ഈ നുഴഞ്ഞുകയറ്റം തടയാൻ കൂടുതൽ ശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ് ബ്രിട്ടണിലെ ആഭ്യന്തരമന്ത്രാലയം. 2013ൽ 7913 പേരാണ് അനധികൃതമായി അതിർത്തികടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായത്. കഴിഞ്ഞവർഷം ഇത്തരക്കാരുടെ എണ്ണം 9,600 ആയി. മൂന്നുവർഷത്തിനിടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 27,800 ആണ്.

ഇതുകൂടാതെ ഫ്രാൻസ്, ബൽജിയം, നെതർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിലൂടെ ബ്രിട്ടണിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അവിടങ്ങളിൽ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷത്തോളമാണ്. സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും യൂറോപ്പിലെത്തിയിട്ടുള്ള അഭയാർഥികളാണ് ഇവരിലേറെയും.

ഫ്രാൻസിന്റെ അതിർത്തി തുറമുഖമായ കാലൈയിൽ മാത്രം തമ്പടിച്ചിരിക്കുന്നത് അറുപതിനായിരത്തോളം അഭയാർഥികളാണ്. ഇവരുടെയെല്ലാം മുഖ്യലക്ഷ്യം ബ്രിട്ടനാണ്. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാൻ തീരുമാനിച്ചതോടെ ലക്ഷ്യം എളുപ്പമല്ലാതായി. ഈ സാഹചര്യത്തിലാണ് അനധികൃത മാർഗത്തിലൂടെയുള്ള നുഴഞ്ഞുകയറ്റം വർധിക്കുന്നത്.  

Your Rating: